ഗോദ—-ദംഗലിന്റെ വികൃതാനുകരണമാണീ സിനിമ.ഷോട്ടുകളും ഛായാഗ്രഹണവും അനുകരിച്ചുണ്ടാക്കിയതാണ്.എന്നിട്ട് പോലും ഈ സിനിമയുടെ ആദ്യ പകുതി ചുക്കിച്ചുളുങ്ങിപ്പോയി.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോദ—-ദംഗലിന്റെ വികൃതാനുകരണമാണീ സിനിമ.ഷോട്ടുകളും ഛായാഗ്രഹണവും അനുകരിച്ചുണ്ടാക്കിയതാണ്.എന്നിട്ട് പോലും ഈ സിനിമയുടെ ആദ്യ പകുതി ചുക്കിച്ചുളുങ്ങിപ്പോയി.

                       ഡോ.എ.വി.അനൂപും  മുകേഷ് ആര്‍ മേത്തയും ചേര്‍ന്ന് നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച സിനിമയാണ് ഗോദ. ടൊവീനോ തോമസ്സും വാമിഖ ഗാബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ടൊവീനോ ആഞ്ജനേയ ദാസും വാമിഖ അതിഥി സിംഗുമാകുന്നു.ദാസിന്‍റെ അച്ഛനായ ക്യാപ്റ്റനായി രഞ്ജി പണിക്കരെത്തുന്നു.ദാസിന്‍റെ അമ്മയായി പാര്‍വതി അഭിനയിക്കുന്നു.ബാലേട്ടനായി അജു വര്‍ഗ്ഗീസുമുണ്ട്.ക്യാപ്റ്റന്‍ വിജയനായി ശ്രീജിത്ത് രവിയുമുണ്ട്.സുധര്‍മ്മന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്.

                        സിനിമ ആരംഭിക്കുന്നത് പഞ്ചാബിലെ ചണ്ടിഗറിലാണ്.പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല ഗുസ്തി എന്ന് പറഞ്ഞ് അതിഥി സിംഗിനെ അവളുടെ സഹോദരന്‍ മര്‍ദ്ദിക്കുന്നത് കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.അതിഥി സിംഗിന്‍റെ ചെറു പ്രായത്തില്‍ അവളുടെ അച്ഛന് അവളുടെ കാര്യത്തില്‍ വലിയ താത്പര്യമായിരുന്നെന്ന് അനുമാനിക്കാം.പെണ്‍കുട്ടികളായാല്‍ കരയരുത് ഉറച്ച മനസ്സൊക്കെ വേണം എന്നാണ് ആ അച്ഛന്‍റെ ഉപദേശം.അപ്പോള്‍ മുതല്‍ തന്നെ അവളുടെ സഹോദരന് പെണ്‍കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഇഷ്ടമല്ലായിരുന്നു.അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അയാളുടെ മര്‍ദ്ദനം.

                     ടൈറ്റിലുകള്‍ക്ക് ശേഷം കഥയാരംഭിക്കുന്നത് കേരളത്തിലാണ്.മനേത്ത് വയലില്‍ ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളിക്കുന്നു.അതിഥി സിംഗിന്‍റെ കാര്യത്തില്‍ സംവിധായകന്‍ കൈക്കൊള്ളുന്ന ആത്മാര്‍ത്ഥത ഈ ചെറുപ്പക്കാരെ പരിചയപ്പെടുത്തിയപ്പോള്‍ നഷ്ടമായി.ഈ സിനിമയുടെ ആദ്യ പകുതി വിരസമായതിന്‍റെ കാരണം തന്നെ സംവിധായകനും തിരക്കഥാകൃത്തും ആദ്യ പകുതിയില്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതാണ് .അവരുടെ ശ്രദ്ധയത്രയും അതിഥി സിംഗിലും അവളുടെ കഥാപാത്ര സൃഷ്ടിയിലുമായിരുന്നു. വിജയേട്ടനും ബാലേട്ടനും ദാസും ഡയ്ഞ്ചറും മറ്റും മനേത്ത് വയലില്‍ ക്രിക്കറ്റ് കളിക്കാനെത്തുകയാണ്.അവരുടെ എതിരാളികളായ് ഷൈന്‍ ടോം ചാക്കോയുടെ ടീമുമെത്തുന്നു.പക്ഷെ ക്യാപറ്റനെത്തി.(രഞ്ജി പണിക്കര്‍-ദാസിന്‍റെ അച്ഛന്‍) അവരെ തുരത്തി ഓടിക്കുന്നു. ഈ സമയത്ത് കേള്‍പ്പിക്കപ്പെടുന്ന കവിതാശകലത്തിന്( അതോ പാട്ടോ) പ്രേമത്തിലെ പാട്ടുകവിതയോട് സാമ്യമുണ്ട്.

