ഓല പീപ്പി

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓല പീപ്പി

         1970 കളില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ക്രിഷ് കൈമള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഓലപീപ്പി. ഇറോസ് ഇന്‍റര്‍ നാഷണല്‍ റിലീസ് ചെയ്ത ഈ സിനിമ വൈബ്സന്‍ മൂവീസിന് വേണ്ടി സുനില്‍ ഇബ്രാഹിം നിര്‍മിച്ചിരിക്കുന്നു.1977 ലെ ഭൂപരിഷ്കരണ കാലഘട്ടത്തില്‍ കേരളത്തിലെ ഒരു വരേണ്യ വര്‍ഗ കുടുംബതിതിലതുണ്ടാക്കിയ പ്രശ്നങ്ങ്ളാണ് ചിത്രത്തിന്‍റെ പ്രമേയം. ബിജു മേനോന്‍ ,പാരിസ് ലക്ഷ്മി,രയ്ന മറിയ ,പുന്നശ്ശേരി കാഞ്ചന,ശ്രീജിത്ത് രവി,അഞ്ജലി അനീഷ്,മാസ്റ്റര്‍ ദേവ് തുടങ്ങിയവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു. ക്രിഷ് കൈമള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണവും.

         ശ്രീധരന്‍ ആരെയോ കാത്തു നില്‍ക്കുന്നിടത്ത് നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.(അവിടെ അയാളെ ശല്യം ചെയ്യാനായി ഒരു മദ്യപാനി എത്തുന്നു).വരുന്നത് ശ്രീധരന്‍റെ മായക്കുഞ്ഞമ്മയുടെ മകന്‍ ഉണ്ണിയാണ്. ഉണ്ണി അമേരിക്കയിലായിരുന്നു.അയാളുടെ ഭാര്യ വിദേശ വനിതയാണ്.അയാളുടെ മകള്‍ ലക്ഷ്മിയുമുണ്ട് കൂടെ. മകള്‍ക്ക് എട്ടോ പത്തോ വയസ്സുകാണും. അവര്‍ നേരെ പോകുന്നത് ഉണ്ണിയുടെ തറവാട്ടിലേക്കാണ്.അവിടെ ഇപ്പോള്‍ ആരുമില്ല.മുത്തശ്ശി മരിച്ചു.മുത്തശ്ശി പട്ടിണി കിടന്നാണ് മരിച്ചത് എന്ന് ശ്രീധരന്‍റെ അമ്മ പറയുന്നുണ്ട്.എന്നാല്‍ അങ്ങനെ ഒരു സാഹചര്യത്തിലല്ല ഉണ്ണിയുടെ മുത്തശ്ശി മരിക്കുന്നത്.മാത്രവുമല്ല ആ സമയത്ത് ഉണ്ണി അവിടെ ഉണ്ടായിരുന്നു താനും. ഉണ്ണിയുടെ പെങ്ങള്‍ കേശവന്‍റെ കൂടെ പോയതിനാല്‍ അയാളുടെ അമ്മ (സുഭദ്ര) ആരോടും മിണ്ടാട്ടമില്ലാതെ ഒരു മുറിയില്‍ അടച്ചിരിപ്പായിരുന്നു.ഒരുനാള്‍ പുഴയില്‍ കുളിക്കാന്‍ പോയ അവരെ കാണാതാവുകയായിരുന്നു. അവരുടെ ശവം പോലും കിട്ടിയില്ല എന്നും ശ്രീധരന്‍ ഉണ്ണിയോട് പറയുന്നുണ്ട്. കേശവന്‍ എന്തോ ബിസിനെസ്സ് നടത്തുകയായിരുന്നു എന്ന് പറയുന്നുണ്ട് ശ്രീധരന്‍.അത് പൊളിഞ്ഞതുകൊണ്ടാണ് അയാളിപ്പോള്‍ മുഴുക്കുടിയനായി മാറിയിരിക്കുന്നത്.ഒരു നായയെ പോലെ കാവല്‍ കിടന്നാണ് അയാള്‍ സുഭദ്രയ്കും ക്കും പെങ്ങള്‍ ദേവിക്കും തുണയായത്.

