വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
വാള്‍ട്ട് ഡിസ്നി പിക്ചേര്‍സ് അമീര്‍ ഖാന് പ്രോഡക്ഷന്‍സ് യുടിവി മോഷന്‍ പിക്ചേര്‍സ് എന്നിവര്‍ക്ക് വേണ്ടി അമീര്ഖാന്,കിരണ്‍ റാവു,സിദ്ധാര്‍ത്ഥ് റായ് കപൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ദങ്കല്‍ അഥവാ ഗുസ്തി മത്സരം എന്ന ചലച്ചിത്രം നിഥീഷ് തിവാരി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. നിഥീഷ് തിവാരി പിയൂഷ് ഗുപ്ത ശ്രേയ്സ് ജയിന് നിഥിഷ് മല് ഹോത്ര എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കള്‍.സേതു ശ്രീറാമാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.അമീര്ഖാന്,സാക്ഷി തന്‍വാര്‍ ,ഫാത്തിമ സന ഷെയ്ക് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
മഹാവീര്‍ സിംഗ് ഫോഗത് എന്ന ഗുസ്തിക്കാരന്റേയും അയാളുടെ രണ്ട് പെണ്മക്കളുടേയും ഗുസ്തിയുടേയും കഥയാണ് ഈ സിനിമ പറയുന്നത്.ഇന്‍ഡ്യക്ക് വേണ്ടി ഗുസ്തിയില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടണമെന്നുള്ളതായിരുന്നു മഹാ വീര്‍ സിംഗിന്റെ ജീവിതാഭിലാഷം.ജീവിതമാണോ ഗുസ്തിയാണോ വലുത് എന്ന ചോദ്യത്തിന് മുന്നില്‍ അയാള്‍ ഗുസ്തി ഉപേക്ഷിക്കുകയാണ്. തനിക്ക് ജനിക്കാനിരിക്കുന്ന മകനെയെങ്കിലും ഗുസ്തിക്കാരനാക്കണമെന്ന് അയാള്‍ ആഗ്രഹിച്ച് പോയതില്‍ തെറ്റൊന്നുമില്ല.പക്ഷെ വിധി അയാളെ വീണ്ടും ചതിക്കുന്നു.അയാള്‍ക്ക് ജനിക്കുന്ന നാലു കുട്ടികളും പെണ്കുട്ടികളാവുന്നു.
എന്നാല്‍ ഒരിക്കല്‍ അയാള്‍ മനസ്സിലാക്കുന്നു തന്റെ മൂത്ത മക്കള്‍ക്ക് രക്തത്തില്‍ ഗുസ്തി ഒഴുകുന്നുണ്ടെന്ന്.അവര്‍ രണ്ട് ആണ്‍കുട്ടികളെ അടിച്ച് നിരപ്പാക്കി വന്നിരിക്കുകയാണ്.കാരണം ആ ആണ്‍കുട്ടികള്‍ അവരെ കളിയാക്കിയതാണ്.അന്നുമുതല്‍ അയാള്‍ അവരെ ഗിസ്തിക്കാരാക്കാന് യത്നിക്കുന്നു.വെളുപ്പിന് അഞ്ചുമണിക്ക് ആ പെണ്‍കുട്ടികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് അവരെ ഗുസ്തി പരിശീലിപ്പിക്കുകയാണ് അയാള്‍ .അയാള്‍ക്ക് അവരെ ഇന്‍ഡ്യയുടെ ഗോള്‍ഡ് മെഡലിസ്റ്റുകളാക്കണം.അയാള്‍ക്ക് നേടാന്‍ പറ്റാതെ പോയത്.
