സമകാലിക വിഷയങ്ങളെ  പ്രണയ കഥയിലൂടെ പ്രശ്ന വത്ക്കരിക്കുന്ന ന്യൂ ജൻ സിനിമ ആനന്ദം

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമകാലിക വിഷയങ്ങളെ  പ്രണയ കഥയിലൂടെ പ്രശ്ന വത്ക്കരിക്കുന്ന ന്യൂ ജൻ സിനിമ ആനന്ദം

                        വിനീത് ശ്രീനിവാസനും വിനോദ് ഷൊര്‍ണ്ണൂരും ഹാബിറ്റ് ഓഫ് ലൈഫ് ,കാസ്റ്റ് എന്‍ ക്രൂ എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ആനന്ദം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖമായ ഗണേഷ് രാജാണ്. .ഈ സിനിമയില്‍ പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.അതു തന്നെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. കുപ്പി ,ദേവിക, അക്ഷയ് ,ദിയ, വരുണ്‍,,ഗൗതം ,ദര്‍ശന തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍.

                      സ്റ്റഡി ടൂറിന്‍റെ ഭാഗമായി ദക്ഷിണേന്ത്യയിലേക്ക് മാത്രം ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന് പോകുന്ന ,എഞ്ചിനീയറിനംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.അക്ഷയ് യും ദിയയും വരുണും കുപ്പിയും ഗൗതമും. ദക്ഷിണേന്ത്യ വിട്ടുപോകുന്നതിന് മാനേജ് മെന്‍റ് നിബന്ധനകള്‍ വയ്ചിട്ടുണ്ടാകാം.അക്ഷയ്ക് ദിയയോട് പ്രണയമുണ്ടെങ്കിലും തുറന്നുപറഞ്ഞിട്ടില്ല ഇതുവരെ .ഈ ഐ.വി(ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്) അതിനുള്ള അവസരമൊരുക്കും എന്നാണ് അക്ഷയ് യും കൂട്ടുകാരും പ്രതീക്ഷിക്കുന്നത്.അക്ഷയ്യുടെ സുഹൃത്തുക്കളാണ് മറ്റുള്ളവര്‍.അവര്‍ ആകോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ്.

                      കര്‍ണ്ണാടകയിലെ ഹംപിയിലേക്കാണ് അവര്‍ പോകുന്നത്.ആ യാത്രയില്‍ അവര്‍ക്ക് മദ്യപിക്കണമെങ്കില്‍ അതിന് സാധിക്കാതെ വന്നിരിക്കുന്നു.ചാക്കോ മാഷാണ് തടസ്സമായി നില്‍ക്കുന്നത്.അദ്ദേഹമാണ് ആ യാത്രയില്‍ അവരോടൊപ്പം യാത്രചെയ്യുന്ന മെയില്‍ സ്റ്റാഫ്.(ഫീമെയില്‍ സ്റ്റാഫ് ലൗലി മിസ്സാണ്.അവര്‍ക്കിടയിലും പ്രണയമുണ്ട്.) അതുകൊണ്ടാണ് യാത്ര ചെയ്യുന്ന ബസ്സില്‍ അവര്‍ മദ്യക്കുപ്പികളൊളിപ്പിക്കുന്നത്.അതും അദ്ധ്യാപകന്‍ ഇരിക്കേണ്ട സീറ്റിനടിയില്‍ തന്നെ.

