ചെറുകാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസമായി പുതിയ തീരുമാനം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെറുകാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസമായി പുതിയ തീരുമാനം 

ജിഎസ്‍ടി കൗണ്‍സിലിന്‍റെ പുതിയ തീരുമാനത്തില്‍ ചെറു കാറുകള്‍, ഹൈബ്രിഡ് കാറുകള്‍ എന്നിവ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ആശ്വസിക്കാം. ഈ വാഹനങ്ങള്‍ക്ക് സെസില്‍ മാറ്റമില്ലെന്നാണ് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. 13 സീറ്റുള്ള വാഹനങ്ങള്‍ക്കും നിരക്കില്‍ മാറ്റമില്ല. അതേസമയം ഇടത്തരം കാറുകള്‍ക്ക് രണ്ടു ശതമാനം അധിക സെസ് ഏര്‍പ്പെടുത്തിയതോടെ ഈ വിഭാഗത്തിലെ കാറുകള്‍ക്ക് നേരിയ തോതില്‍ വില വര്‍ധിക്കും.


ചെറു കാറുകള്‍ക്ക് നിലവിലുള്ള നികുതി 28 ശതമാനമാണ്. ഡീസല്‍ മോഡലിന് സെസ് 3 ശതമാനവും പെട്രോള്‍ മോഡലിന് സെസ് ഒരു ശതമാനവുമാണ്. ഇതേ നിരക്ക് തുടരും. ഇടത്തരം കാറുകള്‍ക്ക് രണ്ടു ശതമാനമാണ് സെസ് വര്‍ധന. ഈ വിഭാഗത്തില്‍ നിലവിലുള്ള നികുതി 28 ശതമാനവും സെസ് 15 ശതമാനവുമാണ്. ആകെ 43 ശതമാനമുള്ള നികുതി സെസ് 17 ശതമാനമായി ഉയര്‍ത്തിയതോടെ 45 ശതമാനമായി വര്‍ധിക്കും.


ആഡംബര സെഡാന്‍ കാറുകള്‍ക്ക് അഞ്ച് ശതമാനമാണ് സെസ് വര്‍ധന. നിലവില്‍ 28 ശതമാനം നികുതിയും 15 ശതമാനം സെസുമുള്‍പ്പെടെ, 43 ശതമാനമാണ് ആകെ നികുതി. ഈ വിഭാഗത്തില്‍ സെസ് 20 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ആകെ നികുതി 48 ശതമാനമായി മാറും. ഇത് വില വര്‍ധനയ്ക്കിടയാക്കും.

ജി.എസ്.ടി. കൗണ്‍സിലിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് വലിയ വില വര്‍ധനയുണ്ടാകുന്നത് എസ്.യു.വി.കള്‍ക്കാണ്. എസ്.യു.വി.കള്‍ക്ക് നിലവില്‍ 28 ശതമാനം നികുതിയും 15 ശതമാനം സെസുമുള്‍പ്പെടെ ആകെ 43 ശതമാനമായിരുന്നു നികുതി. സെസ് 22 ശതമാനം ഉയരുന്നതോടെ ആകെ നികുതി 50 ശതമാനമായി മാറും. 15,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് വിവിധ കാറുകളുടെ വിലയിലുണ്ടായിരിക്കുന്ന വർദ്ധന. മാരുതിയുടെ സെഡാനായ സിയാസിന് 15,000 രൂപയും എർട്ടികയ്ക്ക് 43,000 രൂപയും വില കൂട്ടി. ഹ്യുണ്ടായ് വെർണയ്ക്ക് 16,000 രൂപയും ക്രറ്റയ്ക്ക് 63,000 രൂപയും വില വർദ്ധിപ്പിച്ചു. ടാറ്റ ഹെക്സയ്ക്ക് 76,000 രൂപ വില കൂട്ടി.

അടുത്തിടെ അവതരിപ്പിച്ച ജീപ്പ് കോന്പസിന് ഒരു ലക്ഷം രൂപയാണ് വർദ്ധിച്ചത്. പുതുക്കിയ സെസ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വാഹനലോകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.


LATEST NEWS