കുട്ടനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യധാന്യം നേരിട്ടെത്തിക്കാന്‍ നടപടി; പ്രത്യേക ബോട്ട് ഏർപ്പെടുത്തിയതായി കളക്ടർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുട്ടനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യധാന്യം നേരിട്ടെത്തിക്കാന്‍ നടപടി; പ്രത്യേക ബോട്ട് ഏർപ്പെടുത്തിയതായി കളക്ടർ

വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുട്ടനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യധാന്യം നേരിട്ടെത്തിക്കാന്‍ നടപടി. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാളിയതു സംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച കൈനകരി പഞ്ചായത്തില്‍ ഭക്ഷ്യധാന്യമെത്തിക്കാനായി പ്രത്യേക ബോട്ട് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

15 വര്‍ഡുകളുളള പഞ്ചായത്തിലെ ആയിരക്കണക്കിന് പ്രളയ ബാധിതര്‍ക്ക് ഭക്ഷ്യധാന്യമെത്തിക്കാന്‍ ആകെയുളളത് ഒരേയൊരു ഭക്ഷ്യ വിതരണ കേന്ദ്രം മാത്രം. കൈനകരി സെന്‍റ് മേരീസ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിലാകട്ടെ രണ്ട് ദിവസം മുന്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ധാന്യം നല്‍കുന്നുമുളളൂ. 

ഒരു സ്വകാര്യ ചാനലിലൂടെ ഈ സ്ഥിതി പുറം ലോകമറിഞ്ഞതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. നാളെ രാവിലെ മുതല്‍ ഭക്ഷ്യധാന്യം അടങ്ങിയ ബോട്ട് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യധാന്യം എത്തിക്കും. മറ്റ് പഞ്ചായത്തുകളിലും ഭക്ഷ്യ ധാന്യത്തിന് ക്ഷാമം നേരിടുന്നവര്‍ക്ക് സഹായമെത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 

ഒറ്റപ്പെട്ട പല കേന്ദ്രങ്ങളിലും കുടിവെളളവും  ഭക്ഷ്യധാന്യവും കിട്ടാക്കിനിയാണ്. അതിനിടെ, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ കുട്ടനാട്ടെ പ്രളയ ബാധിത മേഖലകളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കുട്ടനാട് താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെളളക്കെട്ട് തുടരുകയാണ്.മൊബൈല്‍ മെഡിക്കല്‍ മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.