               സംഭവം പാര്‍ട്ടി ഓഫീസില്‍ ചര്‍ച്ചയ്കെത്തുന്നു.ഇവിടെ കാര്യങ്ങള്‍ അത്ര വ്യക്തമല്ല.തിരക്കഥാകൃത്തിനും സംവിധായകനും വ്യക്തമായി ചിന്തിക്കാന്‍ സാധിക്കാത്തതിലാണത്. സിനിമയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് സംവിധായകനായതിനാല്‍ സംവിധായകന് മാത്രമാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. ഗുസ്തി വേണമോ ക്രിക്കറ്റ് വേണമോ എന്നതായി ചോദ്യം.ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ മനേത്ത് വയലില്‍ ഗുസ്തിയാണ് അഥവാ മനേത്ത് വയലില്‍ ഇനിയൊരു കളി നടക്കുന്നുണ്ടെങ്കില്‍ അത് ഗുസ്തിയാണെന്ന് മുതിര്‍ന്നവര്‍ വാദിക്കുന്പോള്‍ വിജയേട്ടന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റാണ് അവിടെ നടക്കേണ്ടതെന്ന് യുവാക്കള്‍ വാദിക്കുന്നു. ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന വിജയേട്ടന്‍ മുതിര്‍ന്നവര്‍ക്ക് പാര വയ്കുന്നു.അതിന് പ്രതികാരമെന്നോണം ക്യാപ്റ്റന്‍ യുവാക്കളുടെ ക്ളബ്ബ് തല്ലിപ്പൊളിക്കുന്നു.ആ യുവാക്കളെ കൊണ്ടുകൂടി ആ തല്ലിപ്പൊളിക്കല്‍ അരങ്ങേറ്റിയത് അവിശ്വസനീയവും അരോചകവുമായി.

                     അങ്ങനെയിരിക്കെ ദാസിനെ ക്യാപ്റ്റന്‍ പഞ്ചാബിലെ ഒരു കോളേജിലേക്ക് പഠിക്കാനയയ്കുന്നു.അതോ അവിടെ നിന്നും അഡ്മിഷനന്‍ ടിക്കറ്റ് വന്നതുകൊണ്ടാണോ.ഒന്നും വ്യക്തമല്ല.എങ്ങനെ ആലോചിച്ചാലും അതിലൊരു യുക്തി ഭംഗമുണ്ടെന്ന് കാണാവുന്നതാണ്. ഈ സിനിമയുടെ ആദ്യപകുതി ഇത്തരം യുക്തിഭംഗങ്ങള്‍ നിറഞ്ഞതാണല്ലോ. അങ്ങനെ ആഞ്ജനേയ ദാസ് പഞ്ചാബിലെത്തുന്നു.അവിടെ വച്ചാണ് അയാള്‍ അതിഥി സിംഗിനെ പരിചയപ്പെടുന്നത്.ഈ അതിഥി സിംഗിനെയാണ് സിനിമ തുടങ്ങുന്പോള്‍ നാം കാണുന്നത്.അവളുടെ സഹോദരനിപ്പോള്‍ പഞ്ചാബ് പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.

                പഞ്ചാബിലെന്നല്ല ഇന്‍ഡ്യയിലൊരിടത്തും കുറച്ചുമുന്പ് വരെ അച്ഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നം സാക്ഷ്ത്കരിക്കാനോ അതിനു വേണ്ടി യത്നിക്കാനോ അനുവാദം നല്‍കിയിരുന്നില്ല.വിവാഹം കഴിച്ച് മക്കളെ പോറ്റി വളര്‍ത്തി അവസാനം ആരുമല്ലാതെ മരിക്കുക അതായിരുന്നുപെണ്‍ കുട്ടികളുടെ  വിധി.ഇപ്പോഴത് മാറി വരുന്നതേയുള്ളൂ.ആ കാര്യങ്ങളാണ് അതിഥി, ദാസിനോട് വിവരിക്കുന്നത്.അത് ഹൃദയത്തില്‍ തട്ടുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് ദാസിന് അതിഥിയുടെ സഹോദരനുമായി മല്ലിടേണ്ടി വരുന്നുണ്ട്.അതോടെ അയാള്‍ക്ക് നാട്ടിലേക്ക് തിരികെ പോരേണ്ടി വരുന്നു.ഈ തിരിച്ചു പോരല്‍ അവതരിപ്പിച്ചിരിക്കുന്നത് ഉടന്തടിച്ചാട്ടമായാണ്.എന്നു വച്ചാല്‍ തൊട്ടുമുന്പുള്ള സീനുമായി ഇതിനെ ബന്ധിപ്പിക്കാന്‍ സംവിധായകനായിട്ടില്ല എന്ന്.അതിഥി കേരളത്തിലേക്കെത്തുന്നതും ഇങ്ങനെ തന്നെയാണ്.അത് കാഴ്ചാ ഭംഗവും ആസ്വാദന ഭംഗവുമുണ്ടാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഈ സിനിമയുടെ  ആദ്യ പകുതിയുടെ രൂപ ഘടനയും ആന്തരിക ഘടനയും ചുക്കിച്ചുളുങ്ങിയാണിരിക്കുന്നത്.

