നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട്  കൊച്ചിക്കാരെ ഞെട്ടിച്ച നീളന്‍ കാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട്  കൊച്ചിക്കാരെ ഞെട്ടിച്ച നീളന്‍ കാര്‍ 

കൊച്ചി : കൊച്ചിക്കാര്‍ക്ക് കൗതുകമുണര്‍ത്തിയ നീളന്‍ കാറിനു കസ്റ്റംസ് അധികൃതരുടെ നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും മോചനം. പഞ്ചാബ് സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ ഗുരുദേവ് ഉദ്ദമാണു ദുബൈയിയില്‍ നിന്നും കൊച്ചി തുറമുഖം വഴി എട്ടുകോടിയോളം രൂപവരുന്ന കാഡിലാക്ക് എസ്‌കലേഡ് ലിമോസിന്‍ ഇറക്കുമതി ചെയ്തത്. 38 അടിനീളമുള്ള കാറില്‍ ഒരേസമയം 18 പേര്‍ക്കു സഞ്ചരിക്കാവുന്ന അത്യാഢംബര കാറാണിത്. പുറത്തിറങ്ങിയതിനു പിന്നാലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. വിദേശിയെ തൊട്ടു നോക്കാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടി. പാലാരിവട്ടത്ത് ഗുരുദേവ് താമസിച്ചിരുന്ന ഹോട്ടലിനു മുന്നില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കാണാനും ആളുകള്‍ കൂടിയപ്പോള്‍ ചെറിയ ട്രാഫിക്ക് ബ്ലോക്കുമുണ്ടായി. 

 

അമേരിക്കയിലെ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റേതാണു കാഡ്‌ലാക്ക് എസ്‌ക്കലേഡ് ലിമോസിന്‍ മോഡല്‍. ഡ്രൈവര്‍ക്കു പ്രത്യേക ക്യാബിന്‍ സംവിധാനം കാറില്‍ ഉണ്ട്. കംപ്യൂട്ടര്‍, ടിവി, സൗണ്ടിംങ് മ്യൂസിക് സിസ്റ്റം, മിനി ബാര്‍, വാഷ് ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും കാറില്‍ ഉണ്ട്. ദുബൈയില്‍ ഉപയോഗിച്ചിരുന്ന വാഹനം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ഗുരുദേവ് കൊച്ചിന്‍ പോര്‍ട്ടിലെത്തിച്ചത്. സ്വദേശമായ പഞ്ചാബിലേക്കു കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.

 

എന്നാല്‍ ഇത്തരം വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലെന്നു പറഞ്ഞ് കസ്റ്റംസ് അനുമതി നിഷേധിക്കുകയായിരുന്നു. വാഹനം വിട്ടുകിട്ടാന്‍ ഗുരുദേവ് കോടതിയില്‍ കേസ് കൊടുത്തെങ്കിലും തള്ളി. തുടര്‍ന്ന് ബംഗളുരു കസ്റ്റംസ് എക്‌െസെസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അപ്പലെറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരം വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി ആറു മാസത്തിനുശേഷം അനുമതി ലഭിക്കുകയായിരുന്നു. ഇതിനായി നിരവധി തവണ ഗുരുദേവ് കേരളത്തിലെത്തി. ഒടുവില്‍ 12 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചാണു വാഹനം പുറത്തിറക്കിയത്. അടുത്ത ചൊവ്വാഴ്ച കൊച്ചിയില്‍ നിന്നു പഞ്ചാബിലേക്ക് വാഹനം കൊണ്ടുപോകും.


LATEST NEWS