              ഇത് പുതിയ കാലത്തിന്‍റെ കഥ.എന്നാല്‍ ഉണ്ണിയുടെ ചെറുപ്പകാലം ഇങ്ങനെ ഒന്നുമല്ലായിരുന്നു.ഭൂപരിഷ്കരണം കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരുന്ന സമയമായിരുന്നു അത്.ഇന്നും അതൊരു വിവാദമാണല്ലോ.അര്‍ഹതപ്പെട്ടവര്‍ക്കല്ല ഭൂമി ലഭിച്ചത് എന്നാണിന്ന് പലരും വിശ്വസിക്കുന്നത്.പലരും വഞ്ചനയിലൂടെ ജന്മിമാരില്‍ നിന്നും ഭൂമി തട്ടിപ്പറിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.ഏതായാലും ഒരു കാര്യം സത്യമാണ്.മിച്ച ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്സറ്റ് പാര്‍ട്ടിയോടൊപ്പം നിന്ന പലരും ഭൂമി ലഭിച്ച് കഴിഞ്ഞപ്പോള്‍ പ്രഭുക്കന്മാരായി,കോണ്‍ഗ്രസ്സുകാരായി.ഈ സിനിമയിലെ രാജപ്പന്‍ (ശ്രീജിത്ത് രവി) കോണ്‍ഗ്രസ്സാവുന്നില്ലെങ്കിലും പിന്തിരിപ്പനാകുന്നുണ്ട്.അയാള്‍ വായിക്കുന്ന പുസ്തകം ചുവന്ന പുറം ചട്ടയുള്ളതാണ്.അയാളുടെ വീട്ടിലെ ഭിത്തിയില്‍ തൂങ്ങുന്നത് പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ ചിത്രങ്ങളാണ്. അയാള്‍ ആറാട്ടുപുര തറവാട്ടിലെ ഗോവിന്ദന് പഠന ആവശ്യത്തിനായ് ഭൂമി ഈടിന്മേല്‍ കുറച്ച് പണം കൊടുത്തിരുന്നു.എന്നാല്‍ അയാളിപ്പോള്‍ ആ ഭൂമി സ്വന്തമാക്കുകയാണുണ്ടായത്.

                    ആ ഗോവിന്ദന്‍ കല്‍ക്കട്ടയിലൊക്കെ പോയി പരാജിതനായി തിരിച്ച് വരുന്നുണ്ട്. സുഭദ്രയുടെ മകനും ,അതായത് ഉണ്ണിയും മുത്തശ്ശിയും ഇപ്പോള്‍ ആറാട്ടുപുര തറവാട്ടില്‍ ഒറ്റക്കാണ്.അവര്‍ കഴിഞ്ഞുകൂടുന്നതാകട്ടെ കപ്പയും ചക്കയുമൊക്കെ വേവിച്ചും വെട്ടിക്കഴിച്ചുമൊക്കെയാണ്.തറവാട് മുടിഞ്ഞു. വാല്യക്കാരും പത്തായത്തിലെ നെല്ലുമൊക്കെ ഓര്‍മകള്‍ മാത്രമായി. ഉണ്ണി നന്നായി പ‌ഠിക്കുന്ന കുട്ടിയാണെങ്കിലും അവന്‍ ഒരു ജോഡി വസ്ത്രമേയുള്ളു.ക്ളാസ്സില്‍ ഉച്ചക്ക് അവനെന്നും പട്ടിണിയാണ്.അവന്‍റെ ഉറ്റ ചങ്ങാതി ജയന്‍റെ വീട്ടില്‍ ജയനെ കൂടെ കൂട്ടാനെത്തുന്പോള്‍ ജയന്‍റെ അമ്മയുടെ ഉണ്ണീ ഇന്നെന്താണ് കഴിച്ചത് എന്ന ചോദ്യത്തിന്ന് അവന് ഇഢലിയും ചമ്മന്തിയും ദോശയും ചമ്മന്തിയും എന്നൊക്കെ നുണ പറയുന്നുണ്ട്. .പട്ടിണി കിടന്നാലും മോഷ്ടിക്കരുത് എന്നാണ് അവന്‍റെ മുത്തശ്ശി അവനെ പഠിപ്പിച്ചിരിക്കുന്നത്.നുണ പറയുന്നതാകട്ടെ ബാല്യത്തിന്‍റെ ദൗര്‍ബ്ബല്യവും.

