ആയുര്‍വേദം പറയുന്ന വെള്ളരി ഔഷധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയുര്‍വേദം പറയുന്ന വെള്ളരി ഔഷധം

 വെള്ളരി ആയുര്‍വേദപ്രകാരം വളരെ ഔഷധഗുണമുള്ളതും ശരീരക്ഷീണം മാറ്റുന്നതുമായ പച്ചക്കറിയാണ്‌.

വെള്ളരി ചതച്ചു പിഴിഞ്ഞ നീര്‌ ഒരു ഗ്ലാസ്‌ എടുത്ത്‌ അതില്‍ രണ്ടു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്തു ദിവസേന കഴിച്ചാല്‍ മൂത്രതടസം മാറും.
ചര്‍മത്തിനു സൗന്ദര്യവും മുഖഭംഗിയും ലഭിക്കാന്‍ വെള്ളരി അരച്ചു ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ചാല്‍ മതി. പതിവായി ഇങ്ങനെ ചെയ്യുന്നത്‌ ചുളിവുകളും പാടുകളും നീക്കി ചര്‍മത്തെ സുന്ദരമാക്കും.

ശരീരം തണുപ്പിക്കാനും വെള്ളരി നല്ലതാണ്‌. അധികം മൂക്കാത്ത വെള്ളരി നിത്യവും പച്ചയ്‌ക്കു കഴിക്കുന്നത്‌ നല്ലതാണ്‌. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന പരവേശം ശമിപ്പിക്കും.

 

വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം നിര്‍ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ്‌ എടുത്ത നീരും സമം കരിക്കിന്‍ വെള്ളവും ചേര്‍ത്ത്‌ രണ്ട്‌ ഔണ്‍സ്‌ വീതം പലവട്ടം കഴിക്കുക.വെള്ളരിനെയ്യ്‌ (സുഖപ്രസുതിഘൃതം) കഴിക്കുന്നത്‌ സുഖപ്രസവത്തിനു സഹായിക്കും.

 

മൂത്രതടസത്തിനു വെള്ളരി കുരുവോടുകൂടി അല്‍പം എലിക്കാഷ്‌ടവും ചേര്‍ത്തു നാഭിയില്‍ പൊതിയുന്നതും വെള്ളരി മാത്രം അകത്തേക്കു കഴിക്കുന്നതും മികച്ച ചികിത്സയാണ്‌. പ്രത്യേകിച്ചു വിഷബാധ മൂലമുണ്ടായ മൂത്രതടസത്തില്‍ ഈ ചികിത്സ ഏറെ ഫലപ്രദമാണ്‌.
വെള്ളരിക്കുരു പാലില്‍ അരച്ചിട്ടു നാഭിയിലിട്ടാല്‍ മൂത്രതടസം മാറും.


വെള്ളരിക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ ഉപ്പും കുരുമുളകുപൊടിയും വിതറി വേനല്‍കാലങ്ങളില്‍ ഉപയോഗിച്ചാല്‍ ദാഹം ശമിക്കുന്നതോടൊപ്പം മൂത്രദോഷവും മാറും.

വെള്ളരിഇലയും ജീരകവും കൂട്ടി വറുത്തു പൊടിയാക്കി തേനില്‍ സേവിക്കുന്നതു തൊണ്ടരോഗങ്ങള്‍ക്കു ഗുണകരമാണ്‌.