                     ദാസ്, അതിഥി സിംഗിനെ ബാലേട്ടന്‍റെ (അജു വര്‍ഗീസ്) സുഹൃത്തായാണ് ക്യാപ്റ്റനും അമ്മയ്കും മുന്നിലവതരിപ്പിക്കുന്നത്. എന്നാലിവള്‍ ഗാട്ടാ ഗുസ്തിക്കാരിയാണെന്നുള്ള വിവരം എല്ലാവരും അറിയുന്നത്  അന്പലത്തില്‍ ഉത്സവത്തിന് പോകുന്പോഴാണ്.തന്നെ ഉപദ്രവിക്കാന്‍ വന്ന രണ്ടുപേരെ അതിഥി മലര്‍ത്തിയടിക്കുന്നു.ഉപദ്രവിക്കാന്‍ ചെന്നവര്‍ ബിനു അടിമാലിയും മറ്റുമാണ്.ഇതൊരു തമാശയായേ പ്രേക്ഷകന് തോന്നുന്നുള്ളൂ.മുഖ പരിചയമില്ലാത്തവര്‍ വേണമായിരുന്നു ഇവിടെ.അപ്പോള്‍ മാത്രമായിരിക്കും പ്രേക്ഷകര്‍ക്ക് അത് ഗൗരവത്തിലെടുക്കാന്‍ സാധിക്കുന്നത്. .ഗൗരവത്തിന് ഗൗരവമില്ലായ്മ സംഭവിക്കുന്പോള്‍ ആസ്വാദനത്തിന് ഭംഗം സംഭവിക്കുന്നു.

                     അതിഥിയുടെ സ്വപ്നങ്ങളെ പറ്റി മനസ്സിലാക്കുകയാണ് ക്യാപ്റ്റനും കൂട്ടരും.ക്യാപ്റ്റനും പഴയൊരു ഫയല്‍വാനായിരുന്നല്ലോ. ദംഗലിലെ പോലെ രാവിലെ എണീറ്റ് ഗോദായില്‍ പ്രാക്ടീസ് , അവളെ സഹായിക്കാന്‍ ബാലേട്ടനും ഡയ്ഞ്ചറും കൂട്ടരും അതാണ് അവള്‍ക്ക് വിധിക്കപ്പെടുന്നത്.ഗുസ്തിയില്‍ ഇന്‍ഡ്യക്ക് വേണ്ടി ഒരു മെഡല്‍.തനിക്ക് നേടാന്‍ കഴിയാതെ പോയത് അതിഥിയിലൂടെ നേടണം എന്നാണ് ക്യാപ്റ്റന്‍റെ വിചാരം. ദംഗലിലെ മഹാവീറും (അമീര്‍ ഖാന്‍)  ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്. സ്റ്റേഡിയത്തില്‍ നിന്നും മഹാവീറിനെ ഒഴിവാക്കാനായ് ഒരു മുറിയില്‍ പൂട്ടിയിടുനന്നുണ്ടല്ലോ.അത് മറ്റൊരു തരത്തില്‍ ഈ സിനിമയിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അതും മറ്റൊരു തരത്തില്‍ ഈ സിനിമയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.വിജയേട്ടന്‍ അതിഥി ഗയിംസില്‍ പങ്കെടുക്കാനായ് ചരടു വലിച്ച് കേരളത്തിനുവേണ്ടി അതിഥി റിംഗിലെത്തുന്നത് തടയുന്നുണ്ട്.സ്റ്റേഡിയത്തിന്‍റെ പിന്നാന്പുറത്ത് അമീര്‍ഖാനെ സംഘാടകരിലൊരാള്‍ തടയുന്നതു പോലെ ഇവിടെ രഞ്ജി പണിക്കരെയും സംഘാടകന്‍ തടയുന്നുണ്ട്. ഒരോണം കേറാ മൂലയിലെ അപ്രസക്തനായ ഒരു നേതാവ് വിചാരിച്ചാല്‍ ദേശീയ അന്തര്‍ദ്ദേശീയ ഇടങ്ങളില്‍ ഇടപെടാനൊക്കുമോ എന്ന് പ്രേക്ഷകര്‍ ആശ്ചര്യപെട്ടേക്കാം.കോപ്പിയടി സിനിമകളില്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഈ സിനിമയിലെ പല ഷോട്ടുകള്‍ പോലും ദംഗലിലേതാണ്.ഛായാഗ്രഹണം പോലും ദംഗലിനെ അനുകരിച്ചു ചെയ്തുപോയിരിക്കുന്നതാണ്. ദംഗലില്‍ നിന്നുണ്ടായതാണ് ഈ സിനിമ.

