ഭാവനയില്ലാത്ത തിരക്കഥ,വരണ്ട് വിളര്‍ച്ച ബാധിച്ച സംവിധാനം അതാണ് അമല്‍ നീരദിന്‍റെ കോമ്രൈഡ് ഇന്‍ അമേരിക്ക എന്ന സിനിമ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാവനയില്ലാത്ത തിരക്കഥ,വരണ്ട് വിളര്‍ച്ച ബാധിച്ച സംവിധാനം അതാണ് അമല്‍ നീരദിന്‍റെ കോമ്രൈഡ് ഇന്‍ അമേരിക്ക എന്ന സിനിമ

              ഷിബിന്‍ ഫ്രാന്‍സിസ് രചിച്ച് അമല്‍ നീരദ് പ്രൊഡക്ഷന്‍സിന് വേണ്ടി അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് സി.. (കോമ്രൈഡ് ഇന്അമേരിക്ക). അജിപ്പാന്‍ അഥവാ അജി മാത്യൂ എന്ന യുവ കമ്മ്യൂണിസ്റ്റ് കാരന്‍റെ കഥയാണീ സിനിമ പറയുന്നത്.അജി മാത്യൂവാകുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. അഴിമതിക്കാരനായ മന്ത്രി കോരസാര്‍ രാജിവയ്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്ഐക്കാര്‍ നടത്തുന്ന സമരത്തോടെയാണ് സിനിമ ആരംഭിക്കുന്നത്.ദിീലീഷ് പോത്തന്‍റെ സഖാവ് ഹരിയും ഫക്രുദ്ദീനുമൊക്കെയുണ്ട് സമരമുഖത്ത്.പോലീസ് അവരെയൊക്കെ അടിച്ച് നിലം പരിശാക്കുന്നു.അവിടേക്കാണ് അജി മാത്യൂ പെട്രോള്‍ ബോംബുമായെത്തുന്നത്.പിന്നണിയിലപ്പോള്‍ ബലികുടീരങ്ങളേ സ്മരണകളിരംപും രണസ്മാരകങ്ങളേ എന്ന പഴയ നാടകഗാനത്തിന്‍റെ വരികള്‍കേള്‍പ്പിക്കപ്പെടുന്നുണ്ട്.

                 കോരസാറിന്‍റെ വിശ്വസ്തനാണ് മാത്യൂ(സിദ്ധിഖ്).ഈ മാത്യൂവിന്‍റെ മകനാണ് അജി.പാര്‍വ്വതിയാണ് അജിയുടെ അമ്മയാകുന്നത്.സമരമുഖത്തുനിന്നും അജി എത്തുന്നത് വീട്ടിലെ തീന്മേശയിലേക്കാണ്.അവിടെ അപ്പനും മകനും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടാകുന്നുണ്ടെങ്കിലും അത് സന്ദേശത്തിലേപോലെ ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുന്നില്ല. ഘര്‍ഷണമാണ് ജീവിതത്തിന്‍റെ ആകര്‍ഷണം.ഘര്‍ഷണമാണ് ചലനത്തിന് കാരണമാകുന്നത്.അപ്പോള്‍ കഥ പറയുന്ന കലാരൂപങ്ങളില്‍ സംഘട്ടനങ്ങളുണ്ടാകണം.അതാണ് ആസ്വാദ്യമാകുന്നത്. സമരക്കാര്‍ പോലീസിനു നേരെ കല്ലെറിയുന്നത് കാണിച്ചതുകൊണ്ടോ പോലീസുകാര്‍ സമരക്കാരെ നേരിടുന്നത് കാണിച്ചതു കൊണ്ടോ സംഘര്‍ഷമുണ്ടാകണമെന്നില്ല.അതിന് യാതൊരു കാരണവുമില്ലെങ്കില്‍ അത് അരോചകമാകും. രാജിക്കാര്യത്തില്‍ കോരസാറും മാത്യൂവും തമ്മിലുള്ള സംഭാഷണത്തില്‍ സംഘര്‍ഷമുണ്ട്.വെറും കോരസാറിന്‍റെ മരണം മനോരമയില്‍ നാല് കോളം വാര്‍ത്തയാകുന്പോള്‍ മന്ത്രി കോരയുടെ മരണം ആറുകോളം വാര്‍ത്തയാകും .ഇവിടെ മരണത്തെ പറ്റി പറയുന്നത് അരോചകമാവുന്നുണ്ട് എങ്കിലും അവിടെ സംഘര്‍ഷമുണ്ടാകുന്നുണ്ട്. എന്നാല്‍ ഈ മാത്യുവിന്‍റെ മകന്‍ കമ്മ്യൂണിസ്റ്റ്കാരനായി കോരസാറിനെതിരെ സമരത്തിനിറങ്ങിയത് മാത്യുവിന്‍റെ ഉള്ളില്‍ സംഘര്‍ഷമുണ്ടാക്കുന്നുമില്ല.അതൊരു ചെറിയ സംഭാഷണത്തിലൊതുക്കുക മാത്രമാണ് തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നത്.