മഹാവീറിനെ നാട്ടുകാരും ബന്ധുക്കളും ഉപദേശിക്കുന്നുണ്ട് ആ പെണ്‍കുട്ടികളെ ഗുസ്തിക്കാരാക്കാന്‍ കൊണ്ടു നടക്കുന്നതില്‍.പെണ്‍കുട്ടികള്‍ വെറും അടുക്കളക്കാരികളായി അവസാനിക്കേണ്ടവരാണ് എന്നാണല്ലോ നാട്ടു നടപ്പ്.നമ്മുടെ നാട്ടില്‍ അതിന് മാറ്റം വന്നത് ഈ അടുത്ത കാലത്താണെന്നോര്മിക്കുക.എങ്കിലും നമ്മുടെ ഗ്രാമ പ്രദേശങ്ങളില്‍ ഇപ്പോഴും ഇത്തരം ചിന്താഗതികള്‍ ആളുകളുടെ ഇടയിലുണ്ടെന്ന് കാണാം.അപ്പോള്‍ പിന്നെ ഗുജറാത്തിലെ കാര്യം പറയണമോൟഈ സിനിമയുടെ കഥ നടക്കുന്നത് ഗുജറാത്തിലാണ്. മടിച്ച് മടിച്ച് അയാളുടെ ഭാര്യ തന്നെ പറയുന്നത് ഇങ്ങനെ തുടര്‍ന്നാല്‍ ആര് നമ്മുടെ മക്കളെ വിവാഹം ചെയ്ത് കൊണ്ടുപോകും എന്നാണ്.
ഇതൊന്നും അയാളെ തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന് കാരണമാകുന്നില്ല.അയാള്‍ തന്റെ കുട്ടികള്‍ക്ക് നല്കുന്ന കഠിന പരിശീലനം തുടരുന്നു.അവരെ അയാള്‍ അഞ്ചുമണിക്ക് എഴുന്നേറ്റ് ഓടാന്‍ പ്രേരിപ്പിക്കുന്നു.തന്റെ നെല്‍ വയലിന്റെ ഒരു ഭാഗത്ത് ഒരുക്കിയ ഗോദായില്‍ അവരെ ഗുസ്തി പരിശീലിപ്പിക്കുന്നു. വയല്‍ എന്നത് കര്‍ഷകന്റെ ജീവനോപാധിയാണ്.അതാണ് അയാള്‍ ഗോദയാക്കുന്നത്,തന്റെ സ്വപ്ന പൂര്‍ത്തീകരണത്തിനായ്.തനിക്കോ ഗോള്‍ഡ് മെഡല്‍ നേടാനായില്ല തന്റെ മക്കളിലൂടെ എങ്കിലും അത് നേടണം എന്നയാള്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ മുടി മുറിക്കുന്നതുപോലും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും അയാളിലത് ഒരു ചലനവും സൃഷ്ടിക്കുന്നില്ല.അയാള്‍ വേദനിക്കുകയോ കുണ്ഠിചപ്പെടുകയോ ചെയ്യുന്നില്ല.അയാളുടെ മുഖത്ത് നാം കാണുന്നത് ദൃഢ നിശ്ചയം മാത്രം. സ്കൂളില്‍ കുട്ടികളും നാട്ടില്‍ നാട്ടുകാരും കളിയാക്കിച്ചിരിക്കുന്നുണ്ട് ഈ കുട്ടികളെ നോക്കി.കുട്ടികള്‍ക്ക് വിഷമമുണ്ടാകുന്നുണ്ടെങ്കിലും അയാളത് കാര്യമായെടുക്കുന്നില്ല.
നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും ഏതൊരാളെയും തളര്‍ത്തിക്കളഞ്ഞേക്കാം.എന്നാല്‍ മഹാവീര്‍ അതൊന്നും പരിഗണിക്കാതെ തന്റെ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കുകയാണ്.അങ്ങനെയാണയാള് തന്റെ പെണ്മക്കളെ ഗുസ്തി ടൂര്ണമെന്റിനയയ്കുന്നത്.അവിടേയും അയാള്‍ക്കും അവര്‍ക്കും പരിഹാസ ശരമേല്ക്കേണ്ടിവരുന്നു.അവിടെ ആ ടൂര്‍ണമെന്റ് നടത്തിപ്പുകാരനോട് ഒരാള്‍ പറയുന്നത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലാണ് ഗുസ്തി മത്സരമെങ്കില്‍ കാണാന്‍ കൂടുതല്‍ ആളു കൂടുമെന്നാണ്.അതുകൊണ്ട് മാത്രമാണ് ആ ടൂര്‍ണമെന്റ് നടത്തിപ്പുകാരന് ഗീതകുമാരിയെ ആ മത്സരത്തില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുന്നതു തന്നെ. അവിടെ നിന്നും അവള് വിജയിച്ചു വരുന്നു.
