ചക്കവീണാല്‍ മുയലു ചാകും ഒരിക്കല്‍ മാത്രം.ഈ കട്ടപ്പനയിലൊക്കെ അങ്ങനെയാണ്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചക്കവീണാല്‍ മുയലു ചാകും ഒരിക്കല്‍ മാത്രം.ഈ കട്ടപ്പനയിലൊക്കെ അങ്ങനെയാണ്.

              കഥാപാത്രങ്ങള്‍ തമ്മിലുളള സംഘട്ടനം സംഭവിക്കാതിരിക്കുന്പോള്‍ ആസ്വാദകന് അത് പൂര്‍ണ്ണമായി ആസ്വാദിക്കാനാവില്ല.കഥാപാത്രങ്ങള്‍ സൃഷ്ടാവിന്‍റെ ഹൃദയത്തില്‍ നിന്നും വരുന്പോഴാണ് സംഘട്ടനമുണ്ടാകുന്നത്.ബുദ്ധിയെ ക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എഴുതിക്കുന്പോള്‍ അത് ആസ്വാദകന് വരണ്ട അനുഭവം നല്‍കാന്‍ മാത്രമേ പര്യാപ്തമാകൂ. ഉണ്ണി.ആര്‍ എഴുതിയ വീട്ടുകാരന്‍ െന്ന കഥ വായിക്കുന്പോള്‍ ‌അത് ഹൃദയത്തിലേക്ക് ഇറങ്ങി വരാതിരിക്കുന്നതിന് കാരണം  അതാണ്.വീട്ടുകാരന് എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.വലിയകൃഷ്ണനും ചെറിയ കൃഷ്ണനും ബലിയിടാന്‍ പോകുന്നതാണ് പ്രമേയം.എന്നാല്‍ മാദ്ധ്യമം ആഴ്ചപ്പതിപ്പില്‍ വിനു എബ്രഹാം എഴുതിയ കാവല്മാലാഖ വായിച്ചു പോകാവുന്ന കഥയാണ്.ഈ കഥയിലെ പാട്രികും കത്രീനയും രാഹുലും നമ്മുടെ മുന്നില്‍ തെളിഞ്ഞു വരുന്നുണ്ട്.

               സിനിമയില കഥാപാത്രങ്ങളും ഈ വിധം തന്നെ തെളിഞ്ഞ് നില്‍ക്കണം.അല്ലെങ്കില്‍ അത് ഷോട്ടുകള്‍ മാത്രമായി ഭവിക്കും.ഒരു ജീവിതത്തിലേക്ക് നമ്മെ പിടിച്ച് വലിച്ചുകൊണ്ടു പോകാന്‍ അതിന് സാധിക്കാതെ  വരും. ദിലീപും ഡോ.സഖറിയ തോമസ്സും ചേര്‍ന്ന് നിര്‍മിച്ച് നാദിര്‍ഷാ സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച കട്ടപ്പനയിലെ ഋഥിക് റോഷന് എന്ന സിനിമ കാണാനിട വന്നതുകൊണ്ട് കുറിച്ച് പോയതാണ് ഈ ചിന്തകള്‍. ഈ ചിത്രത്തിന്ന് തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മറ്റൊരു തിരക്കഥാകൃത്തായ ബിപിന്‍ ജോര്‍ജ്ജാണ് നക്സലൈറ്റായെത്തിയ അംഗപരിമിതന്‍ എന്ന് തോന്നുന്നു.പ്രയാഗാ മാര്‍ട്ടിനാണ് നായിക.

                സുന്ദരിയായ കല്യാണപ്പെണ്ണിന്‍റെ വീട്ടിലേക്ക് വരുന്ന കാമുകനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.അവന്‍ അവളോട് ഇപ്പോള്‍ തന്നെ തന്‍റെ കൂടെ വരുവാന്‍ ആവശ്യപ്പെടുന്നു,അവള്‍ അത് നിരസിക്കുന്നു. അവള്‍ക്കിപ്പോള്‍ ഈ വരനെ കെട്ടാനാണിഷ്ടം.കാരണം അവന്‍ ആസ്ത്രേലിയയില്‍ നല്ലൊരു ജോലിയുണ്ട്.മൂന്നര ലക്ഷം രൂപ മാസ ശംപളവുമുണ്ട്.അതാണവളുടെ പ്രശ്നം. കാമുകന്‍ ആത്മഹത്യ ചെയ്യാനായി സൂയിസൈഡ് പോയന്‍റിലെത്തുന്നു.അവിടെ അയാള്‍ ആത്മഹത്യക്കൊരുങ്ങി അവള്‍ അയാള്‍ക്കിട്ടുകൊടുത്ത മോതിരം ഊരിയെറിയുന്പോള്‍ അത് ചെന്നു വീഴുന്നത് ഒരു ആത്മഹത്യാകുറിപ്പിലാണ്.