                      വളരെ ആഘോഷമായി അവര്‍ യാത്രയാരംഭിക്കാനിരിക്കെ ആണ് ദിയ എത്തിയിട്ടില്ല എന്ന് വരുണ്‍ ശ്രദ്ധിക്കുന്നത്.അത് അക്ഷയ് യില്‍ നിരാശയുണ്ടാക്കുന്നു. തുടക്കത്തിലുള്ള മദ്യക്കുപ്പി വണ്ടിയില്‍ വയ്കാന്‍ പോകുന്ന സീനിന്‍റെ ബോറിംഗ് ഒഴിവാക്കിയാല്‍ ബാക്കി എല്ലാ സീനുകളും രസകരമായൊരുക്കാന്‍ സ്രഷ്ടാവിന് കഴിഞ്ഞിട്ടുണ്ട്.നമ്മുടെ ദേശീയ നേതാക്കന്മാരുടെ മുഖം മൂടി ധരിച്ചാണവര്‍ ആ ഉദ്യമത്തിന് പുറപ്പെടുന്നത്. നമ്മുടെ നേതാക്കന്മാരൊക്കെ പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന് സൂചിപ്പിക്കാനാകും സംവിധായകന്‍ ഇത്തരത്തിലൊരു രീതി പിന്‍തുടര്ന്നത്  എന്നാല്‍ പിന്നീടങ്ങോട്ട് പ്രണയത്തില്‍ മാത്രമാണ് സംവിധായകന്‍റെ ശ്രദ്ധ.

                    അതൊരു കുറവായിട്ട് പറയുകയല്ല,അങ്ങനെ ചെയ്യാനാണ് സംവിധായകന്‍ അപ്പോള്‍ ആഗ്രഹിച്ചത്.അത്രമാത്രം.തീം ആവശ്യപ്പെടുന്നതും അതു തന്നെ.അപ്പോള്‍ അതില്‍ രാഷ്ട്രീയം കുത്തിക്കലര്‍ത്തേണ്ട ആവശ്യമില്ല.ഇതാണ് ഔചിത്യ ബോധം എന്നു പറയുന്നത്.അതുകൊണ്ടാണ് ഈ സിനിമ പ്രേക്ഷകര്‍ കണ്ടിരുന്നു പോകുന്നത്.പക്ഷെ മറ്റൊരു കൂട്ടരുണ്ട്.എഴുത്തുകാരിലാണിവര്‍ അധികവും കണ്ടു വരുന്നത്.അവര്‍ക്ക്  ഇടയ്കിടക്ക് രാഷ്ട്രീയം എന്ന വാക്കുപയോഗിച്ചില്ലെങ്കില്‍ ഉറക്കം വരികയില്ല.ചിലര്‍ക്ക് ദറീദ എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കണം.ഇതൊരുതരം രോഗമാണ് എന്ന് മാത്രമാണ് പറയുന്നത്.ഏതായാലും ഈ സംവിധായകന്‍ സര്‍ഗ്ഗാത്മകനായതുകൊണ്ട് അത്തരം വിപര്യയങ്ങള്‍ ഇവിടെ സംഭവിക്കുന്നില്ല.

                   ചില ഇന്‍ഡസ്ട്രികളൊക്കെ വിസിറ്റ് ചെയ്തുകൊണ്ട് അവരുടെ യാത്ര ഹംപിയിലെത്തുന്നു.ഗൗതമായിരുന്നല്ലോ ആ യാത്ര എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് ക്ളാസ് റൂമില്‍ വിശദീകരിച്ചത്.അവിടെ തുടങ്ങിയ ഹാസ്യാത്മകത അവസാനം വരെ നിലനിറുത്താന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്.ആ ബസ്സ് യാത്രയിലെ ചാക്കോ മാഷ് ,ലൗലി മിസ്സ് ,കുപ്പി,ദേവിക,ഗൗതം തുടങ്ങിയവരുടെ നര്‍മസംഭാഷണങ്ങള്‍ രസകരമാണ്.ആസ്വാദ്യകരമാണ്.