              അജിപ്പാനെ പോലീസ് പൊക്കുന്പോഴും ഇതു തന്നെ അവസ്ഥ.മേനോന്സാറ് മഹാരാജാസ് കോളേജില്കെ.എസ്.യു ക്കാരനായിരുന്നെന്നും അവിടുത്തെ എസ്.എഫ്. പിള്ളേരുടെ ഇടി എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതും രസനീയമായ കഥാപാത്ര സംഘട്ടനത്തിന്ന് കാരണമാകുന്നില്ല.  മാത്യൂ എത്തി മകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യത്തിലിറക്കികൊണ്ട് പോകുന്നുണ്ട്.

               മദ്യപിച്ച് പാര്‍ട്ടി ഓഫീസിലെത്തുന്ന അജി മാര്‍ക്സിനോടും ലെനിനോടും ചെഗുവേരയോടുംസംസാരിക്കുന്നു.അവിടെ വച്ചാണ് നാം അയാളുടെ പ്രണയത്തെപറ്റി മനസ്സിലാക്കുന്നത്.സാറയെയായിരുന്നു അയാള്‍ പ്രണയിച്ചത്.സാറയുടെ അപ്പനും അമ്മയുമൊക്കെ അമേരിക്കയിലാണ്.     കാര്‍ത്തിക മുരളീധരനാണ് സാറയായിട്ടെത്തുന്നത്.ഈ സാറയുടെ അങ്കിളിന്‍റെ ബസ്സിലെ ജീവനക്കാരെയാണ് ഒരിക്കല്‍ അജി അടിച്ച് നിലം പരിശാക്കിയത്.അവര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനായിരുന്നത്. അങ്ങനെയിരിക്കെ ഒരുനാള്‍ അവള്‍ അമേരിക്കയിലേക്ക് തിരിച്ച് പോകുന്നു.അജിയെ ഒന്ന് ഫോണില്‍ ബന്ധപ്പെട്ട് അവള്‍ക്ക് അക്കാര്യം പറയാമായിരുന്നിട്ടും. അവളത് പറയുന്നില്ല.അവളെക്കൊണ്ടത് തിരക്കഥാകൃത്ത് പറയിപ്പിക്കുന്നില്ല. സാറയുടെ അങ്കിളായിട്ടെത്തുന്ന മണിയന്‍ പിള്ള രാജുവുമായിട്ടൊക്കെ ഹരിയും അജിയും സംസാരിക്കുന്നു‌ണ്ട് .അതൊന്നും ഫലവത്താകുന്നില്ല.അങ്കിള്‍ പറയുന്നത് അവരുടെ പാര്‍ട്ടി സമരം ചെയ്ത് അളിയന്‍റെ കന്പനി പൂട്ടിച്ച കാര്യമാണ്.

