കണ്ണു തിളങ്ങാന്‍, സുന്ദരിയാവാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണു തിളങ്ങാന്‍, സുന്ദരിയാവാന്‍

നമ്മുടെ തിളക്കവും പ്രസരിപ്പും പ്രതിഫലിക്കുന്നതു കണ്ണിലൂടെയാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികള്‍, കാരറ്റ് തുടങ്ങി വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം കഴിക്കാം. തണുത്ത കട്ടന്‍ചായയിലോ പനിനീരിലോ പഞ്ഞിമുക്കി കണ്‍പോളകള്‍ക്കു മുകളില്‍ കുറച്ചു നേരം വച്ചാല്‍ കണ്ണുകഴപ്പും ക്ഷീണവും മാറും. ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും വെള്ളരിക്ക വട്ടത്തില്‍ മുറിച്ചതും ഇതുപോലെ കണ്ണിനു മുകളില്‍ വയ്ക്കാം. എട്ടുമണിക്കൂര്‍ ഉറക്കവും എട്ടുഗാസ് വെള്ളവും കണ്ണിന്റെ ആരോഗ്യ ഫോര്‍മുലയാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറാന്‍ ബദാം എണ്ണയും നാരങ്ങാനീരുമോ, തക്കാളിനീരും നാരങ്ങാനീരുമോ, ഗിസറിനും തേനുമോ അല്ലെങ്കില്‍ പാലും നാരങ്ങാനീരുമോ യോജിപ്പിച്ചു പുരട്ടാം. പാല്‍പ്പാടയും പുതിനയിലയരച്ചതും പുരട്ടുന്നതും നന്ന്. 

പുരികത്തിന്റെ രൂപഭംഗി കണ്ണിന്റെ അഴകു കൂട്ടും. പരിചയസമ്പന്നയായ ബ്യൂട്ടീഷ്യന്‍ പുരികത്തിന്റെ പോരായ്മകള്‍ നികത്തി ഭംഗിയായി ത്രെഡ് ചെയ്തു നല്‍കും. പുരികക്കൊടികള്‍ക്ക് ഒരേ നീളമാകാന്‍ ശ്രദ്ധിക്കണം കണ്ണിനു ഭംഗി കൂട്ടാന്‍ ഐഷാഡോ ഇടാം. പകല്‍ നേര്‍മയായും രാത്രി കട്ടിയായും ഇടാം. കണ്ണിന്റെ അകംമൂലയില്‍നിന്ന് പുറംമൂലയിലേക്കാണ് ഐഷാഡോ വരയ്ക്കേണ്ടത്. കുഴിഞ്ഞ കണ്ണുള്ളവര്‍ക്ക് ഇളം ഷേഡുകളാണ് നല്ലത്. ഉണ്ടക്കണ്ണുള്ളവര്‍ അകംമൂലയില്‍ കടുത്ത ഷേഡും പുറത്തേക്കു വരുംതോറും ഇളം ഷേഡും ഉപയോഗിക്കണം. 

ചെറിയ കണ്ണുള്ളവര്‍ അകംമൂലയില്‍ ചെറിയ ഡോട്ട് കണ്‍സീലര്‍ ഉപയോഗിക്കുന്നത് നന്ന്. ഐഷാഡോ നടുവില്‍ വളരെ നേര്‍മയായി ഇടണം. കണ്ണിന്റെ ഭംഗിക്ക് ഐലൈനര്‍ അത്യാവശ്യം. കറുപ്പ്, നീല, മെറൂണ്‍ തുടങ്ങി പല നിറത്തിലും ഐ ലൈനര്‍ ലഭിക്കും. മുടിക്കും ചര്‍മത്തിനും യോജിക്കുന്ന കളര്‍ തിരഞ്ഞെടുക്കാം. വാട്ടര്‍പ്രൂഫ് ഐലൈനറും പീല്‍ ഒാഫ് ഐലൈനറുകളും ഇപ്പോള്‍ ലഭിക്കും. 

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍ മസ്കാര ഉപയോഗിക്കാം. കണ്ണിന്റെ മേക്കപ്പിന് ഉപയോഗിക്കുന്ന കോസ്മെറ്റിക്കുകളെല്ലാം നല്ല നിലവാരമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കാം. കണ്ണിനുള്ളില്‍ കണ്‍മഷിയോ കാജലോ ഉപയോഗിക്കാം. പരക്കാതെ എഴുതാന്‍ ശ്രദ്ധിക്കണം. കണ്ണിലെ മേക്കപ്പ് ഉറങ്ങും മുമ്പ് പൂര്‍ണമായും കഴുകിക്കളയണം. ഇതിന് പ്രത്യേക ഐ മേക്കപ്പ് റിമൂവര്‍ ലഭ്യമാണ്. മറ്റുള്ളവരുടെ ഐ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കരുത്. 


LATEST NEWS