ജനപ്രിയ വാഹനങ്ങൾക്ക് പുതിയ രൂപവുമായി ടാറ്റ മോട്ടോഴ്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനപ്രിയ വാഹനങ്ങൾക്ക് പുതിയ രൂപവുമായി ടാറ്റ മോട്ടോഴ്സ്

ജനപ്രിയ വാഹനങ്ങൾക്ക് പുതിയ രൂപവുമായി ടാറ്റ മോട്ടോഴ്സ്. ഹാച്ച്ബാക്കായ ടിയാഗോ, കോംപാക്റ്റ് എസ്‌യുവി നെക്സോൺ, ചെറു സെഡാൻ ടിഗോർ എന്നിവയുടെ പരിഷ്കരിച്ച രൂപമാണ് ഉടൻ വിപണിയിലെത്തുന്നത്. ഈ മാസം തന്നെ പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്നാണ് ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് ടാറ്റ അറിയിച്ചത്. കൂടാതെ ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങളുടെ ബുക്കിങ്ങും ആരംഭിച്ചു.

ഹാരിയറിലൂടെ അരങ്ങേറിയ പുതിയ ഇംപാക്റ്റ് ഡിസൈൻ 2.0 രൂപഭംഗിയിലാണ് കാറുകൾ എത്തുന്നത്. നെക്സോൺ ഇലക്ട്രിക്കിനോടാണ് പുതിയ നെക്സോണിന് സാമ്യമെങ്കിൽ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിന്റെ മുൻഭാഗത്തോടാണ് ടിഗോറിനും ടിയാഗോയ്ക്കും സാമ്യം. വലുപ്പം കൂടിയ ഗ്രില്ലും വലിയ ഹെഡ്‌ലാംപുകളുമാണ് ഇരുകാറുകൾക്കും.

ടിഗോറിന്റെ ബംബറിൽ ഫോഗ് ലാംപുകളോട് ചേർന്ന് ഡേറ്റൈം റണ്ണിങ് ലാംപുകളും നൽകിയിരിക്കുന്നു.കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന മൂന്നു വാഹനങ്ങൾക്കും നിലവിലെ മോഡലുകളെക്കാൾ വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ. മാറ്റങ്ങൾ പുറംഭാഗത്ത് മാത്രം ഒതുങ്ങാതെ ഇന്റീരിയറിലേക്കുമുണ്ടാകും. നെക്സോണില്‍ ബിഎസ് ആറ് നിലവാരത്തിലുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകള്‍ ഉപയോഗിക്കുമ്പോൾ ടിഗോറിലും ടിയാഗോയിലും പെട്രോൾ എൻജിനുകള്‍ മാത്രമേ ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾ ടാറ്റ പുറത്തിവിട്ടിട്ടില്ല.