കവി ഉദ്ദേശ്ശിച്ചത്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കവി ഉദ്ദേശ്ശിച്ചത്

            സിനിമ എന്നത് കുട്ടിക്കളിയല്ല.ഹൃദയത്തിന്‍റെ പങ്ക് സിനിമാ നിര്‍മാണത്തില്‍ സംവിധായകന് ആവോളം ഉപയോഗിക്കേണ്ടി വരുന്നു എന്നതു പോലെ തലച്ചോറും സംവിധായകന് ആവോളം ഉപയോഗിച്ചേ മതിയാകൂ.ഹൃദയവും തലച്ചോറും നേരാം വണ്ണം പ്രവര്‍ത്തിക്കാത്തവര്‍ക്കുള്ളതല്ല സിനിമ.ഇത് മനസ്സിലാക്കിയവര്‍ വളരെ കുറവാണ്. അതുകൊണ്ടാണ് പലരും അനുകരണങ്ങളിലേക്കും മോഷണത്തിലേക്കുമൊക്കെ തിരിയുന്നത്.ഇത്തരം ആളുകള്‍ക്ക് ഒന്നോ രണ്ടോ സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കുമായിരിക്കും.എല്ലാ സിനിമയും അനുകരിക്കപ്പെടാന്‍ പറ്റുന്നവയല്ലല്ലൊ. വേറെ ചിലരുണ്ട് ,സിനിമകള്‍ കാണില്ല.സിനിമയെ ക്കുറിച്ചെഴുതിയ പുസ്തകങ്ങള്‍ വായിക്കില്ല.വേണ്ട വിധത്തിലുള്ള കലാസ്വാദനത്തിലും അവര്‍ നേരം കണ്ടെത്തില്ല.എന്നിട്ടവര്‍ നേരെ സിനിമാ പിടുത്തത്തിലേക്കിറങ്ങും.ഇവരൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പ്രൊഡ്യൂസര്‍മാരും കാണും.ഭാഗ്യത്തിന്‍റെ പിന്‍ബലത്തിലാണിത്തരക്കാര്‍ സിനിമാ സംവിധായകരാകുന്നത്.

              ഇവരൊക്കെ എങ്ങനെ സിനിമ എടുത്താലും പ്രേക്ഷകര്‍ക്ക് അതൊരു പ്രശ്നമല്ല.പ്രേക്ഷകര്‍ക്ക് വേണ്ടത് ആസ്വാദനമാണ്.അതിനാണവര്‍ പണം മുടക്കുന്നത്.അത് കിട്ടിയില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ആ സിനിമയ്ക് മുഖം തിരിഞ്ഞ് നില്‍ക്കും.ഇതാണ് യാഥാര്‍ത്ഥ്യം. ആസിഫ് അലി നിര്‍മിച്ച് തോമസ് ലിജു തോമസ്സ് സംവിധാനം ചെയ്ത കവി ഉദ്ദേശ്ശിച്ചത് നമുക്ക് എന്തെങ്കിലും ആസ്വാദനം തരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും.സിനിമയുടെ ടൈറ്റില്‍ കാണിക്കുന്ന നേരത്ത് നാം കാണുന്നത് കുട്ടികളുടെ വികൃതികളാണ്.അത് ഈ സിനിമയുമായി ബന്ധിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകരും അന്പേ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. വട്ടത്തില്‍ ബോസ്കോ എന്ന ഒരുത്തന്‍(നരേന്‍),അവന്‍റെ പെങ്ങള്‍ ജാസ്മിന്‍(അ‍ഞ്ജു കുര്യന്‍),ജിമ്മി(ആസിഫ് അലി),മിന്നല്‍ സൈമണ്‍(ബിജു മേനോന്‍),ഗ്ളാ‍ഡിസ്സ് (ലെന)തുടങ്ങിയവരുടേയും വോളിബോളിന്‍റേയും കഥയാണ് സിനിമ പറയാന്‍ ഉദ്ദേശ്ശിക്കുന്നത്.ഈ സിനിമയും അതിന്‍റെ ടൈറ്റിലും തമ്മില്‍ പുലബന്ധമില്ല. ഫോട്ടോഗ്രാഫറെ വച്ച് ജിമ്മി കൃത്രിമമായി സ്റ്റൈലന്‍ ഫോട്ടോകള്‍ എടുക്കുന്നു.അവിടെ തുടങ്ങുകയാണ് ഈ സിനിമയുടെ കൃത്രിമത്വം.