               ആ ആത്മഹത്യാ കുറിപ്പ് എഴുതിയത് കിച്ചു എന്ന കൃഷ്ണനാണ്. അവനാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.അവന്‍റെ അച്ഛനും ഒരു സിനിമാ അഭിനയ മോഹിയായിരുന്നു.ജയന്‍റെ കടുത്ത ആരാധകനായിരുന്നു അവന്‍റെ അച്ഛന്‍ സുരേന്ദ‌്രന്‍(നടന്‍ സിദ്ധിക്).ജയന്‍ മരിച്ചപ്പോള്‍ ജൂനിയര്‍ ജയനാകാന്‍ അയാള്‍ മദ്രാസിലേക്ക് വണ്ടികയറി പോയിരുന്നു.പരാജയപ്പെട്ട് തിരിച്ചു വരികയായിരുന്നു.നാട്ടുകാര്‍ അയാളെ കളിയാക്കുന്നു.അയാള്‍ ആ നാട്ടുകാരുടെ മുന്നില്‍ വച്ച് പ്രതിജ്ഞ ചെയ്യുന്നു.നല്ലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നും അവളില്‍ തനിക്ക് നല്ലൊരു മകന്‍ജനിക്കുമെന്നും അവനെ താന്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാക്കുമെന്നുമായിരുന്നു പ്രതിജ്ഞ.

             പക്ഷേ സുരേന്ദ്രന്‍റെ ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഞാവല്‍ പഴം കഴിച്ചു പോലും.അതുകൊണ്ടാണത്രേ അയാള്‍ക്കുണ്ടായ മകന്‍ കറുത്തുപോയത്. പലരുടെ ഭാഗത്തു നിന്നുമുണ്ടായ അവഗണനയും പുച്ഛവുമൊക്കെ സഹിച്ച് അയാള്‍ കറുത്ത കൃഷ്ണനെ നടനാക്കാനിറങ്ങി പുറപ്പെടുകയാണ്.അവന്‍ വളര്‍ന്നപ്പോള്‍ അവന് തന്‍റെ അച്ഛനോട് അകലം പാലിക്കേണ്ടി വന്നതും ഇക്കാരണത്താല്‍ തന്നെയാണ്.എന്നാല്‍ അവന് സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളൊക്കെ കിട്ടുന്നുണ്ട്. എന്നാല്‍ അവന്‍ പ്രതീക്ഷിക്കുന്നത് ഒരു നായക വേഷം കിട്ടുമെന്ന് തന്നെയാണ്.എന്നിട്ട് വേണം അവന് സുന്ദരിയായ ഒരുവളെ പ്രേമിച്ച് കല്യാണം കഴിക്കാന്‍.കൃഷ്ണന്‍റേയും സുരേന്ദ്രന്‍റേയും അയല്‍ക്കാരന്‍ നക്സലൈറ്റ് ചന്ദ്രന്‍റെ മകള്‍ അവനെ സ്നേഹിക്കുന്നുണ്ട്.അത് പക്ഷെ അവന്‍ അറിയുന്നില്ല.

              കൃഷ്ണന്‍ സ്നേഹിക്കുന്നത് ആന്‍ മരിയയെയാണ്.ഇതിനൊക്കെ എന്താണ് പറയേണ്ടത്.മലയാള സിനിമാ പ്രേക്ഷകന്‍റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍.ലോകത്തിലുള്ള മിമിക്രിക്കാരൊക്കെ സിനിമാ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ ആയാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ധര്‍മരാജന്‍റെ ദാസപ്പനും വിഷ്ണുവിന്‍റെ കൃഷ്ണനും ചേര്‍ന്ന് ചില സീനുകളില്‍ കോമഡി അവതരിപ്പിക്കുന്നുണ്ട്.സിറ്റ്വേഷന്‍ കോമഡി തന്നെ.പക്ഷെ കഥയെവിടെ കഥാപാത്രങ്ങളെവിടെ.അതാണ് ആസ്വാദകര്‍ ചോദിക്കുന്ന ചോദ്യം.