           അതിഥിക്കങ്ങനെ മത്സരിക്കാന്‍ പറ്റാതാകുന്നു.ഡല്‍ഹിയില്‍ നിന്നുള്ള പിന്‍റോയ്കാണ് ഗോള്‍ഡ് മെഡല്‍ ലഭിക്കുന്നത്.അവള്‍ അതിഥിയെ തരം കിട്ടിയപ്പോള്‍ കളിയാക്കുന്നു.അവര്‍ തമ്മില്‍ കയ്യാങ്കളിയാകുന്നു.തുറന്ന വേദിയില്‍ മറ്റൊരിടത്ത് മറ്റൊരു ഗോദയില്‍ മത്സരിക്കാന്‍ അതിഥി വെല്ലുവിളിക്കപ്പെടുന്നു. അങ്ങനെ വീണ്ടും മനേത്ത് വയലിലേക്ക് വരികയാണ് മത്സരം.അവിടെ ആവേശ പൂര്‍വ്വമായി മത്സരം അരങ്ങേറുന്നു.അതിഥിയുടെ സഹോദരനുമെത്തുന്നുണ്ട് മത്സരം കാണാന്‍. അവള്‍ വീഴുന്പോള്‍ അയാള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മത്സരം പുരോഗമിക്കുന്നത് പ്രേക്ഷരില്‍ ആകാംക്ഷയുണര്‍ത്താന്‍ പാകത്തിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.ഇതൊക്കെ പക്ഷെ നമ്മള്‍ ദംഗലില്‍ കണ്ടതാണ്.അങ്ങനെ അവസാനം അതിഥി ജയിക്കുന്നു.

                         സിനിമ ഇവിടെ അവസാനിക്കേണ്ടതായിരുന്നു അപ്പോഴാണ് സംവിധായകന് അബദ്ധം മനസ്സിലായത്.നായകന്‍ അപ്രസക്തനായി പോയ വിവരം സംവിധായകന് മനസ്സിലായി. നായകനും ഒരു മെ‍ഡലൊക്കെ കിട്ടിയിട്ടുള്ള കേമനാണ്.അതിപ്പോഴാണ് പറയാന്‍പറ്റിയത് എന്നു മാത്രം.നായകന്‍ നായികയോട് ഒരു ഐ ലവ് യു ഒക്കെ ആദ്യം പറഞ്ഞിരുന്നു.അതിന് വലിയ പ്രസക്തിയൊന്നുമില്ല എന്ന് നമ്മോട് സംവിധായകന്‍തന്നെ പറഞ്ഞിരുന്നല്ലോ.പിന്നെന്തിനായിരുന്നു ഈ നായകന്‍റെ രണ്ടാം വരവ് കാണിക്കുന്നത്. (ദാസ് സബ്ബ് ജൂനിയര്‍ തലത്തില്‍ ഗുസ്തി ഇനത്തില്‍ മത്സരിച്ചിട്ടുണ്ട്.ഇപ്പോള്‍ അയാളിതാ ഏഷ്യന്‍ ഇന്‍ഡോര്‍ ഗയിംസില്‍ മത്സരിക്കാന്‍ പോകുന്നു എന്നൊക്കെയാണ് പറയുന്നത്)നായികയെ ഇംപ്രസ്സ് ചെയ്യാന്‍ പോലുമല്ല ഇത്പറയുന്നത്.അതാണ് പറഞ്ഞത് അബദ്ധമെന്ന് .അനുകരണ സിനിമയാകുന്പോള്‍ ഇത്തരം അബദ്ധങ്ങളൊക്കെ സാധാരണമാണ്. നെരൂദയുടെ കവിത കട്ടെടുത്ത് കവിത കാമുകിയെ ചൊല്ലിക്കേള്‍പ്പിച്ച കാമുകന്‍റെ കഥ വായിച്ചിട്ടുണ്ട്.ആ ഒരു യുക്തിപോലും ഈ സിനിമയുടെ സൃഷ്ടാക്കള്‍ക്ക് ഇല്ലാതെ പോയി എന്ന് മാത്രം പറയുന്നു


LATEST NEWS