               ജിമ്മിയും കൂട്ടുകാരും പോലീസ് കായികാക്ഷമതാ പരീക്ഷക്ക് പോകുന്നത് നോക്കുക.അതിനിടയില്‍ അവരുടെ ബാഗ് ചുമക്കാന്‍ മാത്രമാണ് ഒരുത്തന്‍ പോകുന്നത്.അയാള്‍ ഇന്നു വരെ ട്രയിനില്‍ കയറിയിട്ടില്ലാത്രേ.അവര്‍ ട്രയിനില്‍  വച്ച് ഒരു കുഞ്ഞിന്‍റെ കാലിലെ പാദസരം മോഷ്ടിച്ചെന്നാരോപിച്ച് പിടിക്കപ്പെടുന്നു.ആസിഫ് അലിയുടെ ജിമ്മി ആ കുഞ്ഞിന്‍റെ പാദസരത്തില്‍ തൊട്ട് ആ കുഞ്ഞിനെ കളിപ്പിക്കുന്നുണ്ടായിരുന്നല്ലോ. അവരുടെ പോലീസില്‍ ചേരാനുള്ള പോക്കുതന്നെ കൃത്രിമമാണ്. ഒരിഫക്ടും പ്രേക്ഷകര്‍ക്കനുഭവിക്കാന്‍ കഴിയുന്നില്ല. റയില്‍വേസ്റ്റേഷനില്‍ വച്ച് പോലീസുകാരുമായി ജിമ്മി ഉന്തും തള്ളുമാവുന്നു.സത്യത്തില്‍ കുഞ്ഞിന്‍റെ പാദസരം അതിന്‍റെ അമ്മയുടെ വസ്ത്രത്തില്‍ കുരുങ്ങിക്കിടപ്പുണ്ടായിരുന്നു.പ്രേക്ഷകരെ ഇളിഭ്യരാക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള രംഗാവിഷ്കാരം കൊണ്ട് സാധിക്കുകയുള്ളു.സംവിധായകന്‍ ഉദ്ദേശ്ശിച്ചത് മറ്റൊന്നായിരുന്നു.സൈജു കുറുപ്പിന്‍റെ പോലീസുകാരനുമായി ജിമ്മി വഴക്കിടുന്നു.ആളറിയാതെ .ഈ പോലീസ് ഉദ്യോഗസ്ഥനായിരുന്നു അവര്‍ക്ക് ഇക്കാരണത്താല്‍ പോലീസിലേക്കുള്ള വഴിയില്‍ തടസ്സമാകുന്നത്.പ്രേക്ഷകരുടെ ഉള്ളില്‍ സഹതാപതരംഗമുണ്ടാക്കണമെന്നതായിരുന്നു സംവിധായകന്‍റെ ഉദ്ദേശ്ശ്യം. ജിമ്മിയുടെ ജീവിതം വീണ്ടും പഴയ പടിയാകുന്നു.എന്നു വച്ചാല്‍ ഗ്ളാഡിസ്സിന്‍റെ വണ്ടി ഓടിക്കുന്ന പണി.ഗ്ളാഡിസ്സിന് പണി പഴക്കച്ചവടമാണ്.അതും ഹോള്‍സെയിലില്‍.