ഗീതാകുമാരി എന്ന കുട്ടി തന്റെ അച്ഛന് അവരെ നശിപ്പിക്കുകയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ആ നാട്ടിലെ ഒരു കല്യാണത്തിന് പോയതാണ് അവളുടെ സംശയങ്ങള്‍ എല്ലാം മാറാന്‍ കാരണമായത്.അന്ന് രാത്രി ആ വീട്ടിലെ കല്യാണപെണ്ണ് അവരോട് പറഞ്ഞ കാര്യങ്ങളാണ് അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.എല്ലാവരും പെണ്മക്കളെ വളര്‍ത്തുന്നത് കല്യാണം കഴിപ്പിച്ചയയ്കാനാണ്.എന്നാല്‍ അവരുടെ അച്ഛന് അവരെ വ്യക്തിത്വ മുള്ളവരായാണല്ലോ വളര്‍ത്തുന്നത് എന്ന് തിരിച്ചറിയണമെന്നാണ് ആ കല്യാണപെണ്ണ് പറഞ്ഞത്. പിന്നീട് ടൂര്‍ണ്ണമെന്റുകളില്‍ വിജയിക്കാന്‍ അവളെ പ്രേരിപ്പിക്കുന്ന ആന്തരികശക്തി അതുതന്നെയാണ്.
അങ്ങനെ ചെറിയ ചെറിയ മത്സരങ്ങളില്‍ വിജയിച്ചുവരുന്ന ഗീതാകുമാരിയെ മഹാവീര്‍ നാഷണല്‍ സ്പോര്‍ട്ട്സ് അക്കാഡമിയില്‍ ചേര്‍ക്കുകയാണ്.അവിടെയും അയാളും ഗീതയും പ്രതിബന്ധങ്ങളെ അതിജീവിക്കുന്നുണ്ട്. ഇന്‍ഡ്യ എന്ന ഈ മഹാരാജ്യത്തെ ജനങ്ങളൊക്കെ അലസരാണ്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പല ഗുരുക്കന്മാര് വന്ന് ഇതൊക്കെ പറഞ്ഞിട്ടും നമ്മുടെ അവസ്ഥക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല.അതിന്റെ പ്രതിഫലനമാണ് ഗീതയെ അക്കാഡമിയില്‍ ചേര്‍ക്കുന്നതിന് ചെല്ലുന്പോള്‍ അവിടുത്തെ ചീഫ് കോച്ച് പറയുന്നതില്‍ നിന്നും നമുക്ക് വ്യക്തമാവുന്നത്.
പക്ഷെ അവിടെ പഠിക്കാന്‍ തുടങ്ങിയതോടെ അവളുടെ അച്ഛന് അവളെ പഠിപ്പിച്ച ചിട്ട വട്ടങ്ങളില്‍ നിന്നും അവള് പിന്നോട്ട് പോകാന്‍ തുടങ്ങി.അവളുടെ ഗ്രാമീണ ചിന്തകള്‍ കളങ്കിതമാവാന്തുടങ്ങി.നാഗരികമായ അഹങ്കാരം അവളിലേക്ക് ഊളിയിട്ട് കടന്നു.അവള്കൂട്ടുകാരോടൊന്നിച്ച് സിനിമ കാണുന്നു.പുതിയ പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങുന്നു.ചുരുക്കി പറഞ്ഞാല്‍ അവള്‍ക്ക് പരിശീലനത്തേക്കാള്‍ വലുത് ഇതൊക്കെയായി.അലസനായ കോച്ചിനും അതിലൊന്നും മാറ്റം വരുത്തണമെന്ന ചിന്തയും വന്നില്ല.അവള്‍ക്ക് അച്ഛനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കണമെന്നുമില്ലാതെയായി.
