ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യയില്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യയില്‍ പുറത്തിറങ്ങി

ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യയില്‍ പുറത്തിറങ്ങി. 78,500 രൂപയാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഹോണ്ട നിരയില്‍ നിന്നുള്ള സ്‌പോര്‍ടി സ്‌റ്റൈലിഷ് കമ്മ്യൂട്ടര്‍ ബൈക്കാണ് എക്‌സ്-ബ്ലേഡ്.

ഓട്ടോ എക്‌സ്‌പോയില്‍ തികച്ചും അപ്രതീക്ഷിതമായി ഹോണ്ട അവതരിപ്പിച്ച എക്‌സ്-ബ്ലേഡ് കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും പ്രീമിയം മുഖം കൈവരിക്കാമെന്നതിനുള്ള ഉദ്ദാഹരണമാണ്.


പേരു സൂചിപ്പിക്കുന്നത് പോലെ റേസര്‍ ഷാര്‍പ്പ് ഡിസൈനാണ് എക്‌സ്-ബ്ലേഡിന്. ആകപ്പാടെയുള്ള അഗ്രസീവ് മുഖഭാവത്തോട് ചേര്‍ന്നു നില്‍ക്കാന്‍ മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ആദ്യ എല്‍ഇഡി ഹെഡ്‌ലാമ്പിന് ഉടമയാണ് എക്‌സ്-ബ്ലേഡ്. ഇതേ എല്‍ഇഡി ഹെഡ്‌ലാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരു റോബ്ബോട്ടിക് മുഖഭാവം ബൈക്കിന് തോന്നാം. മൂര്‍ച്ചയേറിയ എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്, ചെത്തി ഒരുക്കിയ ഫ്യൂവല്‍ ടാങ്ക് എന്നിവ എക്‌സ്-ബ്ലേഡിന്റെ മറ്റു വിശേഷങ്ങളാണ്.
 

 

വ്യത്യസ്തമായ ഗ്രാബ് റെയിലുകളും എക്‌സ്-ബ്ലേഡില്‍ എടുത്തുപറയണം. ബൈക്കിന്റെ സ്‌പോര്‍ടി പരിവേഷത്തോട് നീതിപുലര്‍ത്താന്‍ ഡ്യൂവല്‍ ഔട്ട്‌ലെറ്റ് മഫ്‌ളറിനും സാധിച്ചിട്ടുണ്ട്

അഞ്ചു നിറങ്ങളിലാണ് ഹോണ്ട എക്‌സ്-ബ്ലേഡ് ഒരുങ്ങുന്നത്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ടന്‍ റെഡ്, പേള്‍ ഇഗ്നീയസ് ബ്ലാക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിവയാണ് പുതിയ എക്‌സ്-ബ്ലേഡില്‍ ലഭ്യമായ നിറങ്ങള്‍.
 

17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍ ഒരുങ്ങുന്നത്. ബ്രേക്കിംഗിന് വേണ്ടി സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് മുന്നിലും ഡ്രം ബ്രേക്ക് പിന്നിലും സാന്നിധ്യമറിയിക്കുന്നുണ്ട്. 160 സിസി ശ്രേണിയിലേക്കുള്ള ഹോണ്ടയുടെ രണ്ടാമത്തെ സമര്‍പ്പണമാണ് എക്‌സ്-ബ്ലേഡ്. ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, ടിവിഎസ് അപാച്ചെ RTR 160, സുസൂക്കി ജിക്‌സര്‍ എന്നിവരാണ് എക്‌സ്-ബ്ലേഡിന്റെ പ്രധാന എതിരാളികള്‍. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ എക്‌സ്-ബ്ലേഡിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. അയ്യായിരം രൂപയാണ് ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ബുക്കിംഗ് തുക.