           ഉണ്ണിയുടെ അച്ഛന്‍ ഒരു നന്പൂതിരിയാണ്.അയാളും ഗൗരിയും ഉണ്ണിയുടെ പെങ്ങളും അയാളുടെ ഇല്ലത്താണ് താമസം.ഇടക്കിടെ അവര്‍ ആറാട്ടുപുരയിലേക്ക് വരുന്നതു തന്നെ ആ വീടും പറന്പും ലക്ഷ്യമിട്ടാണ്. ആ അച്ഛന്‍ നന്പൂതിരിക്ക് ഉണ്ണിയെ ഇഷ്ടമല്ല.അവന്‍ കന്നിമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചതാണത്രേ കാരണം.അതു സമ്മതിച്ചാല്‍ തന്നെയും നായര്‍ സ്ത്രീയെ നന്പൂതിരി സംബന്ധം ചെയ്താല്‍ ആ സ്ത്രീയുടെ വീട്ടിലാണല്ലോ താമസിക്കുന്നത്.ഇല്ലത്തേക്ക് കൊണ്ടുപോകുന്ന പതിവില്ലല്ലോ. ഏതായാലും അച്ഛന്‍ നന്പൂതിരിയുടെ ആ വരവ് ഒരര്‍ത്ഥത്തില്‍ ഉണ്ണിക്ക് ആശ്വാസമാണ്.ഉണ്ണിക്ക് തന്‍റെ പെങ്ങളുമായി ചങ്ങാത്തം കൂടാം.നല്ലൊരു ഊണും കിട്ടും.ഊണിനേക്കാള്‍ അവന്‍ആഗ്രഹിക്കുന്നത് അവന് അവന്‍റെ  പെങ്ങളെ കാണുക എന്നതിനാണ്. അങ്ങനെ ആ നന്പൂതിരി വന്ന ഒരു ദിവസമാണ് അയാളുടെ ഉച്ചയൂണ് കഴിഞ്‍ഞുള്ള ഉറക്ക സമയത്ത് ഉണ്ണി ‍ടൈം പീസില്‍ ശബ്ദമുണ്ടാക്കി അയാളെ ഉണര്‍ത്തുന്നത്.അയാള്‍ അവനെ ശകാരിച്ച് അവിടെ നിന്നും ഓടിക്കുന്നു. നന്പൂതിരിയുടെ അഞ്ച് രൂപയും താക്കോലും മോഷ്ടിച്ചെന്നാരോപിച്ച് നന്പൂതിരി ഉണ്ണിയെ  മര്‍ദ്ദിക്കുന്നുണ്ട്.തന്‍റെ കുട്ടി മോഷ്ടിക്കില്ല താന്‍ അങ്ങനെയാണവനെ വളര്‍ത്തിയത് എന്ന് മുത്തശ്ശി വിലപിക്കുന്നുണ്ട്.മുത്തശ്ശിയും അവനെ ചെറുതായൊന്ന് അടിക്കുന്നുണ്ട്.ആ വേദനയാല്‍ അവന്‍ കട്ടിലിനടിയില്‍ കയറിയിരുന്ന് വിലപിക്കുന്നു.മുത്തശ്ശി ഉണ്ണിയെ ആശ്വസിപ്പിക്കാനെത്തുന്നു.നന്പൂതിരിയും സുഹൃത്തും ഊണ് കഴിക്കുന്നത് നോക്കിയിരിക്കുന്ന ഉണ്ണിയുടെയും പെങ്ങളുടേയും മിഡ് ഷോട്ട് ആരുടേയും കരളലിയിക്കാന്‍ പോന്നതാണ്. ഒരിക്കല്‍ വിശപ്പുകൊണ്ടവന്‍ സ്കൂളില്‍ തലചുറ്റി വീഴുന്പോള്‍ അദ്ധ്യാപകന് പോലും അവ‍ജ്ഞയായിരുന്നു പുറത്ത് കാണിക്കാനുണ്ടായിരുന്നത്. വിശപ്പുകൊണ്ടവന്‍ ക്ളാസ്സിലിരുന്ന് ഉറങ്ങിപ്പോയിരുന്നു.അദ്ധ്യാപകന്‍ അവനെ ക്ളാസ്സിന് വെളിയില്‍ നിറുത്തി ശിക്ഷിക്കുകയായിരുന്നു. ഉണ്ണിയുടെ കൂട്ടുകാരന്‍ ജയന് മാത്രമാണ് അവനെ മനസ്സിലാകുന്നത്.