കാട് പൂക്കുന്ന നേരം-സിനിമ സംവിധായകന്റെ കലയാണ് പക്ഷേ തിരക്കഥയുടെ അഭാവം വല്ലാത്തൊരു ഫീലാണ് പ്രേക്ഷകനില് ഉണര്ത്തി വിടുന്നത്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാട് പൂക്കുന്ന നേരം-സിനിമ സംവിധായകന്റെ കലയാണ് പക്ഷേ തിരക്കഥയുടെ അഭാവം വല്ലാത്തൊരു ഫീലാണ് പ്രേക്ഷകനില് ഉണര്ത്തി വിടുന്നത്.

              വീക്കെന്‍ഡ് ബ്ളോക്ബസ്റ്റേഴ്സിന് വേണ്ടി സോഫിയ പോള്‍ നിര്‍മിച്ച് ഡോ.ബിജു സൃഷ്ടിച്ച സിനിമയാണ് കാട് പൂക്കുന്ന നേരം. ഇന്ദ്രജിത്ത് സുകുമാരന്‍,റിമ കല്ലിങ്കല്‍,ഇര്‍ഷാദ്,പ്രകാശ് ബാരെ ഇന്ദ്രന്‍സ്,ജയചന്ദ്രന്‍ കടന്പനാട് തുടങ്ങിയവര്‍ അഭിനയിച്ച ഈ  ചലച്ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എം.ജെ.രാധാകൃഷ്ണനാണ്.

            ആദിവാസികള്‍ സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും അരി മോഷ്ടിക്കുന്നിടത്തു നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പുഴുവരിക്കുന്ന അരിയുടെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. കഠോരമായ കാഴ്ച തന്നെയാണ് അത്. .മനുഷ്യന്‍ കഴിക്കാന്‍ നല്ല ആഹാരമില്ലാതെ വിശന്ന് മരിക്കുന്പോള്‍ അരി പുഴുവരിക്കുന്നു. കഠോരമായ കാഴ്ച തന്നെയാണ് അത്.വിശപ്പ് സഹിക്കവ യ്യാതെ റൊട്ടി മോഷ്ടിച്ച ജീന്‍ വാല്‍ ജീന്‍റെ കഥയേക്കാള്‍ കഠോരമാണത്.ഒരു വ്യക്തിയല്ല ഒരു സമൂഹമാണിവിടെ ഇങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുന്നത്.ഇത് ഭരണകൂടം അതിന്‍റെ ജനതയോട് ചെയ്യുന്ന ക്രൂരതയാണ്.

                   പിന്നീട് സംഭവിക്കുന്നത് പോലീസ് വാന്‍ ചീറിപ്പാഞ്ഞ് വരുന്നതാണ്.അതിനുള്ളില്‍ നിറയെ പോലീസുകാര്‍.അവര്‍ ഒരു ഹോളിഡേ മൂഡിലാണ്.പാട്ട് പാടി ഉല്ലസിച്ചാണവര്‍ എത്തുന്നത്.അവര്‍ എത്തുന്നത് ആദിവാസികളുടെ പള്ളിക്കൂടത്തിലേക്കാണ്. ആ ഓലമേഞ്ഞ പള്ളിക്കൂടത്തിന്‍റെ രണ്ട് മുറികള്‍ അവര്‍ അവരുടെ ക്യാംപ് സൈറ്റായി തിരഞ്ഞെടുക്കുന്നു.അതായിരുന്നുവത്രേ ഓര്‍ഡര്‍.പള്ളിക്കൂടത്തിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അതനുസരിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ആ കാട്ടിനുള്ളില്‍ മാവോയിസ്റ്റുകള്‍ ഒളിച്ച് താമസിക്കുന്നുണ്ട് എന്നാണ് അവര്‍ക്ക് കിട്ടിയ വിവരം.അവരെ തേടിയാണ് അവര്‍ വന്നിരിക്കുന്നത്.അവരായിരുന്നുവത്രേ സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും അരി മോഷ്ടിച്ചത്.

