ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യയില്‍

ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. അപാച്ചെ RTR 160 മോഡലിന്റെ പ്രത്യേക റേസ് പതിപ്പാണ് പുതിയ അവതാരം. റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് അപാച്ചെ RTR റേസ് എഡിഷനില്‍ എടുത്തുപറയേണ്ട വിശേഷം.

കഴിഞ്ഞ വര്‍ഷം ടിവിഎസ് പുറത്തിറക്കിയ മാറ്റ് റെഡ് എഡിഷന് സമാനമായ വിലയിലാണ് പുതിയ അപാച്ചെ പതിപ്പിന്റെയും വരവ്. 79,715 രൂപയാണ് റേസ് എഡിഷന്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന്റെ വില.

റേസ് എഡിഷന്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദം എത്തുന്നത് 82,044 രൂപ പ്രൈസ്ടാഗിലാണ്. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. വെള്ള നിറത്തില്‍ ചുവപ്പ് ഗ്രാഫിക്‌സോടെ മാത്രമാണ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ലഭ്യമാവുക.

മുന്‍ മഡ്ഗാര്‍ഡ്, ഇന്ധനടാങ്ക്, റിയര്‍ കൗള്‍ എന്നീ ഘടകങ്ങളിലാണ് റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഒരുങ്ങുന്നത്. RR 310 ല്‍ കണ്ട ത്രിമാന ടിവിഎസ് ലോഗോയെ റേസ് എഡിഷന്‍ അപാച്ചെയുടെ ഫ്യൂവല്‍ ടാങ്കിലേക്ക് കമ്പനി പറിച്ചു നട്ടിട്ടുണ്ട്.

ബൈക്കിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 160 റേസ് എഡിഷന്‍ ഒരുങ്ങുന്നത്

എഞ്ചിന് പരമാവധി 14.9 bhp കരുത്തും 13.03 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് അപാച്ചെ റേസ് എഡിഷനില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ബ്രേക്കിംഗിന് വേണ്ടി 270 mm പെറ്റല്‍ ഡിസ്‌ക് മുന്നിലും 200 mm ഡിസ്‌ക്/130 mm ഡ്രം യൂണിറ്റ് പിന്നിലും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. പുതിയ ബോഡി ഗ്രാഫിക്‌സും ടിവിഎസ് ലോഗോയും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു വലിയ മാറ്റങ്ങള്‍ റേസ് എഡിഷന്‍ അപാച്ചെ അവകാശപ്പെടുന്നില്ല. 

എബിഎസിനെ ഓപ്ഷനലായി നല്‍കാന്‍ ഇക്കുറിയും ടിവിഎസ് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയം. പുതിയ നിയമം പ്രകാരം നിലവിലുള്ള 125 സിസിക്ക് മേലെയുള്ള മോഡലുകള്‍ക്ക് 2019 ഏപ്രില്‍ മാസത്തിനകം നിര്‍മ്മാതാക്കള്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തണം. അടുത്തിടെയാണ് അപാച്ചെ RTR 200 4V യ്ക്കും പ്രത്യേക റേസ് എഡിഷന്‍ പതിപ്പിനെ ടിവിഎസ് അവതരിപ്പിച്ചത്.

ശേഷം ഇപ്പോള്‍ RTR 160 യ്ക്കും റേസ് എഡിഷനെ കമ്പനി നല്‍കിയിരിക്കുകയാണ്. ചുരുക്കത്തില്‍ പുത്തന്‍ ഗ്രാഫിക്‌സ് മാത്രമാണ് ബൈക്കില്‍ എടുത്തുപറയേണ്ട വിശേഷം. ബജാജ് പള്‍സര്‍ NS160, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, സുസൂക്കി ജിക്‌സര്‍, യമഹ FZ V2 എന്നിവരാണ് വിപണിയില്‍ അപാച്ചെ RTR 160 റേസ് എഡിഷന്റെ എതിരാളികള്‍.