                  ഹംപിയില്‍ വച്ചാണ് അക്ഷയ് യ്ക് തന്‍റെ മോഹം സാക്ഷാത്കരിക്കാന്‍ അവസരമൊരുങ്ങുന്നത്.പാപി ചെല്ലുന്നിടം പാതാളം പോലുള്ള സ്ഥലങ്ങള്‍ അന്വേഷിച്ച് പോകുന്പോളാണ് അക്ഷയ് യ്ക്  ദിയയോട് കൂടുതല്‍ സംസാരിക്കാന്‍ അവസരമൊരുങ്ങുന്നത്. .അങ്ങനെ അവര്‍ കൂടുതല്‍ അടുക്കുന്നു..ദിയയെ ആദ്യം പ്രണയിക്കാന്‍ ശ്രമിച്ചത് അരുണിന്‍റെ വരുണ്‍ ആയിരുന്നു.അത് പരാജയപ്പെട്ടു.പ്രണയവും സൗഹൃദവും തമ്മിലുള്ള വ്യത്യാസത്തെ പ്രേക്ഷകര്‍ക്കനുഭവിക്കാന്‍ ഒരുക്കി വച്ചതാണീ സീനുകള്‍.കോളേജ് ലൈഫില്‍ നിന്നും ഇതൊക്കെ വേണ്ടുവോളം ലഭിക്കും.സംവിധായകന്‍ കണ്ടുപരിചയിച്ചതോ സ്വയം അനുഭവിച്ചതോ ആകാം ഇതൊക്കെ. ചാക്കോ മാഷിന്‍റെയും ലൗലി മിസ്സിന്‍റെയും പ്രണയം സംവിധായകന്‍ ഒട്ടും അത്യുക്തിയില്ലാതെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

                 ഇതൊക്കെ കുട്ടിക്കളിയായി പ്രേക്ഷകര്‍ക്ക് തോന്നാം.എന്നാല്‍ സംവിധായകന്‍ ഗണേഷ് രാജിന് ഇതത്ര കുട്ടിക്കളിയല്ല.ആദ്യത്തെ മുഖംമൂടി ധരിച്ച പിള്ളേര്‍ തന്നെ ഉദാഹരണം.പിന്നെ ദിയയുടെ ഡയലോഗ് ശ്രദ്ധിച്ചാലറിയാം അവള്‍ ജീവിതത്തെ സമീപിക്കാന്‍ പോകുന്നത് എങ്ങനെയെന്ന്.പത്രങ്ങളുടെ മുന്‍ പേജ് വായിച്ചാല്‍ നുണകളും വെട്ടിക്കുത്തുകളും വായിക്കേണ്ടി വരും .സന്തോഷം പകരുന്ന വാര്‍ത്തകള്‍ സ്പോര്‍ട്സ് പേജിലേയുള്ളൂ എന്നാണ് ദിയ പറയുന്നത്. സൂര്യോദയം കാണാത്തതാണ് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് ദിയ ഒരു ദാര്‍ശനികയെ പോലെ പറയുന്നത് ശ്രദ്ധിക്കുക. കുപ്പിയുമായി വഴക്കിട്ട് നില്‍ക്കുന്പോള്‍ കുപ്പിയെ ആശ്വസിപ്പിക്കാനായി അവര്‍ ബസ്സില്‍ നിന്നുമിറങ്ങി ഫോട്ടോയ്ക് പോസ് ചെയ്യുന്ന സമയത്തെ ഗൗതമിന്‍റെ ഡയലോഗ്   ''ഷാരൂഖാനിരുന്ന സ്ഥലമൊക്കെ എത്ര മാറിപ്പോയി''.''അല്ലെങ്കിലും പതിനഞ്ച് വര്ഷമൊക്കെ നിലനില്ക്കുന്ന എന്താടാ ലോകത്ത് ഉള്ളത് ''എന്നാണ് വരുണ്‍ ചോദിക്കുന്നത്.അതവന്‍റെ പ്രണയ ഭംഗത്തില്‍ നിന്നും വന്നതാകാം.എങ്കിലും പ്രസക്തം തന്നെ.