              കോമാളി വേഷക്കാരായാണ് ഈ സിനിമയില്‍ പോലീസുകാരെ ആവിഷ്കരിച്ചിരിക്കുന്നത്.അത് സൃഷ്ടാവിന്‍റെ സ്വാതന്ത്ര്യം.സൃഷ്ടാവിന് അങ്ങനെയാണ് അവരെ ആവിഷ്കരിക്കാന്‍ തോന്നിയത്.പക്ഷെ അത് ആസ്വാദനത്തെ സഹായിക്കുന്നുണ്ടോ അല്ലെങ്കില്‍ ആസ്വാദനത്തിന് അത് എന്തെങ്കിലും ഭംഗം വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുന്നവനാകണം ആസ്വാദകന്‍ എന്ന് പറയുന്നതില്‍ കാര്യമില്ല. ഇതിലും ഭംഗിയായി ഈ സിനിമ ആവിഷ്കരിക്കാമായിരുന്നു എന്ന് ഏത് ആസ്വാദകനും തോന്നാം.അത് പറയുവാനുള്ള സ്വാതന്ത്ര്യവും പ്രേക്ഷകര്‍ക്കുണ്ട്.

പോലീസുകാര്‍ ആ ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ തന്പടിക്കുന്നു.അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ ആരോ ഒരാള്‍ ആ സ്കുളിന്‍റെ ഭിത്തികളില്‍ പോലീസ് ഗോ ബാക്ക് തുടങ്ങിയ പോസ്റ്ററുകള്‍ പതിക്കുന്നു.അയാളെ പോലീസുകാര്‍ പിന്തുടരുന്നു.അകക്കാട്ടിലേക്ക് അങ്ങനെ ഇന്ദ്രജിത്ത് കൈകാര്യം ചെയ്യുന്ന പോലീസുകാരന്‍ എത്തിപ്പെടുന്നു.അയാള്‍ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന മാവോയിസ്റ്റിനെ പിടികൂടുന്നു.

                             അയാളുടെ കൈയ്യില്‍ തോക്കുണ്ട്.മാവോയിസ്റ്റായ റിമയുടെ കൈവശം ഒരു പിച്ചാങ്കത്തി പോലുമുണ്ടായിരുന്നില്ല.അയാള്‍ അവളെ തനിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുതരാന്‍ തോക്ക് ചൂണ്ടി ആജ്ഞാപിക്കുകയാണ്.പക്ഷെ അവള്‍ വഴങ്ങുന്നില്ല.കാരണം അവള്‍ക്കറിയാം അയാള്‍ക്ക് തന്നെ കൊല്ലാന്‍ കഴിയില്ല എന്ന്.തന്നെ കൊന്നാല്‍ പിന്നെ അയാള്‍ക്കൊരിക്കലും കാടിന്ന് പുറത്ത് കടക്കാന്‍ കഴിയില്ല എന്നവള്‍ ആ മനസ്സ് വായിച്ചെടുക്കുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും അതിന് കഴിയില്ല തന്നെ.കാടിനെ അവന് അറിയില്ലല്ലോ.