ജയന് വിനോദയാത്ര പോകാന്‍ കഴിയാതെ വരുന്പോള്‍ ആ ചാന്‍സില്‍ വിനോദയാത്ര പോകുന്നത് ഉണ്ണിയാണ്.അപ്പോഴും ഒരദ്ധ്യാപകന്‍ പറയുന്നത് നോക്കുക. ഉണ്ണീ കോളടിച്ചല്ലോ എന്നാണ്. റേഷന്‍ പീടികയില്‍ സഹായ വിലക്ക്കപ്പ വാങ്ങാന്‍ ചെന്ന ഉണ്ണിയെ കടക്കാരനും പരിഹസിക്കുന്നുണ്ട്. ആയ കാലത്ത് ഉണ്ണിയുടെ കുടുംബം ചെയ്ത് കൂട്ടിയ പാപത്തിന്‍റെ ഫലമാണിതെന്നാണ് അയാളുടെ ഉദീരണം.അതിന് ഇപ്പോള്‍ ഈ കുട്ടി എന്ത് പിഴച്ചു എന്ന് അവിടെ കൂടിയ ചിലര്‍ ചോദിക്കുന്നുമുണ്ട്. അത് ചോദിക്കുന്നതാകട്ടെ കറുത്ത നിറമുള്ള ഒരാളാണ്.പീടികക്കാരനും കറുത്ത നിറമുള്ളയാളാണ്.ഇവരെ ഇങ്ങനെയൊക്കെ അവതരിപ്പിക്കുന്നത് വെറുതെയല്ല.രാജപ്പനും കറുത്ത നിറമുള്ളയാളാണ്.

                     രാജപ്പന്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയെ പറ്റി സംസാരിക്കാന്‍ മുത്തശ്ശിയും ഉണ്ണിയും നടന്നു ചെല്ലുന്ന കാഴ്ച ഹൃദയാര്‍ദ്രമാണ്.എന്നിട്ടയാളുടെ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് ഒരു യാചകയെ പോലെ (ഇരക്കാന്‍ ചെന്നതല്ല മുത്തശ്ശി ചോദിക്കാന്‍ ചെന്നതാണ്) അയാള്‍ കൊടുക്കുന്ന നൂറ് രുപ കൈനീട്ടി വാങ്ങുന്നത് ഉണ്ണിക്ക്  വേണ്ടിയാണ്.അപ്പോഴും ആ മുത്തശ്ശിക്ക് പരിഭവമൊന്നുമില്ല. സഹനത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമായാണ് മുത്തശ്ശിയെ സൃഷ്ടാവ് അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ ആനിവേഴ്സറിക്ക് പങ്കെടുക്കാന്‍ ഉണ്ണിക്ക് പുത്തനുടുപ്പ് വാങ്ങാനാണ് മുത്തശ്ശി ആഗ്രഹിക്കുന്നത്.സ്കൂളിലവന്‍ ഒന്നാമനാണ് .പഠിത്തത്തിലായാലും കലാ പ്രവര്‍ത്തനത്തിലായാലും.ചിത്രം വര,കവിതാ പാരായണം ഇതൊക്കെയാണ് കുട്ടികളുടെ അന്നത്തെ കലാപ്രവര്‍ത്തനം.ഉണ്ണിക്ക് സമ്മാനം കിട്ടുന്പോള്‍ രാജപ്പന്‍ ഇരുപത്തി ഒന്ന് രൂപ അവന് സമ്മാനമായി നല്‍കുന്നുണ്ട്.ഉണ്ണിക്ക് സമ്മാനം കിട്ടുന്നത് കാണാന്‍ മുത്തശ്ശി പോകുന്നതും അനുഭവമാണ്.