                 ഹംപിയില്‍ വച്ച് അവരുടെ ഗോവയിലേക്കുള്ള ട്രിപ്പ് മുടങ്ങാനിരുന്നതാണ്.നാല്‍വര്‍ സംഘം ചാക്കോമാഷിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പികള്‍ ആരോ മോഷ്ടിച്ചല്ലോ അതുകൊണ്ടാണല്ലോ അവര്‍ അരുവി കടന്ന് അക്കരെ കണ്ട വെളിച്ചത്തിന്‍റെ ഉറവിടം തേടി പോകുന്നത്.അത് വിദേശികളുടെ ബാറായിരുന്നു.അവിടെ അവര്‍ ദിയയേയും ദര്‍ശനയേയും ദേവികയേയും കണ്ടുമുട്ടുന്നു.അവരായിരുന്നു അവരുടെ മദ്യക്കുപ്പികള്‍ മോഷ്ടിച്ചത്.( ഗൗതം അവിടെ കണ്ട വിദേശികളെ കുറിച്ച് പറയുന്നത് കേള്‍ക്കുക '' അവര് അവര്ക്കുവേണ്ടിയാണ് ജീവിക്കുന്നത്,നമ്മളോ മക്കളെയുണ്ടാക്കി മക്കള്ക്കു വേണ്ടി,നമ്മുടെ കാരണവന്മാര് ചെയ്തതുപോലെ) മദ്യത്തിനടിമപ്പെട്ടാണ് ദിയയും കുപ്പിയും ഗൗതമിനെ അനുകൂലിക്കുന്നതെങ്കിലും അവിടെ അതൊരു ജീവിത വീക്ഷണമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ഇഷ്ടപ്പെടുന്നില്ല.  അവര്‍ അവിടെനിന്നും മദ്യപിച്ച് തിരിച്ചെത്തുന്പോള്‍ പിടിക്കപ്പെടുന്നു. ചാക്കോ മാഷ് ട്രിപ്പ് ക്യാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയതാണ്.പക്ഷെ അദ്ദേഹത്തിന്ന് ലൗലി മിസ്സിനോടുണ്ടായിരുന്ന പ്രണയം ഗോവയിലേക്ക് പോകാനുള്ള ത്വരയായി മാറുന്നു.''അമേരിക്കക്കാരന് അമേരിക്കക്ക് പോകട്ടെ നമുക്ക് ഗോവയ്ക് പോകാം ''എന്നയാളെ കൊണ്ട് പറയിപ്പിക്കുന്നത് അതാണ്.

                 പേടി ഒരു പ്രശ്നമായി ഈ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.ഭയമാണ് നമ്മെക്കൊണ്ട് പലതും ചെയ്യിക്കുന്നത്,ഈ സിനിമയിലെ ഗൗതം ചെയ്യുന്നതു പോലെ.അയാള്‍ താടി വളര്‍ത്തുന്നതും കറുത്ത കുപ്പായമണിയുന്നതും താന്‍ സ്നേഹിക്കുന്ന ദേവിക തന്നെ വിട്ടു പോകാതിരിക്കാനാണ്.സത്യത്തില്‍ അവന് യേശുദാസിന്‍റെ പാട്ടാണ് ഇഷ്ടം.പക്ഷെ അവന്‍ ബാന്‍റിന്  വേണ്ടി പാടാന്‍പോകുന്നു.പ്രാക്ടീസ് ചെയ്യുന്നു.അതെല്ലാം ദേവികയ്ക് വേണ്ടിയാണ്.അത് മാറ്റാന്‍ അവന് പേടിയാണ്. അവള്‍ നഷ്ടപ്പെട്ടാലോ എന്ന ഭയം. ഇത് നര്‍മരസ പ്രദാനമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.വിദേശിയുടെ അടുത്ത് കപ്പിള്‍ ടാറ്റൂ കുത്തിക്കാന്‍ ദേവിക അവനെ കൊണ്ടുപോകുന്നതും ഗൗതം ബോധരഹിതനാകുന്നതും അവന് സൂചിമോന്‍ എന്നും അവള്‍ക്ക് ടാറ്റൂമോള്‍ എന്നും പേര്‍ വീഴുന്നതും രസകരമായാണ്  സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

                ഭയം കൊണ്ട് തന്നെയാണ് നമ്മള്‍ പലതും ചെയ്യാതിരിക്കുന്നതും.അക്ഷയ് യുടെ ഭയത്തെ അങ്ങനെയാണ് സംവിധായകന്‍ വിശദീകരിക്കുന്നത്.ദിയ കാട്ടില്‍ വച്ച് അക്ഷയ് യിനെ ഏറുമാടത്തില്‍ കയറാന്‍ ക്ഷണിക്കുന്പോള്‍ അവന് കയറാതിരിക്കുന്നത് അതുകൊണ്ടാണ്.അവന്‍റെ പേടി മാറ്റാനാണ് അവള്‍ അവനെ കൊണ്ട് ആകാശ ചാട്ടം ചാടിക്കുന്നത്.ആദ്യമൊന്ന് ഭയന്നെങ്കിലും അവന്‍ ചാടുന്നു. അവന്‍റെ ഭയം കാരണം അവന് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവന്‍ തന്നെ പറയുന്നുണ്ടല്ലോ.