               ജിമ്മിയും ബോസ്കോയും തമ്മില്‍ മത്സരമാണ്.അത് അവര്‍ ഒരുമിച്ച് സ്കൂളില്‍ പഠിക്കുന്പോള്‍ മുതല്‍ തുടങ്ങിയതാണത്രേ.കാരണമെന്താണെന്ന് മാത്രം വ്യക്തമല്ല.അതങ്ങനെയാണ്. അള്ളിമൂല എന്ന ആ വോളിബോള്‍ ഗ്രാമത്തില്‍ പണമിറക്കി വോളീ ബോള്‍ കളി കൊണ്ടു വരുന്ന ഒരേയൊരു മുതലാളി.കഥയ്ക് വേണ്ടി ഒരു തട്ടിക്കുട്ട് കഥ എന്നല്ലാതെ എന്തു പറയാന്‍.ജീവിതത്തില്‍ നിന്നല്ലല്ലോ ഇന്നത്തെ ആളുകള്‍ കഥകളുണ്ടാക്കുന്നത്.അങ്ങനെയിരിക്കെയാണ് ബോസ്കോയുടെ പെങ്ങള്‍ ജാസ്മിനെത്തുന്നത്.ലോട്ടറിക്കച്ചവടക്കാരന്‍ പറഞ്ഞത് കേട്ട് ആ പണക്കാരി പെണ്ണിനെ പ്രേമിക്കാനൊരുങ്ങുകയാണ് ജിമ്മിച്ചന്‍. അപ്പോഴാണ് തിരക്കഥാകൃത്തിന്ന് ബോധോദയമുണ്ടാകുന്നത്.അതു മാത്രമല്ല ജിമ്മിയുടെ മനസ്സില്‍ അവള്‍ ഇടം പിടിക്കാന്‍ കാരണം.അയാള്‍ അതിനൊരു കാരണം കണ്ടുപിടിക്കുകയാണ്.സ്കൂളില്‍ വച്ച് ഹോം വര്‍ക്കിലെ എന്തോ കാരണമാണത്.അവള്‍ അവനെ അങ്ങനെ രക്ഷിച്ചു.അതാണാ കാരണം.വല്ലാത്തൊരു കാരണം തന്നെ.അത് പ്രേക്ഷകനെ വിശ്വസിപ്പിക്കാന്‍ തിരക്കഥാകൃത്ത് നന്നേ പാടു പെടുന്നുണ്ട്.അതാണ് കൃത്രിമമാണ് ഈ സിനിമയും അതിലെ കഥാപാത്രങ്ങളും എന്ന് ആദ്യമേ പറയാന്‍ കാരണം. ജിമ്മിയും കൂട്ടരും ബോസ്കോയ്ക് ഹോട്ടലില്‍ വച്ച് പണി കൊടുക്കുന്നത് ശ്രദ്ധിക്കുക.എന്ത് രസമാണിതൊക്കെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എന്നു തിരയുകയാണെങ്കില്‍ ഒന്നും തന്നെ ആസ്വാദകര്‍ക്ക് കണ്ടെത്താനാവില്ല തന്നെ.

                ജിമ്മിയും ജാസ്മിനും തമ്മിലുള്ള തര്‍ക്കങ്ങളൊന്നും പ്രേക്ഷകനിലേക്കെത്തുന്നില്ല.ജിമ്മിയുടെ കൂട്ടുകാരുടെ ചെയ്തികളും അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം കൂട്ടാനുതകുന്നില്ല.കൃത്രിമത്വം തന്നെ കാരണം.തേള്‍ എന്ന ആള്‍ വട്ടത്തില്‍ സണ്ണിക്ക് വേണ്ടി ജിമ്മിയെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിടുന്നു.അവിടെ ഒരു കരിമൂര്‍ഖന്‍ പാന്പുമുണ്ട്.അതൊരു ആകാംക്ഷയൊക്കെ പ്രേക്ഷകരില്‍ ഉണര്‍ത്തി വിടുന്നുണ്ട്. വട്ടത്തില്‍ ബോസ്കോയ്ക് ജിമ്മിയുടെ പെങ്ങള്‍ ലില്ലിക്കുട്ടിയില്‍ ഒരു കണ്ണുണ്ട്.വിവാഹം കഴിക്കാനാണോ അതൊ മറ്റെന്തെങ്കിലും കാര്യത്തിനാണോ എന്നറിയില്ല.ബോസ്കോ ആ ലില്ലിക്കുട്ടിയുടെ പിറകെയാണ്.പ്രേമത്തിലും മറ്റും നമ്മള്‍ പല വട്ടം കണ്ട പുറകെ നടക്കല്‍ ഇവിടെ ആവര്‍ത്തിക്കുന്നു.