നമുക്കത് ഹൃദയത്തിലനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് കാരണം.ഹൃദയത്തില്‍ നിന്നും വരുന്നതേ ഹൃദയത്തിലേക്ക് പോകൂ.ക്രിഷ് കൈമള്‍ ഹൃദയത്തില്‍ തൊട്ടാണ് ഈ സിനിമ  നിര്‍മ്മിച്ചിരിക്കുന്നത്. ജയന്‍റെ മരണം അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.ടൂര്‍ കഴിഞ്ഞെത്തുന്ന കുട്ടികളോട് ശബ്ദമുണ്ടാക്കാതെ ഇറങ്ങാനാണ് ടീച്ചര്‍മാര്‍ ആവശ്യപ്പെടുന്നത്.മൗനത്തിന്‍റെ ശക്തികൊണ്ടാണ് ജയന്‍ മരിച്ച വിവരം സൃഷ്ടാവ് നമ്മെ അറിയിക്കുന്നത്.സ്കൂള്‍ ഗ്രൗണ്ടില്‍ ഒറ്റക്ക് നിന്ന് കരയുന്ന ഉണ്ണിയുടെ ദൃശ്യവും വേദനാജനകം തന്നെ. മുത്തശ്ശിയുടെ മരണവും നമ്മെ പിടിച്ചുലക്കാന്‍ പോന്നതാണ്.മലയാളസിനിമയിലെ വേജനാജനകമായ ഒരു കാഴ്ചയാണത്.മലയാള സിനിമയില്‍ നമ്മള്‍  കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കണ്ട ചങ്കില്‍ തറച്ച മരണ സീനാണത്. ഈ സിനിമ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത് ഫ്ളാഷ് ബാക്ക് ശൈലിയിലാണ്.അത് പക്ഷേ അരോചകമാവുന്നില്ല.പഴയൊരു ടെക്നിക്കാണിത് എന്നും പ്രേക്ഷകര്‍ക്ക് തോന്നുന്നതേയില്ല. സ്നേഹത്തിന്‍റെ സാന്ത്വന സ്പര്‍ശം കൂടി ഈ സിനിമ ആവാഹിച്ചിരിക്കുന്നു.ദേവിയേയും മക്കളെയും ഉണ്ണി കാണുന്ന സീനുകള്‍ നമ്മെ അതാണനുഭവിപ്പിക്കുന്നത്.ഉണ്ണിയും ദേവിയും അടുക്കളയില്‍ വച്ച് സംസാരിക്കുന്നതും നമ്മെ ആ സ്നേഹത്തിന്‍െറ ഭാവമാണ് അനുഭവിപ്പിക്കുന്നത്.അവര്‍ക്ക് വേണ്ടിയാണ് രാജപ്പന്‍റെ കയ്യില്‍ നിന്നും ഭൂമി വില്ക്കുവാങ്ങി അവിടെ  കട കെട്ടിക്കൊടുക്കാന്‍ ഉണ്ണി തയ്യാറാകുന്നതും അതിനാലാണ്.ദേവിയായിട്ടുള്ള അഞ്ജലി അനീഷിന്‍റെ പ്രകടനം ഗംഭീരമായി എന്നു തന്നെ പറയാം. കേശവനെ ചികിത്സിച്ച് അയാളുടെ കുടി നിറുത്തിച്ചത് ഉണ്ണിയാണ്.ഇതൊക്കെ കാരണം കൊണ്ടാണ് ഈ ഭൂമി കുട്ടികളുടെ പേരിലാണ് ഉണ്ണി എഴുതിവച്ചത് എന്നറിയുന്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞ് ഉണ്ണിയെ കെട്ടിപ്പിടിക്കുന്നത്.