              ഇങ്ങനെ ഇടക്കിടക്കെത്തുന്ന രാഷ്ട്രീയമാണ് ഇതൊരു രാഷ്ട്രീയ സിനിമയാണെന്ന് സംവിധായകനെകൊണ്ടും ചാനലുകാരെ കൊണ്ടും പറയിപ്പിച്ചത്.പോളണ്ടിനെ കുറിച്ച് മാത്രം സംസാരിക്കരുത്... പോളണ്ടെന്താ ഇയ്യാളുടെ തറവാട്ടു വക സ്വത്താണോ (സന്ദേശം) എന്നുള്ള ഡയലോഗുകളിലൊന്നും വിശ്വസിക്കാത്ത സംവിധായകനാണ് അമല്‍ നീരദ്.എന്നാല്‍ എന്താണതിന്‍റെ കാരണമെന്ന് ഈ  എഡിറ്റര്‍മാരൊട്ടു ചോദിക്കുന്നുമില്ല. എന്തു തരം ചോദ്യോത്തര പംക്തിയാണിത്. ഒരു സിനിമ ഒരു രാഷ്ട്രീയ സിനിമ ആകണമെങ്കില്‍ അത് കുറഞ്ഞ പക്ഷം രാഷ്ട്രീയമെങ്കിലും സംസാരിക്കേണ്ടേൟപ്രണയവും മറ്റു പലതും ഉണ്ടായിക്കോട്ടേ പക്ഷെ മുഖ്യമായും ആ സിനിമ രാഷ്ട്രീയമാണ് സംസാരിക്കേണ്ടത്. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളായ മുഖാമുഖവും പഞ്ചവടിപ്പാലവും സന്ദേശവും ഒഴിവ് ദിവത്തെ കളിയും കാണാത്തതുകൊണ്ടാണിവരൊക്കെ  സി.. രാഷ്ട്രീയ സിനിമയാണെന്ന് പറയുന്നത്.

             അജിക്ക് സാറയോട് പ്രണയം തോന്നിത്തുടങ്ങുന്നത് കോളേജില്‍ വച്ചാണ് എന്ന് പറയുന്നു തിരക്കഥാകൃത്ത് .അവളെ ഉപദ്രവിക്കാന്‍ ചെന്ന ചില കുട്ടികളെ അജി ഓടിക്കുന്നു.അല്ലെങ്കില്‍ അജിയെ കാണുന്ന മാത്രയില്‍ അവര്‍ ഓടി പോകുന്നു.അവിടെ കണ്ണില്കണ്ണില്നോക്കുംനേരം എന്ന ഗാനമുണ്ട്.അതിലൂടെയാണ് സംവിധായകന്‍ അവരുടെ പ്രണയത്തെ പറ്റി പറയുന്നത്. ഇവിടെ റബ്ബറാണ് കൃഷി എന്ന സംഭാഷണ ശകലത്തിലൂടെ അവരുടെ പ്രണയം മാത്യൂവും ഭാര്യയും അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ പെട്ടെന്നൊരു നാള്‍ സാറ അമേരിക്കയിലേക്ക് പോകുന്നു.അവള്‍ പറ്റിച്ചിട്ടാണ് പോയത് എന്ന് സഖാവ് ഹരിയും മറ്റും പറഞ്ഞിട്ടും അജിക്ക് അത് വിശ്വസിക്കാന്‍ പറ്റാതെ വരുന്നത് അവന് അവളോട് ഉള്ളില്‍ തട്ടിയ പ്രണയമുണ്ടായിരുന്നത് കൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ മദ്യ ലഹരിയില്‍ അജി കിടക്കുന്പോള്‍ സാറയുടെ ഫോണ്‍കോളെത്തുന്നു.അവളവിടെ ട്രാപിലാണത്രേ.അവളുടെ വിവാഹം നടക്കാന്‍ പോകുകയാണ്.അജി വന്നവളെ രക്ഷിച്ചുകൊണ്ടു പോരണം.ഇതായിരുന്നു അവളുടെ ആവശ്യം.അജി അമേരിക്കക്ക് പോകുന്നു. അജി വീട് വിട്ട് പോകുന്ന ആ രംഗം പ്രേക്ഷകരെ ചലിപ്പിക്കുന്നുണ്ട് .കൂട്ടുകാരെ വിട്ട് അജി പോകുന്ന രംഗവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ളതാണ്.