എന്നാല്‍ അവള് അന്താരാഷ്ട്രമത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പായി വീട്ടിലെത്തുന്നുണ്ട്.അവളുടെ അച്ഛന് തന്റെ മറ്റ് മകളെയെയും മറ്റുള്ളവരെയും ഗുസ്തി പഠിപ്പിക്കുന്നുണ്ടായിരുന്നല്ലോ.അവളവിടം സന്ദര്‍ശിക്കുന്നു.അവിടെ പഠിപ്പിക്കുന്നതൊക്കെ തെറ്റാണെന്ന് അവള് വാദിക്കുന്നു.എന്നാല്‍ വാ തന്നോട് ഗുസ്തിക്ക് വാ എന്ന് മഹാവീര്‍ അവളോട് പറയുന്നു.അവിടെ വച്ച് അവര്‍ തമ്മില്‍ ഗുസ്തിയിലേര്പ്പെടുന്നു.അയാള്‍ പരാജയപ്പെടുന്നു. അച്ഛന് ആരോഗ്യ പരമായും അല്ലാതെയും ക്ഷീണിതനായി പോയതുകൊണ്ടാണ് അവര്‍ തമ്മിലുള്ള ഗുസ്തിയില്‍ പരാജയപ്പെട്ടെതെന്ന് അവളുടെ സഹോദരിയും ഗുസ്തിക്കാരിയുമായ ബബിത പറഞ്ഞിട്ടും അവളുടെ അഹങ്കാരം കൊണ്ട് അവള്‍ക്കത് മനസ്സിലാകാതെ പോകുന്നു.അഹങ്കാരം കൊണ്ട് കണ്ണ് കാണാതെ പോകുന്നു എന്ന്.
ആ അഹങ്കാരവും കൊണ്ടാണവള്‍ അന്താരാഷ്ട്ര മത്സരത്തിന് പോകുന്നത് .അവിടെ അവള് അന്പേ പരാജയപ്പെട്ട് മാനസികമായി തകര്‍ന്നടിയുന്നു. അഹങ്കാരമുള്ളവര്‍ക്ക് അറിവ് നേടുക പ്രയാസം തന്നെ.അറിവില്ലാത്തവര്‍ക്ക് അഹങ്കാരവും വന്നു ഭവിക്കാം.അത്തരക്കാര്‍ക്ക് മറ്റുള്ളവരോട് പുച്ഛമായിരിക്കും.ഇവിടെ ഗീതക്ക് സ്വന്തം അച്ഛനും ഗുരുവുമായ മഹാവീറിനോട് പുച്ഛമായിരുന്നല്ലോ.അതുകൊണ്ടാണ് അവള് നാഷണല്‍ അക്കാദമിയില്‍ തിരിച്ച് വന്നിട്ടും മഹാവീറിനെ ഒന്നുവിളിക്കാന്‍ തോന്നാതിരുന്നത്. അത് മാറ്റിയെടുക്കുന്നത് ബബിതയാണ്.അവള് പരിശീലനത്തിനായ് അവിടെ എത്തിയിട്ടുണ്ട്.എന്നാല്‍ ബബിതയാണ് കണ്ടെത്തുന്നത് ഗീതക്ക് തന്റെ പ്രവര്‍ത്തികളില്‍ വിഷമമുണ്ടെന്ന്.അവളാണ് അച്ഛനെ വിളിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്.
