അപകടം പെരുകുന്നു; 2019 മുതൽ കാർ ഇറക്കാൻ കർക്കശ നിയമങ്ങൾ  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാറില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നത്. മുന്‍സീറ്റിലെ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വേഗത മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്ന അലാറം, പിന്‍വശത്തെ പാര്‍ക്കിങ് സംവിധാനം എന്നീ സംവിധാനങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം. ഓട്ടോമോട്ടീവ് ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേര്‍ഡ് ചട്ടം 145 പ്രകാരമാണ് ഈ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുന്ന ഭാരത് എന്‍സിഎപി(ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ്‌ ടെസ്റ്റില്‍ പഞ്ചനക്ഷത്ര റേറ്റിങ്ങോടെ വിജയിക്കുന്ന വാഹനം മാത്രമെ വിപണിയില്‍ വില്‍ക്കാനാകൂ. റോഡ് സുരക്ഷയുടെ ഭാഗമായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ 2019 മാര്‍ച്ച് മുതലാണ് നടപ്പാക്കുക. വേഗത 80 കിലോമീറ്ററില്‍ അധികമാകുമ്പോഴാണ് വേഗത മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 100 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം എത്തിയാല്‍ ഈ സംവിധാനം തുടര്‍ച്ചയായി അലാറം മുഴക്കിക്കൊണ്ടിരിക്കും. അടുത്തിടെ വാഹനാപകടങ്ങള്‍ ക്രമാതീതമായി പെരുകിയതിനാലാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


LATEST NEWS