ആ ശബ്ദം നിലയ്ക്കില്ല; പോരാട്ടങ്ങൾ തുടരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ ശബ്ദം നിലയ്ക്കില്ല; പോരാട്ടങ്ങൾ തുടരും

വിമത ശബ്ദങ്ങൾക്ക് കുഴിമാടം തീർക്കുന്നവർ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ നീ അവസാനത്തെ രക്ത സാക്ഷി അല്ലെന്നറിയാം.ഗൗരി ലങ്കേശിനെ ഒരു വെടിയുണ്ട കൊണ്ട് തീർത്തു കളയാം എന്ന് കരുതുന്നവർ വിഢികളുടെ സ്വർഗ്ഗത്തിലാണ്. നിങ്ങൾക്ക് ദു:ഖിക്കേണ്ടി വരും;നിറയൊഴിക്കാൻ നിങ്ങൾ തയ്യാറായി നിൽക്കുമ്പോൾ ആ വെടിയുണ്ടയെ മറികടക്കാൻ കഴിയുന്ന ശബ്ദങ്ങൾ ഈ രാജ്യത്ത് ധാരാളമുണ്ട്. വെടിയുണ്ടയുടെ രാഷ്ട്രീയം തിരിച്ചറിയുന്ന ഒരു ജനത ഈ രാജ്യത്തിന് കാവലുണ്ട്. വെടിയുണ്ടയുടെ രാഷ്ട്രീയം അത് മറ്റൊന്നുമല്ല, അത് ഫാസിസ്റ്റ് രാഷ്ട്രീയമാണ്, സ്വതന്ത്ര ചിന്തയെ ഹനിക്കാൻ ശ്രമിക്കുന്ന ഫാസിസം, ഭക്ഷണ സ്വാതന്ത്ര്യത്തിന് വിലക്ക് തീർക്കുന്ന ഫാസിസം, എന്ത് ധരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് കരപ്പിക്കുന്ന ഫാസിസം, നീ സമ്പാദിച്ചത് ചെലവഴിക്കാൻ നിനക്ക് സ്വാതന്ത്ര്യമില്ലെന്ന് ആക്രോശിക്കുന്ന ഫാസിസം. പക്ഷേ നിങ്ങളൊന്നറിയണം ഞങ്ങൾ അക്ഷരങ്ങൾക്കൊപ്പമാണ്, ഞങ്ങൾ മതേതരത്വത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഒപ്പമാണ്. ഇതൊന്നും തകർത്തെറിയാൻ മതിയാകില്ല നിങ്ങൾ ചൂണ്ടി നിൽക്കുന്ന തോക്കിൻ കുഴലുകൾ.

സ്വന്തം രാജ്യത്തിന്റെ മഹത്തരമായ പാരമ്പര്യവും പൈതൃകവും തകർക്കപ്പെടുമ്പോൾ എങ്ങനെയാണ് മൗനം ദീക്ഷിക്കുവാൻ നമുക്കാവുക. ലങ്കേഷ് പത്രിക എന്ന മാധ്യമത്തിന്റെ പത്രാധിപ ഗൗരി ലങ്കേഷ് സ്വന്തം വീട്ടുമുറ്റത്ത് വെടിയേറ്റ് മരണപ്പെട്ടിരിക്കുന്നു. തന്റെ പിതാവ് ലങ്കേഷ് ആരംഭിച്ച പത്രത്തെയും അദ്ദേഹം പകർന്നു നൽകിയ ആശയങ്ങളെയും മുറുകെ പിടിച്ച ഗൗരി ഒരു തികഞ്ഞ മതേതര വാദിയായിരുന്നു. ജാതീയതയെക്കതിരെയുള്ള ചെറുത്തുനിൽപ്പിനു വേണ്ടിയും ഇന്ത്യയെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനെതിരെയും ഗൗരി ലങ്കേഷ് ഉറച്ച നിലപാടുകൾ എടുത്തിരുന്നു

ഇന്ത്യയെ പിടിയിലൊതുക്കാൻ ശ്രമിക്കുന്ന പുതിയ രാഷ്ട്രീയത്തെയും അതിന്റെ മതാധിഷ്ഠിത നയങ്ങളെയും എന്നും ഗൗരി ലങ്കേഷ് എതിർത്തിരുന്നു. ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുകയും നാനാത്വത്തിൽ ഏകത്വം എന്നത് കേവലം' മിത്ത് ' മാത്രമായി മാറുകയും ചെയ്യുന്ന കാലത്തിന്റെ പ്രതികരണമാണ് ഗൗരി ലങ്കേളിൽ നമ്മൾ കണ്ടത്.കൽ ബുർഗി വധിക്കപ്പെട്ടപ്പോൾ അതിനെ കടുത്ത ഭാഷയിൽ അപലപിക്കാനും പ്രതിഷേധിക്കുവാനും ഗൗരി ലങ്കേഷ് മുന്നിലുണ്ടായിരുന്നു.

ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ, അത് പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചവർ ഒന്ന് മനസ്സിലാക്കണം, ആ വെടിയുണ്ടകൾ പതിച്ചത് കേവലം ഒരു ശരീരത്തിലല്ല, മറിച്ച് ചിന്തയും ശബ്ദവും സ്വാതന്ത്ര്യബോധവും നഷ്ടപ്പെട്ടിട്ടില്ലാത്ത ഇന്ത്യൻ ജനതയ്ക്കു മേലാണ്. സ്വതന്ത്ര ഭാരതത്തിൽ നാം വെടിയൊച്ച കേട്ടത് ഡൽഹിയിലെ ബിർളാ ഹൗസിൽ നിന്നാണ്. പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്. അന്ന് പിടഞ്ഞ് വീണത് മഹാതമാവായിരുന്നു. നമ്മെ സ്വതന്ത്ര്യത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ, ഇന്ത്യൻ മതേതരത്വം നിലനിർത്താനായി ശ്രമിച്ച, വർഗ്ഗീയതയെയും ഭിന്നിപ്പിച്ചു ഭരിക്കലിനെയും ഇല്ലാതാക്കാൻ ശ്രമിച്ച, മതത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ ജനതയെ ഒരുമിച്ചു ചേർക്കാൻ ഏറെ ദിനങ്ങൾ നിരാഹാരത്തിലിരുന്ന, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉദിച്ചുയർന്നപ്പോഴും ഇന്ത്യയിലെ വർഗ്ഗീയ കലാപഭൂമിയിൽ ഏകനായി പ്രയാണമാരംഭിച്ച നമ്മുടെ പ്രിയപ്പെട്ട ബാപ്പു. നാഥൂറാമിന്റെ കൈകളിൽ കിടന്ന് തോക്ക് ഗർജ്ജിച്ചപ്പോൾ നമുക്ക് നഷ്ടപ്പെട്ടു, നമ്മുടെ രാഷ്ട്രപിതാവിനെ.

വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ പ്രിയപ്പെട്ട ഇന്ദിരാജിയുടെ നെഞ്ചിനു നേരെ വർഗ്ഗീയ കോമരങ്ങൾ കാഞ്ചി വലിച്ചു. ആ വെടിയൊച്ച നിലയ്ക്കും മുൻപേ ഉഗ്രസ്പോടനത്തോടെ പ്രിയ രാജീവ് ചിതറിത്തെറിച്ചത് നാം കണ്ടതാണ്. നടുക്കുന്ന ഓർമ്മകളായിരുന്നു ഇതെല്ലാം.

എന്നാൽ ഇന്നവർ ചുവട് മാറ്റിപ്പിടിച്ചിരിക്കുന്നു. ചിന്തയെ അവർ ഭയപ്പെടുന്നു. പേനയുടെ ശക്തിയെ ഭയപ്പെടുന്നവർ തോക്കിന്റെ ശക്തി കൊണ്ട് പേനയെ നേരിടാൻ ശ്രമിക്കുന്നു. 2015 ആഗസ്ത് 30 ന് കൽബുർഗി കൊലചെയ്യപ്പെട്ടു ഗോവിന്ദപൻസാരയും നരേന്ദ്ര ബോൽക്കറും കൊല ചെയ്യപ്പെട്ടു.പെരുമാൾ മുരുകൻ എഴുത്തവസാനിപ്പിക്കേണ്ട സാഹചര്യം സ്വതന്ത്ര ഇന്ത്യയിലുണ്ടായി.അനന്തമൂർത്തിയെയടക്കമുള്ളവരോട് ഇന്ത്യ വിട്ടു പോകാനുള്ള ആഹ്വാനങ്ങൾ നമ്മൾ കേട്ടതാണ്.അനന്തമൂർത്തിയുടെ മരണം ആഘോഷമാക്കി മാറ്റിയതും നമ്മുടെ മണ്ണിൽ തന്നെ. 

ഇന്ന് ആ നിറതോക്ക് നിറയൊഴിച്ചത് ഗൗരീലങ്കേഷിന് നേരെയാണ്. അതെ, രാഷ്ട്രപിതാവിന് നേരെ തീ തുപ്പിയ ആ തോക്ക് വീണ്ടും വീണ്ടും തീ തുപ്പു കയാണ്. ഫാസിസം പടർന്ന് പന്തലിച്ച് കൊലവിളികൾ തുടരുകയാണ്. അവർ ആശയങ്ങളെ ഭയപ്പെടുന്നു. ബുദ്ധികമായ ഉണർവ്വ് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന് അവർക്കറിയാം. ആ ഭയമാണ് തോക്കുകളായി ഗർജ്ജിക്കുന്നത്. മതേതര ഇന്ത്യയ്ക്കു വേണ്ടി ശബ്ദിച്ച ഒരു നാവു കൂടി മൗനത്തിലാഴന്നു പോയി. ആശയങ്ങളുടെ മുനയൊടിക്കാൻ അവർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. പക്ഷേ ചോദ്യങ്ങൾ ഇല്ലാതാക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ല.

'ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതീയതയ്‌ക്കെതിരെയുമുള്ള എന്റെ വിമര്‍ശനം എനിക്ക് ‘ഹിന്ദു വിരോധി’ എന്ന പേര് ചാര്‍ത്തിത്തന്നിരിക്കുകയാണ്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്കറെയുംപോലെ എന്റെ ചെറുതായ മാര്‍ഗത്തിലൂടെ സ്ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം'.ഗൗരിലങ്കേഷിന്റെ വാക്കുകളാണിത്. അതെ അങ്ങയുടെ പോരാട്ടം നിലയ്ക്കുന്നില്ല. എഴുതുന്നവരുടെ, പറയുന്നവരുടെ, ചിന്തിക്കുന്നവരുടെ, പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ താങ്കൾ നടത്തിയത് ശക്തമായ ചെറുത്തുനിൽപ്പായിരുന്നു. ഗൗരി ലങ്കേഷ് താങ്കളുടെ ശബ്ദത്തെ ഭയന്നവരാണ് ആ വെടിയൊച്ച ആസ്വദിച്ചത്. പക്ഷേ ആ സ്വരം നിലച്ചുപോകില്ല, ആയിരങ്ങൾ ഏറ്റെടുക്കും.

ഡോ.ഹരിപ്രിയ എം 

അസ്സി. പ്രൊഫസര്‍

എന്‍.എസ്.എസ് കോളേജ് മഞ്ചേരി

(മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖിക)


LATEST NEWS