മാരുതി ബ്രെസ ഒന്നാമതായി കുതിക്കുന്നു

മാരുതി ബ്രെസ ഒന്നാമതായി കുതിക്കുന്നു

നിരത്തിലിറങ്ങി ഒമ്പത് മാസം കൊണ്ട് 83000ത്തിലധികം ബ്രെസ യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഇതിനോടകം 1.72 ലക്ഷം ബുക്കിങും പിന്നിട്ടു. ഈ വര്‍ഷത്തെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്, ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

ദിവസം തോറും വര്‍ധിച്ചു വരുന്ന ബുക്കിങ് കാരണം ഏഴു മാസമാണ് ബ്രെസയുടെ വെയ്റ്റിങ് പിരീഡ്. എസ്.യു.വി ശ്രേണിയില്‍ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്, റെനോ ഡസ്റ്റര്‍, മഹ്യുണ്ടായ് ക്രേറ്റ എന്നീ മോഡലുകളില്‍ നിന്നും കടുത്ത മത്സരം നേരിട്ടാണ് ബ്രെസയുടെ കുതിപ്പ്. ഡീസല്‍ പതിപ്പില്‍ മാത്രമാണ് ബ്രെസ ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പെട്രോള്‍ പതിപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതോടെ വില്‍പ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. ബ്രെസയുടെ ചിറകിലേറി യൂട്ടിലറ്റി വെഹിക്കിള്‍ സെഗ്മെന്റില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ വളര്‍ച്ച മാരുതി സ്വന്തമാക്കി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

2016 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ബ്രെസയ്ക്ക് ആദ്യ മാസം വലിയ നേട്ടം കൊയ്യാന്‍ സാധിച്ചില്ല, വില്‍പ്പന 5563 യൂണിറ്റിലൊതുങ്ങി. എന്നാല്‍ പിന്നീടങ്ങോട്ട് ജൂണ്‍ മാസത്തില്‍ ഒഴികെ മികച്ച വില്‍പന ആവര്‍ത്തിക്കാന്‍ മാരുതിയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിക്ക് കഴിഞ്ഞു. നവംബറില്‍ രാജ്യത്തെ മികച്ച വില്‍പനയുള്ള ആദ്യ 10 കാറുകളില്‍ സ്ഥാനം പിടിക്കാനും ബ്രെസയ്ക്ക് സാധിച്ചിരുന്നു. ജനുവരി അവസാനത്തോടെ വില്‍പന ഒരു ലക്ഷം പിന്നിടാനാണ് സാധ്യത.


LATEST NEWS