                  ആന്‍മരിയയ്ക് സിനിമയിലഭുനയിക്കണം പോലും.അതിന് വിഷ്ണുവിന്‍റെ കൂട്ട് വേണം.അവന്‍ വിചാരിക്കുന്നത് അവള്‍ക്ക് അവനോട് പ്രണയമാണെന്നാണ്.ഇതാണ് ആളെ വടിയാക്കല്‍.ചിന്തയില്ലായ്മ ഭാവനയില്ലായ്മ എന്നൊക്കെയാണ് ഇതിന് പറയേണ്ടത്.കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന സംവിധായകന്‍ ജയിംസ് ആന്‍റണി യുടെ അടുത്ത് ഒരിക്കല്‍ വിഷ്ണു ചെല്ലുന്നു,ചാന്‍സ് ചോദിച്ചുകൊണ്ട്.അപ്പോള്‍ ആ ഹോട്ടല്‍ മുറിയില്‍ അയാളും അയാളുടെ ഭാര്യയും തമ്മില്‍ ഡിവോഴ്സിനെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആ ഡിവോഴ്സ് അപ്പോള്‍ നടക്കാതെ പോയതിന് കാരണം വിഷ്ണുവിന്‍റെ കടന്നു വരവായിരുന്നു.അതുകൊണ്ടാണ് വിഷ്ണുവിനെ നായകനാക്കി ജയിംസ് ആന്‍റണ് അടുത്ത പടം ചെയ്യാന്‍ തീരുമാനിക്കുന്നത്.

               ഇതിലും വലിയ വങ്കത്തമാണ് പിന്നീട് എഴുതിപിടിപ്പിച്ചതും അത് സംവിധായകന് ഒരു ഉളുപ്പുമില്ലാതെ ഷൂട്ട് ചെയ്തിരിക്കുന്നതും.ആന്‍മരിയ അവന്‍റെ പ്രണയം നിരസിക്കുന്നു.അവന്‍സൂയിസൈഡ് പോയന്‍റില്‍ ആത്മഹത്യ ചെയ്യാനെത്തുന്നു.അപ്പോള്‍ അവിടേക്ക് ഒരു കാര്‍ പാഞ്ഞു വരുന്നു.ആ കാര്‍ മറിയുന്നു.അതിലുള്ളിലുണ്ടായിരുന്ന ആളെ കൃഷ്ണന്‍രക്ഷപ്പെടുത്തുന്നു.അങ്ങനെ അവന്‍ ആത്മഹത്യയില്‍ നിന്നും പിന്മാറുന്നു.ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.വെള്ളരിക്കാ പട്ടണം എന്ന് സിനിമയ്ക് പേരിട്ടിരുന്നെങ്കില്‍ ആസ്വാദകര്‍ക്ക് പിന്നെ മറ്റൊന്നും പറയാൻ പറ്റില്ലായിരുന്നു.ദിലീപിനെ പോലൊരാള്‍ ഇത്തരം സിനിമയ്ക് പിന്നിലുണ്ടാകുന്നതാണ് കഷ്ടം.

           സലിം കുമാര്‍ അവതരിപ്പിക്കുന്ന നക്സലൈറ്റ് ചന്ദ്രന്‍റെ മകളെ വിഷ്ണു പറഞ്ഞിട്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ വേഷത്തിന് ദാസപ്പന്‍ കൊണ്ടുപോകുന്നുണ്ട്.അവളെ പ്രൊഡക്ഷനിലുള്ള ആരോ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നു.അതറിയുന്ന ചന്ദ്രനും സുരേന്ദ്രനും ക്ഷുഭിതരാകുന്നു.എന്നാല്‍ സത്യം മറ്റൊന്നായിരുന്നു.ഇക്കാര്യം വിഷ്ണുവിന് അറിയില്ലായിരുന്നു.ഇതൊന്നും പ്രേക്ഷകരിലെത്താതെ പോകുന്നതിന്‍റെ പ്രധാനകാരണം കഥാപാത്രവത്കരണം ശരിയായ വിധം സംഭവിച്ചിട്ടില്ല എന്നതു തന്നെയാണ്.അതിനുള്ള കഴിവൊന്നും ഇതിന്‍റെ തിരക്കഥാകൃത്തുക്കള്‍ക്കില്ല.അവസാന ഭാഗത്ത് നാദിര്‍ഷാ വരുന്നതൊന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കാനുതകിയതുമല്ല. കുഞ്ഞിരാമായണം എന്ന സിനിമയില്‍ റിമി ടോമി വന്നതിനേക്കാള്‍ കഷ്ടമായി.

            ഒരു പ്രാവശ്യം ചക്കയിട്ടപ്പോള്‍ മുയലു ചത്തു എന്നു കരുതി അത് എല്ലായ്പോഴും സംഭവിക്കും എന്നു കരുതുന്ന വര്‍ വിഢ്ഢികളാണ്. നാദിര്‍ഷ തന്നെ സംഗീതം നിര്‍വഹിച്ച ഈ കുണ്ടാമണ്ടി സിനിമയിലെ കുണ്ടാമണ്ടി പാട്ടുകള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയണം.ഈ സിനിമ തന്നെയും അങ്ങനെ വലിച്ചെറിയേണ്ട സാധനമാണ്.


LATEST NEWS