               അജിക്ക് ഒരകന്ന ബന്ധുവുണ്ട് അമേരിക്കയില്‍.സിറിള്‍ ചേട്ടന്‍ എന്നാണയാളെ അജി വിളിക്കുന്നത്.ജിനു ജോസഫാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിസ കിട്ടാന്‍ ഒത്തിരി നൂലാമാലകളുണ്ടായിരുന്നതിനാല്‍ ഈ സിറിള്‍ പറഞ്ഞ വഴിയാണ് അജി തിരഞ്ഞെടുക്കുന്നത്.നിക്വാരാഗ്വ വഴി ഹോണ്ടുറാസ് കടന്ന് മെക്സിക്കോയിലെത്തി മെക്സിക്കന്‍ മതില്‍ കടന്ന് അമേരിക്കയിലേക്ക് അതായിരുന്നു ആ വഴി. ഹരി കൊടുത്തു വിട്ട പാര്‍ട്ടിക്കത്ത് നിക്വാരാഗ്വായിലെ പാര്‍ട്ടിക്കാരനെ കാണിക്കുന്നതും അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുച്ഛിക്കുന്നതൊന്നും ആകര്‍ഷണീയതയുള്ളതായില്ല. എന്തോ വലിയ സറ്റയര്‍ പറയുന്ന എന്ന മട്ടിലാണ് സംവിധായകന്‍ ഇതവതരിപ്പിക്കുന്നത്. നിക്വാരാഗ്വായിലെ ഈ എക്സ് കമ്മ്യൂണിസ്റ്റാണ് അജിക്ക് അരുള്‍ എന്ന ആ ശ്രീലങ്കന്‍ ടാക്സി ഡ്രൈവറെ പരിചയപ്പെടുത്തി ക്കൊടുക്കുന്നത്. രണ്ടുപേരും അയാളുടെ കാറില്‍ മെക്സിക്കോയിലെ റയ്നോസെയിലേക്ക് യാത്രയാകുന്നു.അവിടെ അവര്‍ക്ക് സുരക്ഷിതമായി ബോര്‍ഡര്‍ കടക്കാന്‍ പറ്റും വിധമുള്ള ഗൈഡിനെ കണ്ടെത്താന്‍ കഴിയും.അതിനായ് അരുള്‍ തന്‍റെ ടാക്സിക്കാര്‍ വില്‍ക്കുന്നു.എന്നാല്‍ ഇതൊന്നും ഉള്ളില്‍ തട്ടുംവിധം ആവിഷ്കരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ഉള്ളില്‍ നിന്നും വരുന്നതല്ലേ ഉള്ളിലേക്ക് പോകൂ.

                  ഗൈഡ് അവരെ പറ്റിച്ച് കടന്നു കളയുന്നു.ഒരു കുടുംബത്തെ  അപ്പാടെ കൊള്ളയടിച്ചു കൊണ്ടാണ് അയാള്‍ പോയത്.നിയമത്തെ പറ്റിച്ച് അമേരിക്കയിലേക്ക് പോകുന്ന കുറച്ചാളുകളുണ്ടായിരുന്നു ആ കൂട്ടത്തില്‍. അകായ് എന്ന ചൈനാക്കാരന്‍.ഒരു പാകിസ്ഥാന്‍കാരന്‍ പല്ലവി എന്ന ഒരു മലയാളി പെണ്‍കുട്ടി തുടങ്ങിയവരൊക്കെയുണ്ട്.പല്ലവിയെ അവതരിപ്പിക്കുന്നത് ചാന്ദ്നി ശ്രീധരനാണ്. ഗൈഡ് പറഞ്ഞ പ്രകാരം ഇവര്‍ക്ക് നടക്കേണ്ടതായി വരുന്നു.ആ വഴിയില്‍ അവര്‍ക്ക് ആയുധ ധാരികളായെ ചില ആളുകളെ നേരിടേണ്ടി വരുന്നു.അജി അവരെ യൊക്കെ കീഴ്പ്പെടുത്തി മുന്നേറുന്നു.പല്ലവി ഇത്തരത്തില്‍ കള്ള വഴിയിലൂടെ അമേരിക്കയിലേക്ക് പോകുന്നത് അവളുടെ അച്ഛന്‍െറെ കുഴിമാടം തേടിയാണത്രേ.എന്തൊരു ദുര്‍ബ്ബലമായ ആവിഷ്കാരം,ഭാവനയില്ലായ്മ തന്നെ.

