റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; ഹിമാലയന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; ഹിമാലയന്റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറങ്ങും

ഐതിഹാസിക മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍പെടുന്നതാണ് ഹിമാലയന്‍. ഇതിന്‍റെ നവീകരിച്ച പതിപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ഹിമാലയന്‍ അവതാരമാണ് കമ്പനിയുടെ നീക്കം വെളിപ്പെടുത്തിയിരിക്കുന്നത്.

പുത്തന്‍ നിറഭേദമാണ് പുതിയ ഹിമാലയന്റെ പ്രധാനവിശേഷമെന്ന സൂചന ചിത്രങ്ങള്‍ നല്‍കി കഴിഞ്ഞു. നിലവില്‍ സ്നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലാണ് ഹിമാലയന്റെ വരവ്.


പുതിയ നിറഭേദത്തിന്റെ അടിസ്ഥാനത്തില്‍ മോഡലില്‍ ആകെമൊത്തം മൂന്ന് നിറങ്ങള്‍ ലഭ്യമാകും.

പുതിയ നിറത്തിന് പുറമെ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല.
411 സിസി, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍-സ്ട്രോക്ക്, എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ തന്നെയാകും പുതിയ ഹിമാലയനും വരിക. 24.5 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സ് ഇടംപിടിക്കും.
വര്‍ധിച്ച ഓഫ്-റോഡിംഗ് ശേഷിക്ക് വേണ്ടി ഹാഫ്-ഡ്യുപ്ലെക്സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിമാലയന്റെ ഒരുക്കം. നീളമേറിയ ട്രാവല്‍ സസ്പെന്‍ഷനാണ് ഹിമാലയന്റെ ആകര്‍ഷണം.


200 mm ട്രാവലോടെയുള്ള 41 mm ഫ്രണ്ട് ഫോര്‍ക്കുകളാണ് ഹിമാലയനില്‍ ഇടംപിടിക്കുന്നത്. 180 mm വീല്‍ ട്രാവലോടെയുള്ളതാണ് റിയര്‍ മോണോ ഷോക്ക്.

നിലവില്‍ 300 mm ഡിസ്ക് മുന്‍ടയറിലും, 240 mm ഡിസ്ക് പിന്‍ടയറിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നുണ്ട്. അതേസമയം എബിഎസിന്റെ അഭാവം ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് നേരിടുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്.

220 mm ആണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ട്രെഡ് പാറ്റേണ്‍ ടയറുകള്‍, വീതി കുറഞ്ഞ ഹാന്‍ഡില്‍ബാര്‍, പരിഷ്കരിച്ച സീറ്റ്, ഇടുങ്ങിയ ഫ്യൂവല്‍ ടാങ്ക് എന്നിവയെല്ലാം ഹിമാലയന്റെ ഓഫ്-റോഡിംഗ് ശേഷിയോട് നീതി പുലര്‍ത്തുന്നതാണ്.

മുകളിലേക്ക് മുഖം മുയര്‍ത്തി നില്‍ക്കുന്ന എക്സ്ഹോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജലാശയങ്ങളും ഒരുപരിധി വരെ മോട്ടോര്‍സൈക്കിളിന് മുന്നില്‍ ഒരു വെല്ലുവിളിയല്ല.

5,000 രൂപ മുതല്‍ 6,000 രൂപ വരെ വിലവര്‍ധനവിലാകും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വിപണിയില്‍ അണിനിരക്കുക. എന്തായാലും ഈ വര്‍ഷം വിപണിയില്‍ കാര്യമായി കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്.