പുത്തൻ ചെറുഎസ്‌യുവിയുമായി റിനോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുത്തൻ ചെറുഎസ്‌യുവിയുമായി റിനോ

ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്യാനാണ് റിനോ പദ്ധതിയിട്ടിരിക്കുന്നത്. ചെറു എസ്‌യുവി സെഗ്മെന്റിൽ ഡസ്റ്റർ മോഡലുമായി എത്തിച്ചേർന്ന് വലിയ തരംഗങ്ങൾക്കു തന്നെ തുടക്കമിട്ടവരാണ് റിനോ. പിന്നീട് ക്വിഡ് ഹാച്ച്ബാക്കുമായി വന്ന് എൻട്രി ലെവൽ സെഗ്മെന്റിലും തരംഗം സൃഷ്ടിച്ചു. റിനോയുടെ അടുത്ത പദ്ധതി ഒരു ചെറു എസ്‌യുവിയാണ്. യൂറോപ്പിൽ വിറ്റഴിക്കുന്ന ചെറിയ ക്യാപ്ച്ചറിന്റെ അതെ രൂപത്തിലുള്ള പുതിയ ക്യാപ്ച്ചർ ക്രോസോവറിനെയാണ് റിനോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

 

വിപണിയിൽ എത്തിക്കുന്നതിനു മുൻപായുള്ള പുതിയ മോഡലിന്റെ പരീക്ഷണ ഓട്ടങ്ങളും നടത്തിവരികയാണ്. ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വരുന്ന പുതിയ റിനോ ക്യാപ്ച്ചറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇന്റർനെറ്റു വഴിയും പ്രചരിച്ചുക്കൊണ്ടിരിക്കുന്നു. റിനോ പുത്തൻ മോഡലിന്റെ നിർമാണം തകൃതിയായി പുരോഗമിക്കുന്നു എന്നാണ് ഇതുവ്യക്തമാക്കുന്നത്. റിനോയുടെ ചെന്നൈയിലുള്ള പ്ലാന്റിൽ വച്ച് പ്രാദേശികമായിട്ടാണ് ഈ മോഡലിന്റെ നിർമാണം നടത്തിവരുന്നത്. ഈ വർഷം അവസാനത്തോടെ ക്യാപ്ച്ചർ വിപണിയിലെത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

 

വാഹനത്തിന്റെ സവിശേഷതകളൊന്നും പുറമെ കാണിക്കാത്തവിധത്തിൽ മൊത്തമായും മൂടപ്പെട്ട നിലയിലായിരുന്നു പരീക്ഷണയോട്ടം. ഫോഡ് ഇക്കോസ്പോർട്, വിറ്റാര ബ്രെസ, ഹോണ്ട ബിആർവി എന്നിവരായിരിക്കും വിപണിയിലെ മുൻനിര എതിരാളികൾ.

1.2ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. 89ബിഎച്ച്പിയും 220എൻഎം ടോർക്കുമായിരിക്കും ഈ എസ്‌യുവി ഉല്പാദിപ്പിക്കുക. ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് 6 സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളായിരിക്കും ഈ വാഹനത്തിലുൾപ്പെടുത്തുക. റിനോ ഡസ്റ്റർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാപ്ച്ചറിന്റെ നിർമാണവും നടത്തിയിട്ടുള്ളത്. 4,333എംഎം നീളവും 1,813എംഎം വീതിയും 1,613എംഎം ഉയരവും, 2,674എംഎം വീൽബേസുമുള്ള ഈ വാഹനത്തിന് ഡസ്റ്ററിനേക്കാൾ അല്പം വലുപ്പകൂടുതലുമുണ്ട്. ഡസ്റ്ററിന് മുകളിലായി സ്ഥാനം പിടിക്കുന്ന ക്യാപ്ച്ചറിൽ പ്രീമിയം ഫീച്ചറുകളായിരിക്കും ഉൾപ്പെടുത്തുക. 


Loading...