ഷൂ എങ്ങനെ തിരഞ്ഞെടുക്കണം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷൂ എങ്ങനെ തിരഞ്ഞെടുക്കണം?

വസ്‌ത്രധാരണത്തില്‍ ഷൂവിന്‌ ചെറുതല്ലാത്ത സ്ഥാനമുണ്ട്‌. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ വസ്‌ത്രധാരണ രീതിക്കും സ്‌റ്റൈലിനും അനുയോജ്യമായതും പൂര്‍ണ്ണത നല്‍കുന്നതുമായ ഷൂ തിരഞ്ഞെടുക്കണം. ഷൂവിന്റെ പ്രാഥമിക ധര്‍മ്മം കാലുകളെ സംരക്ഷിക്കുകയും പൊടിയില്‍ നിന്നും മറ്റും പാദങ്ങളെ പൊതിഞ്ഞ്‌ സൂക്ഷിക്കുകയുമാണ്‌. പക്ഷെ ഒരു വ്യക്തിയുടെ സ്റ്റൈല്‍ നിര്‍ണ്ണയിക്കുന്നതില്‍ അതിനുള്ള പങ്ക്‌ അവഗണിക്കാനാവില്ല. മനോഹരമായ ഷൂ നിങ്ങളുടെ സ്‌റ്റൈല്‍ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കും. ഓരോ ഷൂവിനും അതിന്റേതായ സ്‌റ്റൈലുണ്ട്‌. അതുകൊണ്ട്‌ അവ ചില പ്രത്യേകതരം വസ്‌ത്രധാരണ ശൈലിക്കും ചില പ്രത്യേക അവസരങ്ങള്‍ക്കും കൂടുതല്‍ ഇണങ്ങും.

ഫാഷനെ കുറിച്ചൊന്നും വലിയ പിടിയില്ലാത്തവര്‍ക്ക്‌ പ്രിയം കറുപ്പ്‌ ലെതര്‍ ഷൂകള്‍ ആയിരിക്കും. എന്നാല്‍ ലെയ്‌സോട്‌ കൂടിയ കറുത്ത ഷൂ ധരിക്കുന്നതും ബ്രൗണ്‍ സ്ലിപ്‌ ഇന്‍ ഷൂകള്‍ ധരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. വ്യത്യസ്‌ത സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമായ ഫോര്‍മല്‍ ഷൂകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ബിസിനസ്‌ ഷൂകള്‍

സ്യൂട്ടിനൊപ്പം എല്ലായ്‌പ്പോഴും ധരിക്കേണ്ടത്‌ ലെതര്‍ ഷൂ ആണ്‌. പാദത്തെ ആവരണം ചെയ്യുന്ന ഭാഗവും സോളിന്‌ മുകളില്‍ വരുന്ന ഭാഗവും ലെതര്‍ ആയിരിക്കണം. പാദം മറയ്‌ക്കുന്ന ഭാഗം മാത്രം ലെതറില്‍ നിര്‍മ്മിച്ചതും റബ്ബര്‍ സോളോട്‌ കൂടിയതുമായ ഷൂകള്‍ ഒഴിവാക്കുക. മൊത്തം ലെതറിലുള്ള ഷൂകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ ഫോര്‍മലാണെന്ന്‌ പറയാന്‍ കഴിയില്ല. ലെയ്‌സ്‌ അപ്‌ ഷൂകളാണ്‌ സാധാരണയായി ബിസിനസ്‌ ഷൂകള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഇവ കൂടുതല്‍ ഫോര്‍മലായി കരുതപ്പെടുന്നു.

