ആർസി ബുക്കും നമ്പറുമില്ലാതെ റോഡിലിറങ്ങി; 1.82 കോടി രൂപ വിലയുള്ള കാറിന് 9.80 ലക്ഷം രൂപ പിഴ നൽകി അഹമ്മദാബാദ് പൊലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആർസി ബുക്കും നമ്പറുമില്ലാതെ റോഡിലിറങ്ങി; 1.82 കോടി രൂപ വിലയുള്ള കാറിന് 9.80 ലക്ഷം രൂപ പിഴ നൽകി അഹമ്മദാബാദ് പൊലീസ്

ആർസി ബുക്കും ടാക്സ് അടച്ച രേഖകളും നമ്പറുമില്ലാതെ റോഡിലിറങ്ങിയ പോർഷെ 911ന് 9.80 ലക്ഷം രൂപ പിഴ നൽകി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത പോർഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകൾ പൊലീസ് ഹാജരാക്കാൻ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടർന്നാണ് ടാക്സ് അടക്കം പിഴയായി നൽകാൻ പൊലീസ് ആവശ്യപ്പെട്ടത്. ജർമൻ വാഹന നിർമാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡൽ.

രേഖകള്‍ ഹാജരാക്കാത്തതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയും ചെയ്തെന്നും പിഴ നൽകിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂവെന്നുമാണ് അഹമ്മദാബാദ് പൊലീസ് മേധാവി തേജസ് പട്ടേൽ അറിയിച്ചത്. പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. 3.0 ലീറ്റർ പെട്രോൾ എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 444 ബിഎച്ച്പി കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.7 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.