ബാഹുബലി 2 ദി കണ്‍ക്ളൂഷന്‍

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാഹുബലി 2 ദി കണ്‍ക്ളൂഷന്‍

             ബാഹു ബലി ഒന്ന് നമ്മുടെ സിരകളില്‍ പടര്‍ന്നു കേറിയ സിനിമയായിരുന്നു. ഒരു കലാ സൃഷ്ടി ചെയ്യേണ്ട ധര്‍മ്മങ്ങളൊക്കെ ആ സിനിമ നിറവേറ്റി.അതിന്‍റെ ഹാങ്ങോവറിലാണ് ബാഹുബലി 2 കാണാന്‍ ആളുകള്‍ പോയത്.അവര്‍ക്ക് നിരാശയായിരുന്നു പകരം കിട്ടിയത്.സിനിമ കാണാത്ത കുട്ടി നിരൂപകന്മാര്‍മാത്രമാണ് ഈ സിനിമ ഒന്നിനെക്കാള്‍ മികച്ചുനിന്നു എന്ന് പറയുന്നത്                                            

 പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ബാഹുബലി ദി ബിഗിനിംഗിന് ശേഷം വന്ന സിനിമയാണ് ബാഹുബലി 2 ദി കണ്‍ക്ളൂഷന്‍.ആ അത്ഭുതം ഇവിടെയും പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.അത്ഭുതമുണ്ടാകണമെങ്കില്‍ രഹസ്യങ്ങളുണ്ടാകണമല്ലോ.കാലകേയനും കരികാല കട്ടപ്പന്‍റെ ആ ക്രൂര കൃത്യവുമായിരുന്നു ഒന്നിലെ അത്ഭുതം.മാത്രമല്ല ആ സിനിമ തന്നെയും അത്ഭുതമായിരുന്നു. ഭാവനാ നിര്‍മിതമായ കഥയായിരുന്നു ആ സിനിമയ്ക് അവലംബമെങ്കിലും അതിന്‍റെ ആവിഷ്കാരം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതായിരുന്നു.അതും മറ്റൊരാകര്‍ഷണമായിരുന്നു. സംവിധായകന്‍ എസ്.എസ് .രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആ സിനിമ ഏറ്റവും നല്ല സിനിമയ്കുള്ള ദേശീയ പുരസ്കാരം വരെ നേടുകയുണ്ടായി.

                    സത്യത്തില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ ഈ ബാഹുബലി 2 ല്‍ ഇല്ല എന്നു തന്നെ പറയാം.ചില കാര്യങ്ങളൊക്കെ ഒന്നില്‍ നിന്നും അനുകരിച്ചെടുത്തിരിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ഈ സിനിമയിലില്ല എന്ന് പറയേണ്ടിവരും. കട്ടപ്പന്‍ അമരേന്ദ്ര ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്നതിന് മുന്‍പ് ചില കറുത്ത വേഷധാരികളോട് അമരേന്ദ്രന്‍ ഏറ്റുമുട്ടുന്നുണ്ടല്ലോ.അവരെ കണ്ടാല്‍ കാലകേയന്‍റെ ആളുകളെ പോലെ തോന്നിച്ചു. അനുകരണം ആര്‍ജ്ജവമില്ലാത്തതാകുന്പോള്‍ ആസ്വാദകര്‍ക്ക് ബോറടിക്കും.അത് ആകെയുള്ള ആസ്വാദനത്തിന് ഭംഗം വരുത്തും. ബാഹുബലി 1 ല്‍ പോലുമുണ്ടായിരുന്നു അനുകരണം.അതു പക്ഷേ ആസ്വാദ്യമായിരുന്നതുകൊണ്ട് മാത്രമാണ് ആസ്വാദകര്‍ അതിഷ്ടപ്പെട്ടത്.ഒന്നിലെ മലയിടിഞ്ഞു വരുന്നതും ശിവയും അവന്തികയും കൊച്ചു നൗകയില്‍ കയറി രക്ഷപ്പെടുന്നതും ഒരു ജയിംസ് ബോണ്ട് സിനിമയില്‍ കണ്ടതാണ് പ്രേക്ഷകര്‍. രണ്ടില്‍ രാജമാതാ ശിവകാമിയുടെ നിര്‍ദ്ദേശപ്രകാരം ദേവസേനയുടെ രാജ്യത്തെ ആക്രമിക്കാന്‍ വരുന്ന പടയാളികളേയും ആ സീനുകളും കണ്ടാല്‍ നാം The Great Wall എന്ന ചൈനീസ് സിനിമയെ ഓര്‍മിച്ചുപോകും.

