യമഹയുടെ പുത്തൻ വെഞ്ച്വർ ബൈക്ക് നിരത്തുകളിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യമഹയുടെ പുത്തൻ വെഞ്ച്വർ ബൈക്ക് നിരത്തുകളിൽ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാവായ യമഹ പുതിയ സ്റ്റാര്‍ വെഞ്ച്വര്‍ മോട്ടോര്‍സൈക്കിളിനെ പുറത്തിറക്കി. അമേരിക്കന്‍ വിപണിയെ ലക്ഷ്യം വച്ചാണ് ഈ ടൂറിംങ് ബൈക്കിനെ യമഹ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ് കോണ്ടിനെന്റല്‍ ടൂറിംങ് എന്ന പുതിയ സെഗ്മെന്റിലേക്കാണ് ബൈക്ക് അവതരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഹോണ്ട ഗോള്‍ഡ് വിങ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എന്നീ ബൈക്കുകളുമായി കൊമ്പ് കോര്‍ക്കാന്‍ എത്തുന്ന ഈ പുത്തന്‍ ബൈക്ക് ടൂറിങ് ബൈക്കുകളുടെ വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുക.

വലുപ്പമേറിയ ഹെഡ്‌ലാമ്പും അതുപോലെ നീളം കൂടിയ വിന്റ് സ്‌ക്രീനുമാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത. വൈദ്യുത നിയന്ത്രിത വിന്റ് സ്‌ക്രീനാണ് ഈ ബൈക്കിന് നല്‍കിയിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ദൂരസ്ഥലങ്ങളിലേക്ക് സാഹസിക യാത്ര പുറപ്പെടുന്നവരെ ലക്ഷ്യം വെച്ചുള്ള ഫീച്ചറുകളാണ് ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

170 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്ന 1,854 സിസി എയര്‍ കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്. 434 കിലോഗ്രാം ഭാരമാണ് യമഹയുടെ ഈ ടൂറിങ് ബൈക്കിനുള്ളത്. 7 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കോംപാറ്റിബിലിറ്റി, യുഎസ്ബി ചാര്‍ജര്‍, ഹീറ്റഡ് സീറ്റര്‍, കീലസ് ഇഗ്നിഷന്‍, ഹീറ്റഡ് ഗ്രിപ് തുടങ്ങിയ സവിശേഷതകളാണ് ഈ ബൈക്കിനുള്ളത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വന്‍ സുരക്ഷാക്രമീകരണങ്ങളും ഈ ബൈക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റൈഡ് ബൈ വയര്‍, ക്രൂസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ബൈക്കിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ജിപിഎസ്, എല്‍ഇഡി ഫോഗ് ലാമ്പ്, യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാന്‍ ഡ്യുവല്‍ സോണ്‍ സ്പീക്കറുകള്‍, യാത്രക്കിടെ ഫോണില്‍ സംസാരിക്കാന്‍ ഹെഡ്‌സെറ്റും മൈക്കും തുടങ്ങിയ വന്‍ സജ്ജീകരണങ്ങളും ഈ ബൈക്കിന്റെ സവിശേഷതയാണ്.