 

2. ഫോര്‍മല്‍ ലെതര്‍ ഷൂകള്‍

ടക്‌സിഡോ സ്യൂട്ടുകള്‍ക്ക്‌ അനുയോജ്യമായ ഷൂ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ മുന്നിലുള്ള സാധ്യതകള്‍ പരിമിതമായിരിക്കും. സ്യൂട്ടുകളോടൊപ്പം ധരിക്കാവുന്ന ഷൂകളില്‍ നിന്ന്‌ വിഭിന്നമായി അധികം തുന്നലുകളുള്ള ഷൂകള്‍ ഒഴിവാക്കുക. ഫോര്‍മല്‍ ഷൂകള്‍ പൂര്‍ണ്ണമായും ഒറ്റനിറത്തിലുള്ളതായിരിക്കണം. ലെയ്‌സിന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ല. ഫോര്‍മല്‍ ഷൂകള്‍ക്ക്‌ കാഴ്‌ചയില്‍ നല്ല തിളക്കമുണ്ടാകണം. പേറ്റന്റ്‌ ലെതര്‍ താത്‌പര്യമില്ലാത്തവര്‍ക്ക്‌ നല്ല തിളക്കമുള്ള മാറ്റെ ബ്ലാക്ക്‌ ലെതര്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

 

3. ബിസിനസ്‌ ക്യാഷ്വല്‍ ഷൂകള്‍

ബിസിനസ്‌ ക്യാഷല്‍സ്‌ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓഫീസില്‍ നിന്നുള്ള പിക്‌നിക്‌, ഞായറാഴ്‌ചത്തെ ബ്രഞ്ച്‌ പോലുള്ള അവസരങ്ങളില്‍ സെമി ഫോര്‍മല്‍ വസ്‌ത്രങ്ങളായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. ഇത്തരം അവസരങ്ങളില്‍ ജീന്‍സും ബ്ലെയ്‌സറുമൊക്കെ നിങ്ങളുടെ സ്റ്റൈലിന്‌ മാറ്റുകൂട്ടും. ക്യാഷ്വല്‍ പാന്റ്‌സോ ഡീന്‍സോ ഷോര്‍ട്‌സോ ധരിക്കുമ്പോള്‍ സാധാരണ വസ്‌ത്രങ്ങളോടൊപ്പം ഉപയോഗിക്കുന്ന ഷൂകള്‍ ഇണങ്ങില്ല. ക്യാഷ്വല്‍ വസ്‌ത്രങ്ങളില്‍ പ്രെഫഷണല്‍ ലുക്ക്‌ തോന്നിക്കാനായി ലെതറില്‍ നിര്‍മ്മിച്ച ബോട്ട്‌ ഷൂകള്‍ പോലുള്ള ക്യാഷ്വല്‍ ഷൂകളോ ലോഫേഴ്‌സോ തിരഞ്ഞെടുക്കുക.

4. ലോഫേഴ്‌സ്‌

ധാരാളം യാത്ര ചെയ്യുന്ന ബിസിനസുകാരുടെ സുഹൃത്താണ്‌ ലോഫേഴ്‌സ്‌. എളുപ്പം ധരിക്കാനും അഴിക്കാനും കഴിയുമെന്നതാണ്‌ ഇവയുടെ സവിശേഷത. വ്യത്യസ്‌തമായ നിരവധി മോഡലുകളില്‍ ലഭിക്കുന്ന ഇവ ധരിക്കാനും സുഖപ്രദമാണ്‌. ലാളിത്യം കൂടുന്തോറും ലോഫേഴ്‌സ്‌ ഫോര്‍മലായി മാറി കൊണ്ടിരിക്കും. ഇരുണ്ട നിറങ്ങളിലുള്ളവയും ഫോര്‍മല്‍ ആയി കണക്കാക്കാം. കറുപ്പാണ്‌ ഫോര്‍മലാകാന്‍ ഏറ്റവും നല്ലത്‌. നിങ്ങളുടെ സോക്‌സ്‌ എത്രത്തോളം മറഞ്ഞിരിക്കുന്നുവോ അത്രത്തോളം ലോഫേഴ്‌സ്‌ ഫോര്‍മലാകും. ജീന്‍സ്‌, പാന്റ്‌സ്‌ എന്നിവയോടൊപ്പം ലോഫേഴ്‌സ്‌ ധരിക്കാം. ടൈ കെട്ടാത്തപ്പോള്‍ സ്യൂട്ടിനൊപ്പവും ഇത്‌ ധരിക്കാവുന്നതാണ്‌.

 


Loading...
LATEST NEWS