                          ഈ സിനിമ തുടങ്ങുന്നതു തന്നെ തളര്‍ന്നേ തളര്‍ന്നേ എന്ന മട്ടിലാണ്.രാജമാതാ ശിവകാമി അമരേന്ദ്രന് വധുവിനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ്.ബല്ലാര്‍ദേവനും അയാളുടെ പിതാവും എങ്ങനെയെങ്കിലും സിംഹാസനം പിടിച്ചെടുക്കാനുള്ള തിടുക്കത്തിലുമാണ്. രാജ്യത്തിന്‍റെ അവസ്ഥകളെ പറ്റി മനസ്സിലാക്കാന്‍ അമരേന്ദ്രനെ അമ്മ കൊട്ടാരത്തിന്ന് വെളിയിലേക്ക് അയയ്കുകയാണ്.ഒപ്പം കട്ടപ്പനുമുണ്ട് കൂട്ടിന്.അവര്‍ പക്ഷെ കുന്തല രാജ്യത്താണ് എത്തിച്ചേരുന്നത്.അവിടെ അവര്‍ ദേവസേന എന്ന സുന്ദരിയും ആയോധന കലകളില്‍ നിപുണയുമായ യുവറാണിയെ കണ്ടു മുട്ടുന്നു. കൊള്ളക്കാരെ തുരത്തുന്നതിന് അമരേന്ദ്രനും കട്ടപ്പനും സഹായിച്ചതിനാല്‍ റാണി അവര്‍ക്ക് ആശ്രയം നല്കുന്നു. ദേവസേനയ്കറിയില്ല അമരേന്ദ്രന് മകിഴ്മതി സിംഹാസനാധിപനാണെന്ന്. തന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ കട്ടപ്പ നിര്‍ബന്ധിച്ചിട്ട് പോലും അമരേന്ദ്രനതിന് തയ്യാറാകുന്നില്ല.ദേവസേനയ്കും അമരേന്ദ്രനുമിടയില്‍ പ്രണയം നാന്പെടുക്കുന്നു.ഈ വിവരം  ബല്‍വാല്‍  ദേവനറിയുന്നു.(ചെറിയ തോതിലുള്ള ആകാംക്ഷയുണര്‍ത്താന്‍ പന്നി വേട്ടയും ദേവസേനയുടെ സഹോദരനായെത്തുന്ന കഥാപാത്രത്തിന്‍റെ കട്ട മുറിക്കലും മറ്റും ഉപകരിക്കുന്നുണ്ട്. വിസ്ഫോടനാത്മകമായ ആകാംക്ഷ പ്രേക്ഷകനിലുണര്‍ത്തും വിധം ഇതൊന്നും പക്ഷെ മാറുന്നുമില്ല.)

                 ബല്‍വാല്‍ ദേവനുവേണ്ടി ശിവകാമി കൊടുത്തുവിട്ട സ്വര്‍ണ്ണക്കൂന്പാരങ്ങളും മറ്റ് വസ്തുവകകളും ദേവസേന നിരസിക്കുന്നു. കുന്തല ദേശത്തെ ആക്രമിക്കാനെത്തുന്ന ശത്രുക്കളില്‍ നിന്നും അമരേന്ദ്രന്‍ പട പൊരുതി രക്ഷപ്പെടുത്തുന്നു.അങ്ങനെ അയാള്‍ ആരെന്ന സത്യം വെളിപ്പെടുത്തുന്നു.ദേവസേനയെ വിവാഹം ചെയ്ത് അയാള്‍ മകിഴ്മതി രാജ്യത്തെത്തുന്നു. രാജമാതാ ശിവകാമി കരുതുന്നത് ബല്ലാര്‍ദേവനുവേണ്ടിയാണ് ദേവസേന എത്തിയിരിക്കുന്നത് എന്നാണ്.അങ്ങനെയല്ല എന്നറിയുന്പോള്‍ അവരുടെ ഉള്ളില്‍ കോപാഗ്നി ജ്വലിക്കുന്നു.ദേവസേനയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒന്നുകില്‍ ദേവസേന അല്ലങ്കില്‍ രാജപട്ടം എന്നായി ശിവകാമി. ദേവസേനയെ വിട്ടുകൊടുക്കാന്‍ അമരേന്ദ്രന്‍ തയ്യാറായിരുന്നില്ല.അങ്ങനെ അയാള്‍ സേനാനായകനായി തരം താഴ്ത്തപ്പെടുന്നു. ബല്‍വാല്‍ ദേവന്‍ രാജാവാകുന്നു.

