ഹാച്ച്ബാക്ക് നിരയില്‍ ഇനി ടാറ്റയുടെ എക്‌സ് 451

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹാച്ച്ബാക്ക് നിരയില്‍ ഇനി ടാറ്റയുടെ എക്‌സ് 451

പ്രീമിയം ഹാച്ച്ബാക്കുകളുടെ നിരയിലേയ്ക്ക് എത്തുകയാണ് ടാറ്റ. മാരുതി ബലേനൊ, ഹ്യുണ്ടായി ഐ20, വോക്‌സ്‌വാഗണ്‍ പോളൊ എന്നിങ്ങനെയാണ് നിലവിലുള്ള ഹാച്ച് ബാക്ക് ശ്രേണി. ഈ ശ്രേണിയില്‍ മത്സരിക്കാന്‍ ടാറ്റയില്‍ നിന്ന് ഒരു ഹാച്ച്ബാക്ക് പിറവിയെടുത്തിട്ടില്ല. ഈ കുറവ് പരിഹരിക്കാനാണ് എക്‌സ് 451 എന്ന് കോഡ് നെയിം  നല്‍കിയിരിക്കുന്ന വാഹനം പുറത്തിറക്കുന്നത്. 


ടിയാഗോയാണ് ടാറ്റയ്ക്ക് അടുത്തിടെ സല്‍പ്പേര് നേടികൊടുത്ത ഹാച്ച്ബാക്ക്. എന്നാല്‍, സൗകര്യത്തിലും കരുത്തിലും പ്രീമിയം ഹാച്ച്ബാക്കുകളോട് ഏറ്റുമുട്ടാനുള്ള  ശേഷി ഇതിനില്ല. ഈ തിരിച്ചറിവിനെ തുടര്‍ന്നാണ് ടാറ്റ എക്‌സ് 451 എന്ന ഹാച്ച്ബാക്ക് നിര്‍മിക്കുന്നത്.


കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റാ എക്‌സ് 451ന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ ഇപ്പോള്‍ നിരത്തിലുള്ള പ്രീമിയം ഹാച്ച്ബാക്കുകളെക്കാള്‍ സൗന്ദര്യമുള്ള വാഹനമാണിത്. രൂപത്തില്‍ പോളോയോടും, ഐ20യോടും, ബലേനോയോടും രൂപ സാദൃശ്യം പുലര്‍ത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഇന്റീരിയറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ നിന്ന് മാറിയാണ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ടാറ്റയുടെ തന്നെ നെക്‌സോണില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതിലൊരുക്കിയിരിക്കുന്നത്.

ഡാഷ് ബോര്‍ഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്ത് സെന്റര്‍ കണ്‍സോളിന്റെ താഴെയുമാണ് എസി വെന്റുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.  ടാറ്റയുടെ മറ്റ് മോഡലുകളോട് സമാനമായ സ്റ്റിയറിങ് വീലാണ് ഇതിലും ഒരുക്കിയിട്ടുള്ളത്. സെന്റര്‍ കണ്‍സോളില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ആഡംബര സ്‌പോര്‍ട്‌സ് കാറിനോട് സാമ്യമുള്ള രൂപമാണ് എക്‌സ് 451-ന് നല്‍കിയിരിക്കുന്നത്.  വളരെ നേര്‍ത്ത ഗ്രില്ലും അതിന് ആനുപാതികമായി നല്‍കിയിരിക്കുന്ന വീതി കുറഞ്ഞ ഡുവല്‍ ബീം എല്‍ഇഡി ഹെഡ്‌ലാമ്പും മുന്‍വശത്തിന്റെ പ്രത്യേകതയാണ്. 

ബമ്പറിലായി നല്‍കിയിരിക്കുന്ന ഡിആര്‍എല്‍ എക്‌സ് 451ന്റെ മറ്റൊരു ആകര്‍ഷണമാണ്. മറ്റ് വാഹനങ്ങളുമായി സാദൃശ്യം അവകാശപ്പെടാന്‍ കഴിയാത്ത ബമ്പറും ഇതില്‍ നല്‍കിയിട്ടുണ്ട്. 

പിന്‍ഭാഗത്തും മികച്ച രൂപകല്‍പ്പനയാണ് നിര്‍വഹിച്ചിരിക്കുന്നത്. റൂഫില്‍ നിന്നും പിന്നിലേക്ക് നീളുന്ന സ്‌പോയിലറും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ടെയില്‍  ലാമ്പും ബമ്പറില്‍ നല്‍കിയിരിക്കുന്ന വലിയ സ്‌കിഡ് പ്ലേറ്റുമാണ് പിന്‍വശത്തെ പ്രത്യേകത. 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും എക്‌സ് 451 പുറത്തിറങ്ങുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും ആദ്യം എക്‌സ് 451 നിരത്തിലെത്തുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
 


LATEST NEWS