ആയുര്‍വേദം പറയുന്ന  മഴ ചികിത്സ എങ്ങനെ? എന്തിന്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ആയുര്‍വേദം പറയുന്ന  മഴ ചികിത്സ എങ്ങനെ? എന്തിന്?

ആകാശത്തു നിന്നു വീഴുന്ന മഴവെള്ളം നിര്‍ദേശിക്കാന്‍ കഴിയാത്തവിധം രസമുള്ളതും അമൃതിനു സമമായി ഉള്ളതും ജീവനെ നിലനിര്‍ത്തുന്നതും തൃപ്തിയെ ഉണ്ടാക്കുന്നതും ആണെന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മഴവെള്ളത്തിന്റെ ഗുണം

മഴവെള്ളം ദേഹത്തു വീഴ്ത്തിയാല്‍ ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ക്ഷീണം, ദാഹം മദം, മോഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ തുടങ്ങിയവയെ ശമിപ്പിക്കുന്നു.

 

മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകര്‍ പറയാറുണ്ട്. കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാന്‍ കഴിയുമെന്നാണു പറയുന്നത്.

 

വേനല്‍ക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കള്‍ ഉണ്ടാകുന്നതും പരുക്കള്‍ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്.

അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചില്‍ക്കൊണ്ട് ഈ രോഗങ്ങള്‍ മാറുന്നതായി കാണാറുണ്ട്.

 

മഴവെള്ളം മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് നല്ലതാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല, മഴ വെള്ളം രണ്ടു തരത്തിലുണ്ട്.

1 ഗാംഗം, 2 സാമുദ്രം.

 

നല്ല ചെന്നെല്ലരി പാകത്തില്‍ വേവിച്ച് ഒരു നല്ല സ്റ്റീല്‍ പാത്രത്തില്‍ ആക്കി മഴയത്ത് വച്ച് മഴവെള്ളേല്‍പ്പിക്കുക. ആ ചോറിന് മണിക്കൂറുകള്‍ക്കു ശേഷവും നിറഭേദവും ഗന്ധവ്യത്യാസവും ഉണ്ടാകാതെ ഇരിക്കുന്നു എങ്കില്‍ മഴവെള്ളം ഗാംഗമാണെന്നറിയുക.

 

ചോറിന് ഗുണഹാനി സംഭവിച്ചാല്‍ ഈ ജലം സാമുദ്രമാണ്. ശുദ്ധമായ പാത്രത്തില്‍ കേടുകൂടാതെ ഇരിക്കുന്ന ഗാംഗമായ ജലം എക്കാലവും ഉപയോഗിക്കാവുന്നതാണ്. സാമുദ്രമായ മഴവെള്ളം ഗുണമുള്ളതല്ല.