                      അരുളിന് മുറിവ് പറ്റിയതിനാല്‍ ഒരടി പോലും മുന്നേറാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.അതുകൊണ്ടയാള്‍ സ്വയം ആ യാത്രയില്‍ നിന്നും പിന്മാറുന്നത്. ഈ യാത്രയുടെ തുടക്കത്തില്‍ ഗൈഡ് വെള്ളത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് കോണ്ടത്തെക്കുറിച്ചും പറയുന്നുണ്ട്.പല്ലവി കടയില്‍ നിന്നും കോണ്ടം വാങ്ങുന്നത് അജി കാണുന്നതായി കാണിക്കുന്നുമുണ്ട്.. ഇതൊക്കെ പറ്റിക്കല്‍ പരിപാടിയാണ് .പ്രേക്ഷകരെ വഞ്ചിക്കുക എന്നതാണല്ലോ ചില തിരക്കഥാകൃത്തുക്കളുടേയും സംവിധായകരുടേയും കലാപരിപാടി. അരുള്‍ മരിച്ചുകിടക്കുന്ന രംഗം നോക്കുക .പിടിക്കപ്പെട്ട ആ കുടുംബത്തോടാണ് പോലീസുകാര്‍ ചോദിക്കുന്നത് ഇയ്യാളെ അറിയുമോ എന്ന് .അറിയില്ല എന്ന് കുടുംബനാഥന്‍. ഇതൊന്നും വിശ്വസനീയമായും ഹൃദയത്തില്‍ തട്ടുംവിധം ആവിഷ്കരിക്കാന്‍ സംവിധായകനായിട്ടില്ല എന്നു തന്നെ പറയാം.

                       അജി അറസ്റ്റ് ചെയ്യപ്പെടുന്നു.എന്നാല്‍ ആ വാഹനം ആക്സിഡന്‍റില്‍ പെട്ടതിനാല്‍ രക്ഷപെട്ട് അജി അമേരിക്കയിലെത്തുന്നു.സിറിള്‍ ചേട്ടന്‍ പറഞ്ഞത് മറ്റൊരു കഥയാണ്.സാറ വിവാഹത്തിന് സമ്മതിച്ചു പോലും .അജി വരുമെന്ന് അവള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല പോലും.രണ്ട് ചിന്താഗതികളില്‍ ജീവിക്കുന്നവര്‍ക്ക്  ഒരിക്കലും ഒന്നാവാന്‍ കഴിയില്ല പോലും. എന്നാല്‍ മാത്യുവിന്‍റെ നിര്‍ബന്ധപ്രകാരം അയാള്‍ അവളെ കാണുന്നു.കണ്ട് ആശംസകള്‍ നേര്‍ന്ന് കേരളത്തിലേക്ക് തിരിച്ചുപോരുന്നു. ഈ  സിനിമയുടെ ആദ്യ ഭാഗത്ത് കണ്ട അല്‍പമെങ്കിലുമുള്ള ആകര്‍ഷണീയത രണ്ടാം ഭാഗത്തിലേക്കെത്തുന്പോള്‍ വരണ്ട് വിളര്‍ച്ച ബാധിച്ച മാതിരിയായി പോയി.ഒരു സിനിമ കണ്ടിറങ്ങുന്പോള്‍ പ്രേക്ഷകന് ലഭിക്കേണ്ട ഉന്മേഷവും ഉണര്‍വ്വുമൊന്നും ഈ സിനിമ കാണുന്പോള്‍ കിട്ടുന്നുമില്ല.