അപ്രീലിയ സ്റ്റോം 125 വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്രീലിയ സ്റ്റോം 125 വിപണിയിലേക്ക്
അപ്രീലിയ പുതിയ സ്റ്റോം 125 സ്‌കൂട്ടറിനെ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ 125 സ്‌കൂട്ടറിനെ പ്രദര്‍ശിപ്പിച്ചത്. സ്‌റ്റോം 125 -ന് ഒപ്പം അപ്രീലിയ കാഴ്ചവെച്ച SR125 സ്‌കൂട്ടര്‍ രാജ്യത്തു തൊട്ടുപിന്നാലെ വില്‍പനയ്‌ക്കെത്തി. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന് വില.
യഥാര്‍ത്ഥത്തില്‍ സ്‌റ്റോം 125 -നെ കാത്താണ് വിപണിയിരിക്കുന്നത്. SR 125 -നെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റൈലന്‍ സ്‌കൂട്ടറാണ് അപ്രീലിയ സ്റ്റോം 125. പുതിയ അപ്രീലിയ സ്റ്റോം 125 ഈ വര്‍ഷം വിപണിയില്‍ എത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.
സ്‌കൂട്ടറിന്റെ സിബിഎസ് (കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം) വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക. നേരത്തെ ഉത്സവകാലത്തിന് മുന്നോടിയായി സിബിഎസ് ഇല്ലാത്ത സ്‌റ്റോം 125 പതിപ്പിനെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ അപ്രീലിയക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
 
അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാകും. നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെയ്ക്കാനുള്ള കാരണമിതാണ്. 124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക. 9.46 bhp കരുത്തും 8.2 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.
സിവിടി ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. ഇന്ധനശേഷി 6.5 ലിറ്റര്‍. 30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഷോക്ക് അബ്സോര്‍ബര്‍ യൂണിറ്റ് പിന്നിലും സ്റ്റോം 125 -ല്‍ സസ്പെന്‍ഷന്‍ നിറവേറ്റും. യുവാക്കളെയാണ് അപ്രീലിയ സ്റ്റോം 125 പ്രധാനമായും ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളും ഈ ഉദ്യമത്തില്‍ സ്റ്റോം 125 -നെ പിന്തുണയ്ക്കും.
 
ഏപ്രണിനോട് ചേര്‍ന്നുള്ള ഇരട്ട ഹെഡ്‌ലാമ്പുകളും ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സ്റ്റോം 125 -ന്റെ വിശേഷങ്ങളിപ്പെടും. 12 ഇഞ്ച് അലോയ് വീലുകളായിരിക്കും സ്‌കൂട്ടര്‍ അവകാശപ്പെടുക. പുതിയ അപ്രീലിയ സ്റ്റോം 125 -ന് 62,000 രൂപയോളം വില പ്രതീക്ഷിക്കാം.
വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, ഹോണ്ട ഗ്രാസിയ, വരാന്‍ പോകുന്ന സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവരുമായാണ് അപ്രീലിയ സ്റ്റോം 125 -ന്റെ അങ്കം.

 


LATEST NEWS