                  മികച്ച ചലച്ചിത്ര ഛായാഗ്രഹണത്തിന്‍റെ ലാ‍ഞ്ചന ഈ സിനിമയില്‍ അവിടവിടെ കാണാമെങ്കിലും അതിനെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഛായാഗ്രഹണം കൂടി നിര്‍വഹിച്ച സംവിധായകന് കഴിയുന്നില്ല.പക്ഷേ അത് ഈ സിനിമ ഒരു മികച്ച സിനിമ ആക്കുന്നതില്‍ നിന്നും സംവിധായകനെ പിന്നോട്ടടിപ്പിക്കുന്നില്ല.നന്പൂതിരി സുഭദ്രയെ ഉപേക്ഷിക്കുന്നതും അവര്‍ നാലുമാസം പ്രായമായ കുട്ടിയേയും പേറി ആറാട്ടുപുര തറവാട്ടിലെത്തുന്നതും നമ്മെ പിടിച്ചുലക്കാതിരിക്കില്ല.അവിടെ മുത്തശ്ശി തളര്‍ന്നു വീഴുന്നു.അവിടെ മാത്രമേ മുത്തശ്ശി തളരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.മുത്തശ്ശിയായെത്തിയ അഭിനേത്രി ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.മുത്തശ്ശിയെ ആശുപത്രിയിലെത്തിക്കാന്‍ പണത്തിനായ് രാജപ്പനെ സമീപിക്കുന്നുണ്ടല്ലൊ കൊച്ചു ഉണ്ണി. അയാള്‍ അവനെ ആട്ടിപ്പായിക്കുകയാണ്.പിന്നീട് മുത്തശ്ശിയുടെ മരണശേഷം അവന്‍ വീണ്ടും രാജപ്പനെ കാണാനെത്തുന്നു.അവന്‍ കല്ലെടുത്തെറിഞ്ഞ് രാജപ്പന്‍റെ ഒരു കണ്ണ് പൊട്ടിക്കുന്നു.അവനെ ആളുകള്‍ കൊല്ലാനോടിക്കുന്നു.അവന്‍ ഓടുകയാണ്.പച്ചപ്പുകള്‍ക്കിടയിലൂടെ അവന്‍ ഓടുകയാണ്.അവസാനം നമ്മള്‍ കാണുന്നത് അമേരിക്കയിലേക്ക് തിരികെ സന്തോഷത്തോടെ  പോകുന്ന ഉണ്ണിമേനോനെയും കുടുംബത്തെയുമാണ്.അവിടെ സിനിമ അവസാനിക്കുന്നു.

മലയാള സിനിമാ നിര്‍മാണം ഡിജിറ്റലായിട്ട് കുറേ വര്‍ഷങ്ങളായി.ട്രാഫികിലും സാള്‍ട്ട് ആന്‍ പെപ്പറിലൂടെയാണ് പിന്നീട് ന്യൂ ജനറേഷന്‍ സിനിമകള്‍ ആരംഭിച്ചത്.എന്നാലിന്നു വരെ മികച്ച ഒരു സിനിമ ന്യൂ ജനറേഷന്‍ സംവിധായകരില്‍ നിന്നുമുണ്ടായിട്ടില്ല.അതിനിവിടെ അറുതി വന്നിരിക്കുന്നു.മായയെന്നും സുഭദ്രയെന്നൊക്കെയുള്ള തെറ്റുകള്‍ ഈ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്.ഛായാഗ്രഹണത്തില്‍ പിഴവുകള്‍ ഈ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്.എങ്കിലും ഈ സിനിമ ഒരു മികച്ച സിനിമയായി മാറുന്നു.ദിനാത്ത് പുത്തഞ്ചേരിയും അനില്‍ ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ മനോഹരം തന്നെ.തുടക്കത്തില്‍ ടൈറ്റില്‍ കാണിക്കുന്നതില്‍ കയ്യടക്കം കാണിച്ച സംവിധായകന്‍ അവസാനം എ ഫിലിം ബൈ ക്രിഷ് കൈമള്‍ ആന്‍റ് ടീം എന്നെഴുതിക്കാണിച്ചപ്പോള്‍ അത് അരോചകമായി.സിനിമ സംവിധായകന്‍റേതാണ്.അത് സിനിമാ നിര്‍മാണത്തിനിടെ കാറോടിക്കാന്‍ എത്തുന്നവരുടേതല്ല.അവിടെ ചായ കൊണ്ട് കൊടുക്കാനെത്തുന്നവരുടേതല്ല.


Loading...