കിയ സെൽറ്റോസിന്റെ ബുക്കിങ് ഈ മാസം 15 മുതൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിയ സെൽറ്റോസിന്റെ ബുക്കിങ് ഈ മാസം 15 മുതൽ

കിയ മോട്ടോഴ്സ് ഇന്ത്യയുടെ ആദ്യ മോഡലായ സെൽറ്റോസിന്റെ ബുക്കിങ് ഈ മാസം 15 മുതൽ ആരംഭിക്കും. അടുത്ത മാസം 22 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാഹനം ഓൺലൈനായും ഡീലർഷിപ്പ് വഴിയും ബുക്കുചെയ്യാൻ സാധിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. ജൂലൈ ആദ്യമാണ് സെൽറ്റോസിനെ കിയ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കടുത്ത മത്സരത്തിനു വേദിയായ ഇടത്തരം എസ് യു വി വിഭാഗത്തിലേക്കാണ് സെൽറ്റോസിന്റെ വരവ്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബിഎസ് ആറ്) നിലവാരം പുലർത്തുന്ന എൻജിനുകളോടെയാവും സെൽറ്റോസിന്റെ വരവ്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബോ പെട്രോൾ ഡയറക്ട് ഇഞ്ചക്ഷൻ എൻജിനുകളാവും സെൽറ്റോസിനു കരുത്തേകുക. ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവർട്ടർ ഗീയർ ബോക്സുകളാവും ലഭിക്കുക. 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ. 1.4 ലീറ്റർ ടർബോ പെട്രോളിനു കൂട്ട് ആറു സ്പീഡ് മാനുവലോ ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സോ ആവാം.

സെൽറ്റോസിന്റെ മുന്തിയ വകഭേദങ്ങളിൽ 10.25 ഇഞ്ച് ടച് സ്ക്രീൻ, ഹെഡ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി എറൗണ്ട് വ്യൂ കാമറ, സൺ റൂഫ്, മൾട്ടി കളർ ആംബിയന്റ് ലൈറ്റിങ്, കൂൾഡ് മുൻ സീറ്റ്, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയവയുണ്ടാവും. 4.3 മീറ്റർ നീളമുള്ള ‘സെൽറ്റോസ്’ ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യർ വൈറ്റ്, ക്ലിയർ വൈറ്റ്, സിൽവർ, ഗ്രേ എന്നീ ഒറ്റ നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവും. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യർ, വൈറ്റ്/ബ്ലാക്ക്, സിൽവർ/ബ്ലാക്ക്, ഗ്ലേഷ്യർ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലും ‘സെൽറ്റോസ്’ ലഭ്യമാവും.

കിയ ഇന്ത്യയുടെ ഡീലർഷിപ്പുകൾ അവസാനഘട്ട മിനുക്കു പണിയിലാണ്; എങ്കിലും ചില ഡീലർമാർ അനൗദ്യോഗികമായ സെൽറ്റോസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. കാൽ ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു ഡീലർമാർ സെൽറ്റോസ് ബുക്കിങ് ഏറ്റെടുക്കുന്നത്. സെൽറ്റോസിന്റെ വകഭേദങ്ങൾക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാവും വിലയെന്നാണു പ്രതീക്ഷ.


LATEST NEWS