                 അങ്ങനെയിരിക്കെ ബോസ്കോയുടെ നേതൃത്വത്തില്‍ സംസ്ഥാന തല വോളീബോള്‍ ടൂര്‍ണ്ണമെന്‍റ് അവിടെ സംഘടിപ്പിക്കപ്പെടുന്നു..അതില്‍ ജിമ്മിക്ക് സ്ഥാനം കൊടുക്കില്ല എന്ന് ബോസ്കോ.എന്നാല്‍ സ്വന്തമായി താന്‍ ടീമിനെ ഇറക്കും എന്ന് ജിമ്മിയും. എന്നാല്‍ സ്വന്തമായി താന്‍ ടീമിനെ ഇറക്കും എന്ന് ജിമ്മിയും.ജിമ്മിയും ബോസ്കോയും തമ്മില്‍ ബറ്റ് വയ്കുന്നു.പരസ്പരം തങ്ങളുടെ പെങ്ങന്മാരെയാണ് അവര്‍ കരുക്കളാക്കുന്നത്. .ജിമ്മിക്ക് ടീമിനെ ഇറക്കണമെങ്കില്‍ പണം കണ്ടെത്തണം.അവന്‍ അതിനായി ഗ്ളാഡിസ്സിനെ സമീപിക്കുന്നു.ഗ്ളാഡിസ്സ് ആദ്യം സമ്മതിക്കുന്നില്ലെങ്കിലും ജാസ്മിന് വേണ്ടിയാണ് ഈ  കളി എന്നറിയുന്നതോടെ പണമിറക്കാന്‍ ഗ്ളാഡിസ് സമ്മതിക്കുന്നു. വട്ടത്തില്‍ കുടുംബക്കാരോട് അവള്‍ക്കുമുണ്ടായിരുന്നു ഒരു ചെറിയ പ്രതികാരം .പണ്ട് തന്നെ പ്രണയിച്ച് പറ്റിച്ച് നാടുവിട്ടവനാണ് വട്ടത്തിലെ മൂത്ത സന്തതി. ജിമ്മിയുടെ ഗാംങ്സ് ടീമിന്‍റെ കോച്ചായി മിന്നല്‍ സൈമണെത്തുന്നു.ബിജു മേനോന്‍ അവതരിപ്പിക്കുന്ന സൈമണ് എന്ത് വ്യക്തിത്വമാണുള്ളത് എന്ന് ചോദിക്കരുത്.ഈ സിനിമയിലെ ഏത് കഥാപാത്രത്തിനാണ് വ്യക്തിത്വ മുള്ളത്. കള്ളുകുടി പിന്നെ ടീമിനെ തട്ടിക്കൊണ്ട് പോകല്‍ അങ്ങനെയൊക്കെയായി ഗാംങ്സ് ടീം അവസാനം ജയിക്കുന്നു.

                 കൃത്രിമത്വമാണ് ഈ സിനിമയുടെ മുഖമുദ്ര എന്ന് ആദ്യമേ തന്നെ പറഞ്ഞുവല്ലോ.അത് മറച്ച് പിടിക്കാനാണ് പശ്ചാത്തല സംഗീതകാരനെ സംവിധായകര്‍ കയറൂരി വിട്ടിരിക്കുന്നത്.പല സംഭാഷണങ്ങളും അതുകാരണം കേള്‍ക്കാന്‍ പ്രേക്ഷകര്‍ ക്ലേശപ്പെടുന്ന അവസ്ഥയാണ് സംജാതമായത്. പാട്ടുകളൊക്കെയും ചവറ്റ് കൊട്ടയില്‍ വലിച്ചെറിയേണ്ടവതന്നെ .തട്ടിപ്പ് കാരുടെ കൂടെ കൂടി നല്ല ആളുകളും ഫ്രോഡുകളാവുന്ന കാഴ്ചയാണ് കാണുന്നത്. എസ് .ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2016 october 9: ലക്കം 30)എഴുതിയ മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ എന്ന കഥ പോലെയുണ്ട് ഈ സിനിമ.കൃത്രിമത്വത്തോട് കൃത്രിമം.ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലല്ലോ.


LATEST NEWS