                 ഒരു ചടങ്ങില്‍ വച്ച് പടയാളികളിലൊരുവന്‍ പെണ്ണുങ്ങളെ കേറിപ്പിടിക്കുന്നത് കണ്ട ദേവസേന പ്രതികരിക്കുന്നു.അവന്‍റെ വിരലവള്‍ അറുത്തുമാറ്റുന്നു.ദേവസേന അറസ്റ്റ് ചെയ്യപ്പെടുന്നു.കയ്യല്ല അവന്‍റെ തലയാണ് അറുത്തുമാറ്റേണ്ടത് എന്ന് പറഞ്ഞ് അമരേന്ദ്രന്‍ അവന്‍റെ തലയറുക്കുന്നു.രാജാവിനേയും സിംഹാസനത്തേയും ധിക്കരിച്ചു എന്നാരോപിച്ച് അമരേന്ദ്രനേയും ദേവസേനയേയും കൊട്ടാരത്തിന് വെളിയിലേക്കിറക്കിവിടുന്നു ശിവകാമി. വെളിയില്‍ ജനങ്ങള്‍ക്കിടയില്‍ അവര്‍ സന്തോഷവാന്മാരും സന്തോഷവതിയുമാണെന്നാണ് തിരക്കഥാകൃത്തിന്‍റെ അവകാശവാദം.എന്നാലത് നമ്മിലേക്കെത്തും വിധമല്ല അവതരിപ്പിക്കപ്പട്ടിരിക്കുന്നത്. ദേവസേനയുടെ അമ്മാവന്‍ കുമാര വര്‍മ്മനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബല്‍വാല്‍ ദേവനെ വധിക്കാന്‍ വിടുന്നു നാസറിന്‍റെ ബിജ്ജലാദേവന്‍.ഇത് ചെയ്യിച്ചത് അമരേന്‍ദ്രനാണെന്ന് ശിവകാമിയെ തെറ്റിദ്ധരിപ്പിക്കുന്നു ബല്‍വാല്‍ ദേവന്‍.

               അവിശ്വസനായമായാണ് പിന്നീട് കാര്യങ്ങള്‍ പോകുന്നത്.ഒരാഭ്യന്തരയുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ അമരേന്ദ്രനെ വധിക്കുക മാത്രമാണ് വഴി എന്ന് ശിവകാമി ചിന്തിക്കുന്നു പോലും.കട്ടപ്പനെ ഏര്‍പ്പാടാക്കുകയാണ് ശിവകാമി അമരേന്ദ്രനെ വധിക്കാന്‍.കാലകേയനെ പോലെ ചില കറുത്തരൂപങ്ങളോട് അമരേന്ദ്രന്‍ യുദ്ധം ചെയ്യുന്ന സമയത്ത് കട്ടപ്പന്‍ അമരേന്ദ്രനെ പിന്നില്‍ നിന്നും കുത്തുകയാണ്. ഇക്കഥകളൊക്കെ കട്ടപ്പന്‍ മഹേന്ദ്ര ബാഹുബലിയോട് പറയുന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്‍റെ അച്ഛനെ കൊന്നവനോടുള്ള പ്രതികാരത്തിന് മഹേന്ദ്രന്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടുകയാണ്.The Great Wall എന്ന ചൈനീസ് സിനിമ കണ്ടവരാരും ബാഹുബലി കണ്‍ക്ളൂഷനെ  ഒരു മികച്ച സിനിമയായി പരിഗണിക്കുമെന്ന് തോന്നുന്നില്ല. ബാഹുബലി ഒന്നില്‍ ദേവസേന പറഞ്ഞതു പോലെ ചുള്ളിക്കന്പുകള്‍ ചേര്‍ത്ത് വയ്ക്കുന്നത് വെറുതെയായിരുന്നില്ല.ബല്‍വാല്‍ദേവനെ കത്തിക്കാനുള്ള ചിതയായിരുന്നു അത്.അത് അങ്ങനെ തന്നെ നിര്‍വഹിക്കപ്പെടുന്നു.മഹേന്ദ്ര ബാഹുബലി രാജാവായി അവരോധിക്കപ്പെടുകയും ചെയ്യുന്നു.

                  ബാഹു ബലി ഒന്ന് നമ്മുടെ സിരകളില്‍ പടര്‍ന്നു കേറിയ സിനിമയായിരുന്നു. ഒരു കലാ സൃഷ്ടി ചെയ്യേണ്ട ധര്‍മ്മങ്ങളൊക്കെ ആ സിനിമ നിറവേറ്റി.അതിന്‍റെ ഹാങ്ങോവറിലാണ് ബാഹുബലി 2 കാണാന്‍ ആളുകള്‍ പോയത്.അവര്‍ക്ക് നിരാശയായിരുന്നു പകരം കിട്ടിയത്.സിനിമ കാണാത്ത കുട്ടി നിരൂപകന്മാര്‍മാത്രമാണ് ഈ സിനിമ ഒന്നിനെക്കാള്‍ മികച്ചുനിന്നു എന്ന് പറയുന്നത്.