അശോക് ലെയ്‌ലാൻഡ് ദോസ്ത് പുതിയ രൂപത്തിൽ റോഡിലിറങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അശോക് ലെയ്‌ലാൻഡ് ദോസ്ത് പുതിയ രൂപത്തിൽ റോഡിലിറങ്ങി 

അശോക് ലേയ്‌ലൻഡിന്‍റെ ലഘുവാണിജ്യവാഹനം ദോസ്തിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. രണ്ടു മുതൽ മൂന്നര ടൺ വരെ ഭാരം കയറ്റാവുന്ന എൽ സി വിക്കു ‘ദോസ്ത് പ്ലസ്’ എന്നാണു പേര്. ഒപ്പം വിദേശ വിപണികൾ ലക്ഷ്യമിട്ട് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള എൽ സി വി ജനുവരിയിൽ അവതരിപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നതായി അശോക് ലേയ്‌ലൻഡ് പ്രസിഡന്റ്(ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസ്) നിതിൻ സേഥ് അറിയിച്ചു.


എൽ സി വികളിലൂടെ വിപണി വിഹിതം ഉയർത്താനും സാന്നിധ്യം ശക്തമാക്കാനുമാണു കമ്പനി തയാറെടുക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഓരോ നാല് — അഞ്ച് മാസത്തിനിടയിലും പുതിയ മോഡൽ അവതരണങ്ങൾക്കു കമ്പനി ഒരുങ്ങുന്നതെന്നും  നിതിൻ സേഥ് വ്യക്തമാക്കി. കയറ്റുമതിയിൽ നിന്നുള്ള വിഹിതം മൊത്തം വിൽപ്പനയുടെ അഞ്ചു ശതമാനത്തിൽ നിന്ന് 20% ആയി ഉയർത്താനാണ് അശോക് ലേയ്‌ലൻഡ് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 80% രാജ്യങ്ങളും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് രീതി പിന്തുടരുന്നതിനാൽ ജനുവരിയിൽ പുറത്തെത്തുന്ന പുതിയ മോഡൽ സുപ്രധാനമാണെന്നും സേഥ് പറഞ്ഞു.


ദോസ്തിനൊപ്പം ദോസ്ത് പ്ലസ് കൂടി ചേരുന്നതോടെ എൽ സി വി വിപണി വികസിപ്പിക്കാൻ അശോക് ലേയ്‌ലൻഡിനു കഴിയുമെന്ന് സേഥ് അവകാശപ്പെട്ടു. ഇത്തരത്തിലുള്ള നാലര ലക്ഷത്തോളം എൽ സി വികളായിരുന്നു കഴിഞ്ഞ വർഷം രാജ്യത്തെ വിൽപ്പന. ആറു വർഷം മുമ്പു നിരത്തിലെത്തിയ ദോസ്തിന്റെ ഇതുവരെയുള്ള ആകെ വിൽപ്പന 1.70 ലക്ഷത്തോളം യൂണിറ്റാണ്. ഈ ബ്രാൻഡ് വിജയമാണെന്നും കമ്പനി വിലയിരുത്തുന്നു. മൂന്നു വകഭേദങ്ങളിൽ വിപണിയിലുള്ള ദോസ്തിന്റെ മുന്തിയ പതിപ്പിൽ എ സി കാബിൻ, പവർ സ്റ്റീയറിങ് തുടങ്ങിയവയൊക്കെ ലഭ്യമാണ്.


LATEST NEWS