പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ വിപണിയില്‍

പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തി. 2017 ല്‍ നടന്ന ടോക്കിയോ മോട്ടോര്‍ഷോയിലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് അവതരിച്ചത്. മാസങ്ങള്‍ക്കിപ്പുറം ഫ്‌ളാഗ്ഷിപ്പ് ടൂററിനെയും കൊണ്ടു കമ്പനി ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നിരിക്കുകയാണ്. വില 26.85 ലക്ഷം രൂപ. 2018 ഗോള്‍ഡ് വിംഗിന്റെ വിതരണം രാജ്യത്തു ഹോണ്ട തുടങ്ങി. മോഡല്‍ ബുക്ക് ചെയ്തവര്‍ക്കു ഉടന്‍ തന്നെ ഗോള്‍ഡ് വിംഗ് ലഭിക്കുമെന്നു ഹോണ്ട അറിയിച്ചു.

1,833 സിസി ഫ്‌ളാറ്റ് - സിക്‌സ് സിലിണ്ടര്‍ എഞ്ചിനിലാണ് ഗോള്‍ഡ് വിംഗിന്റെ ഒരുക്കം. എഞ്ചിന്‍ 5,500 rpm ല്‍ 125 bhp കരുത്തും 4,500 rpm ല്‍ 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സില്‍ വൈദ്യുത റിവേഴ്‌സ് ഗിയറുമുണ്ട്. മുന്‍തലമറയെക്കാളും 40 കിലോ ഭാരം പുതിയ ഗോള്‍ഡ് വിംഗിന് കുറവാണ്. മോഡലിന്റെ ആകെഭാരം 379 കിലോ. ഒരു വശത്തു മാത്രമുള്ള പ്രോ ആം സ്വിങ്ആം ഗോള്‍ഡ് വിംഗില്‍ കൂടുതല്‍ സ്ഥിരതയും നിയന്ത്രണവും കാഴ്ചവെക്കും.

അഞ്ചു തരത്തില്‍ ക്രമീകരിക്കാവുന്ന ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും ഗോള്‍ഡ് വിംഗിലെ യാത്ര സുഖകരമാക്കും. പുതിയ ഗോള്‍ഡ് വിംഗിലുള്ള പാനിയറുകള്‍ 150 ലിറ്ററിലേറെ സ്‌റ്റോറേജ് ശേഷി രേഖപ്പെടുത്തും. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലാണ് പാനിയറുകളുടെ ഘടന.

മോഡലിലുള്ള ആറു സ്പീക്കര്‍ 80W SRS സറൗണ്ട് സംവിധാനത്തിന് ഐപോഡ്, ഐഫോണ്‍, യുഎസ്ബി കണക്ടിവിറ്റി ഫീച്ചറുകളുടെ പിന്തുണയുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വൈദ്യുത വിന്‍ഡ്‌സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗ്, 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ 2018 ഗോള്‍ഡ് വിംഗിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

സെലക്ടബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ മോഡലിലെ സുരക്ഷാ സജ്ജീകരണങ്ങളാണ്. എയര്‍ബാഗും ഗോള്‍ഡ് വിംഗിലുണ്ട്. സ്റ്റാന്‍ഡ്, ടൂര്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഹോണ്ട ഗോള്‍ഡ് വിംഗ് അണിനിരക്കുന്നത്.