                                                         കാടിനുള്ളിലെ സീനുകളെല്ലാം ഭംഗിയായി തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.അല്ലെങ്കില്‍ തന്നെ കാടിനുള്ളില്‍ എന്ത്ചിത്രീകരിച്ചാലും അതിന്ന് അതിന്‍റേതായ ഭംഗിയുണ്ട്.എവിടെ ക്യാമറ വച്ചാലും അതിന് ഒരു കാഴ്ച സുഖമുണ്ട്. ആ  സുഖത്തെ   കഥാപാത്രചിത്രീകരണം കൊണ്ട് നേരിടുക ,ആ ചിത്രീകരണത്തിന്‍റെ ഭംഗി കളയാതെ കഥാപാത്രങ്ങളെ വിന്യസിക്കുക അതൊരു വെല്ലുവിളി തന്നെയാണ്. ഇവിടെ ഡോ.ബിജുവിന് ഒരു പരിധി വരെ ആ വെല്ലുവിളിയെ അതിജീവിക്കാനായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തകരാറുകള്‍ അതിന്‍റെ ശോഭ കെടുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.പശ്ചാത്തല സംഗീതം പലയിടത്തും അരോചകമാവുന്നുണ്ട്.എപ്പോഴാണ് പശ്ചാത്തല സംഗീതം ഉപയോഗിക്കേണ്ടത് എന്ന് സംവിധായകന് നിശ്ചയമില്ലാത്ത പോലെ തോന്നി.

                         ആദിവാസി കുടി കടന്ന് വേണം കാടിന് വെളിയിലേക്ക് പോകേണ്ടത്.അതിനയാള്‍ ഇങ്ങനെ പോലീസ് വേഷത്തില്‍ പോയിട്ട് കാര്യമില്ല.അയാള്‍ക്ക് ചിലപ്പോള്‍ ആദിവാസി കുടി താണ്ടാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണവള്‍ അന്നുരാവിലെ ഏറുമാടത്തില്‍ നിന്നും എഴുന്നേറ്റ് പോയി താടിക്കാരനായ ഒരു വൃദ്ധനേയും കൂട്ടി അയാള്‍ക്കുടുക്കാനുള്ള കള്ളി മുണ്ടും ഷര്‍ട്ടുമായെത്തുന്നത്. പിന്നീടയാള്‍ രാവിലെ എഴുന്നേറ്റ് നോക്കുന്പോള്‍ അയാള്‍ അവള്‍ തന്നെ പറ്റിച്ച് കടന്നു കളഞ്ഞതാകാം എന്ന് തെറ്റിദ്ധരിക്കുന്നു.പക്ഷെ അവള്‍ ഈറ്റകെട്ടിയ ഓടവുമായെത്തുന്പോള്‍ തന്നെ പറ്റിച്ച് കടന്നുകളഞ്ഞതല്ല എന്ന് മനസ്സിലാക്കുന്നു.അവളുടെ കൂടെ വരുന്ന വൃദ്ധന്‍റെ മുഖമൊട്ട് വ്യക്തവുമല്ല.അത് പ്രസക്തമല്ല എന്നായിരിക്കാം സംവിധായകന്‍ കരുതുന്നത്.പക്ഷെ അയാള്‍ക്ക് പിന്നീട് സംസാരിക്കേണ്ടി വരുന്നുണ്ട്.അപ്പോള്‍ പോലും അയാളുടെ മുഖം വ്യക്തമല്ല.ആ ആദിവാസി കുടിയില്‍ ഇയാളെ കൂടാതെ മറ്റാരെയും കാണിക്കുന്നുമില്ല.അവരൊക്കെ സര്‍ക്കാര്‍ നല്‍കിയ ഭൂമിയും വാങ്ങി നാട്ടിലേക്ക് കുടിയേറി എന്നാണ് അയാള്‍ പറയുന്നത്.അയാള്‍ക്ക് മുഖ്യം ഈ  കാടുതന്നെയാണ്.കാടിനെ അവര്‍ ഉപദ്രവിക്കുകയില്ല.അതുപോലെ കാട് അവരെയും.എന്നാല്‍ മറ്റൊരു ജീവിയേയും അവിടെ കാണിക്കുന്നുമില്ല.