ഇപ്പുറത്ത് തന്റെ ഗ്രാമത്തില്‍ മകളുടെ അവസ്ഥ അറിഞ്ഞ ഒരമ്മ തന്റെ ഭര്‍ത്താവിനെ മകളെ ഒരാശ്വാസത്തിനായെങ്കിലും വിളിക്കാന്‍ അപേക്ഷിക്കുകയാണ്.അയാളപ്പോഴും ഏതോ ദൃഢ നിശ്ചയത്തിലാണ്.അല്ലെങ്കില്‍ സ്പോര്ട്ട്സ്മാന്റെ വൈര്യനിര്യാതനബുദ്ധിയായിരിക്കാം അയാളുടെ മനസ്സില്‍ അലതല്ലുന്നത്.( ഇവിടെ വൈരാഗ്യത്തിന് ഋഷിപ്രോക്തമായ അര്‍ത്ഥമാണ് കല്‍പ്പിക്കേണ്ടത്,അല്ലാതെ അര്‍ത്ഥമറിയാതെ രാഷ്ട്രീയക്കാരന് പുലന്പുന്ന വാക്കായല്ല. രാഗവും ദ്വേഷവുമില്ലാത്ത അവസ്ഥയാണ് വൈരാഗ്യം) ഏതായാലും അയാളുടെ ഭാര്യ നീട്ടിയ മകളുടെ ഫോണ്‍ അയാള്‍ അറ്റന്റു ചെയ്യുന്നു. ഗീതാകുമാരിയുടെ ഖേദ പ്രകടനങ്ങള്‍ക്ക് മുന്പില് ആ അച്ഛന് വഴങ്ങിക്കൊടുക്കാതിരിക്കാനായില്ല.അയാള്‍ അക്കാദമിയിലേക്ക് പുറപ്പെടുന്നു.2010 ലെ കോമണ്വെംല്ത്ത് ഗയിംസിലാണ് തന്റെ മക്കള്‍ ഗീതയും ബബിതയും പങ്കെടുക്കാന്‍ പോകുന്നുന്നത്.ഇന്‍ഡ്യക്ക് വേണ്ടി തന്റെ മക്കള്‍ മെഡല്‍ വാങ്ങുന്നത് അയാള്‍ക്ക് നേരിട്ട് കാണണം.മാത്രമല്ല അവരെ പരിശീലിപ്പിക്കുകയും വേണം. പക്ഷെ അക്കാദമിയില്‍ നിന്നും അയാള്‍ പുറന്തള്ളപ്പെടുന്നു.എങ്കിലും അയാള്‍ പിന്മാറുന്നില്ല.വീഡിയോ ചാറ്റിലൂടെ അയാള്‍ ഗീതക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.ലീഗ് മാച്ചിലും പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗാലറിയിലിരുന്ന് അയാള്‍ ഗീതക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.കോച്ചിനെ അവഗണിച്ചുകൊണ്ടായിരുന്നു അത്.അതയാള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവര്‍ക്കൊന്നും ചെയ്യാനാകുമായിരുന്നില്ല.പ്രേക്ഷകനെ ആര്‍ക്ക് നിയന്ത്രിക്കാനാകും എന്നായിരുന്നു അധികാരികള്‍ ചോദിച്ചത്.
അങ്ങനെയാണ് ഗീത മത്സരിക്കുന്ന ഫൈനലില്‍ നിന്നും അയാളെ ഒഴിവാക്കാന്‍ കോച്ചും ഗൂഢ സംഘങ്ങളും തീരുമാനിക്കുന്നത്.അവര്‍ അയാളെ ഒരു മുറിയില്‍ പൂട്ടിയിടുന്നു. പിന്നീട് ദേശീയഗാനം അയാളുടെ മുഖത്തും കാതിലും അലയടിക്കുന്പോഴാണ് അയാള്‍ ആശ്വസിക്കുന്നത്.ഒപ്പം പ്രേക്ഷകരും.ഗോള്‍ഡ് മെഡലിസ്റ്റിന്റെ രാജ്യത്തിന്റെ ഗാനമാണ് കളി സ്ഥലത്ത് മുഴങ്ങുക.അതായത് അയാളുടെ മകള്‍ ഗീത കുമാരി ഫോഗത് 2010 ലെ കോമണ്‍വെല്‍ത്ത് ഗയിംസില് 55 കിലോ വിഭാഗം ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയിരിക്കുന്നു.തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.പിന്നീടയാളെ ആരോ വന്ന് തുറന്ന് വിടുന്പോഴാണ് തന്റെ രണ്ടാമത്തെ മകളും വെള്ളി മെഡല്‍ ജേതാവായ് റിംഗില്‍ നില്‍ക്കുന്നത് അയാള്‍ കാണുന്നത്.രണ്ടുപേരും ചെന്നയാളെ വാരിപ്പുണരുന്നു.
അമീര്ഖാന് തന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട് മഹാവീറിനെ അവതരിപ്പിക്കുന്നതില്‍.മറ്റുള്ളവരും തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്.സംവിധായകന് നിഥേഷ് തിവാരി അഭിനന്ദനമര്‍ഹിക്കുന്നു.