                അങ്ങനെ ദിയയും അക്ഷയ് യും തമ്മിലുള്ള ബന്ധം ദൃഢപ്പെട്ട് വന്നപ്പോഴാണ് അക്ഷയ് ദിയയുടെ അച്ഛനുമമ്മയും ഡിവോഴ്സ് ആയ കാര്യം ഗൗതമിനോട് പറയുന്നത്.ആരോടും പറയരുത് എന്നു പറഞ്ഞാണത് അവന് പറയുന്നത്.എന്നാല്‍ ഗൗതമത് ദേവികയോട് പറയുന്നു.ദേവിക അനുകന്പ പ്രകടിപ്പിക്കാനായ് ദിയയുടെ അരികിലെത്തുന്നു.ദിയ എല്ലാവരേയും വിട്ടുപിരിഞ്ഞ് തന്‍റെ മുറിയില്‍ ഒറ്റക്കിരിക്കുന്നു. അതിനിടക്ക് കുപ്പി ലഹരിയില്‍ വരുണിന് ദിയയോടുണ്ടായ പ്രണയത്തെകുറിച്ച് പറഞ്ഞതും അക്ഷയ് ദിയയെ ചുംബിച്ചതുമെല്ലാം ആള്‍ക്കൂട്ടത്തില്‍ വച്ച്  പറഞ്ഞതും അവള്‍ക്ക് മറ്റൊരാഘാതമായി..

                 ദിയയുടെ പിതാവായിട്ടെത്തുന്ന രഞ്ജി പണിക്കരുമായി ചാക്കോമാഷ് ബന്ധപ്പെട്ട് അവളേയും ന്യൂ ഈയര്‍ ആഘോഷത്തിനായ് ദീപിലേക്ക് കൊണ്ടുപോകുന്നു.അവിടെ വച്ച് വരുണാണ് അവളോട് പറയുന്നത് ഈ ദീപ് യാത്രയും കടലാസ് പട്ടം തിരികത്തിച്ച് ആകാശത്തേക്കയയ്കുന്നതും അക്ഷയ് യുടെ ഐഡിയ ആയിരുന്നെന്ന്.ദിയയ്ക് കടലാസ്സുകൊണ്ടുള്ള പണികളൊക്കെ ഇഷ്ടമാണെന്ന് അക്ഷയ് യ്കറിയാം.അവളുടെ കണ്ണുകളില്‍ സ്നേഹത്തിന്‍റെ അത്ഭുത വെളിച്ചം നിറയുന്നു. മാത്രമല്ല അവളുടെ അടുത്ത് ദര്‍ശന അവള്‍ വരച്ച ചിത്ര പുസ്തകം വയ്കുന്നുണ്ടല്ലോ.അതിലത്രയും ദിയയുടേയും അക്ഷയ് യുടേയും ചിത്രങ്ങളായിരുന്നു.ഇക്കഥകളെല്ലാം മാറിനിന്ന് എല്ലാം കണ്ട ദര്‍ശന എന്ന ചിത്രകാരിയാണ് നമ്മോട് പറയുന്നത്.അതു നമുക്ക് ആനന്ദം നല്‍കുന്നു. മോഹന്‍ലാലിന്‍റെ സിനിമയിലെ സീന്‍ കാണിച്ചില്ലെങ്കിലും നിവിന്‍ പോളി ആകാശ് എന്ന അക്ഷയ്യുടെ ജ്യേഷ്ഠനായ് എത്തിയില്ലായിരുന്നെങ്കിലും ഈ സിനിമ നമുക്ക് ആനന്ദം നല്‍കുമായിരുന്നു


LATEST NEWS