                                അവിടുത്തെ കപ്പയും മീനും കഴിച്ച് അവര്‍ കാടിന് പുറത്തേക്ക് കടക്കാനുള്ള യാത്ര ആരംഭിക്കുന്നു.ഞങ്ങടെ ആഹാരമൊക്കെ കഴിക്കുമോ എന്ന വൃദ്ധന്‍റെ ചോദ്യം നമ്മള്‍ പല സിനിമകളിലും കേട്ടിട്ടുള്ളതാണ്.അത്തരം ചോദ്യങ്ങളും ഉത്തരങ്ങളൊന്നുമല്ല ഈ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.അതി തീവ്രമായ കഥാ പാത്ര സംഘട്ടനങ്ങള്‍ നടക്കേണ്ട ഇടത്ത് സംവിധായകന്‍ ആ അവസ്ഥയെ നിസ്സാരവത്കരിക്കുകയാണുണ്ടായത്.ശാരീരീകമായ സംഘട്ടനത്തേക്കാളുപരി മാനസിക സംഘട്ടനങ്ങള്‍ ഒന്നും തന്നെ ഈ  സിനിമയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടില്ല.എന്താണ് നിന്‍റെ പേര് എന്ന് ഇന്ദ്രജിത്തിന്‍റെ ചോദ്യത്തിന്ന് റിമയുടെ മാവോയിസ്റ്റ് പറയുന്ന ഉത്തരം മാവോയിസ്റ്റ് എന്നാണ്. ആ അവസാന നിമിഷങ്ങളില്‍ മാത്രമാണ് എന്തെങ്കിലുമൊക്കെ സംഘര്‍ഷമുണ്ടാകുന്നുണ്ടെങ്കില്‍ സംഭവിക്കുന്നത്.പോലീസുദ്യോഗസ്ഥന്‍റെ അവസാന ചോദ്യത്തില്‍ പോലുമുണ്ടത്.നിങ്ങളെങ്ങനെ പുറത്തുകടന്നു.മറ്റൊരാളുടെ സഹായമില്ലാതെ സാദ്ധ്യമല്ല എന്നാണ് ആ ഉദ്യോഗസ്ഥന്‍ കരുതുന്നത്.ഈ സംഘര്‍ഷം ആദ്യമേതന്നെ കൊണ്ടുവരാമായിരുന്നു.അതിന് പകരം സംവിധായകന് അഭിരമിച്ചത് മറ്റ് പലതിലുമാണ്.ആറ് ആദിവാസികളെ മാവോയിസ്റ്റ്കളായി പിടികുടി എന്നൊക്കെ നിര്‍ജ്ജീവമായാണ് സൃഷ്ടാവ് ആവിഷ്കരിച്ചിരിക്കുന്നത്. അല്ലെങ്കില്‍ വിദ്യാലയം പോലീസ് ക്യാന്പാക്കി എന്നൊക്കെ യുള്ളത് ഡോക്യൂമെന്‍റേഷനാക്കി എന്നാണ് പറയാന്‍ പറ്റുക.അവസാനം കുട്ടികള്‍ പോലീസുകാരുടെ എച്ചിലുകള്‍ അടിച്ച് കളയുന്നതിന് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു. പോലീസുകാര്‍ പാട്ടും പാടി ക്യാംപ് ഒഴിയുകയും ചെയ്യുന്നു.പോലീസുകാരെ ടൂറിസ്റ്റുകളായി അവതരിപ്പിച്ചപ്പോള്‍ തന്നെ വിഷയത്തിന്‍റെ ഗൗരവം നഷ്ടപ്പെട്ടുപോയിരുന്നു. അതുകൊണ്ടാണ് റിമയുടെ കഥാപാത്രത്തിനും ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തിനും വേണ്ടത്ര ഗൗരവം കിട്ടാതെ പോയത്.ഡോ.ബിജു തിരക്കഥയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല എന്നു വേണം കരുതാന്‍.തീം തിരഞ്ഞെടുക്കുന്നതിലും അത് സിനിമയാക്കുന്നതിലും ഈ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. പക്ഷെ മികച്ച തിരക്കഥയുടെ അഭാവം ഒരു പോരായ്മ തന്നെയാണ്


Loading...