നൈഫ് ഇൻ ദ ക്ലിയർ വാട്ടർ ഒരു നല്ല സിനിമ - മികച്ച സംവിധാനവും കാഴ്ച വച്ച സിനിമ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നൈഫ് ഇൻ ദ ക്ലിയർ വാട്ടർ ഒരു നല്ല സിനിമ - മികച്ച സംവിധാനവും കാഴ്ച വച്ച സിനിമ

             മരണമോ ജീവിതമോ എതാണ് പരമമായ സത്യം? രണ്ടും യഥാർത്ഥ്യങ്ങൾ തന്നെ.ഇവയ്ക്ക് രണ്ടിനുമിടയിലാണ് പരമമായ സത്യം. എന്നും അത് തേടിയുള്ള യാത്രയിലാണ് മനുഷ്യൻ.ചിലർ അതറിഞ്ഞ് ജീവിക്കുന്നു. ചിലർക്കത് മനസ്സിലാകുന്നില്ല .കലാകാരനും ഈ അന്വേഷണത്തിൽ തന്നെയാണ്. തന്റെ സൃഷ്ടികളിലൂടെയാണ് അയാളത് കണ്ടെത്താൻ ശ്രമിക്കുന്നത്.

             നൈഫ് ഇൻ ദ ക്ലിയർ വാട്ടർ എന്ന സിനിമ ആ പരമമായ സത്യം തേടുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.2016-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്റർ നാഷണൽ കോംപറ്റിഷൻ വിഭാഗത്തിലാണ് ഈ സിനിമ പ്രദർശിപ്പിച്ചത്. ചൈനയാണു് ഈ സിനിമക്ക് പശ്ചാത്തലമാകുന്നത്. Wang Xuebo ആണീ ചിത്രത്തിന്റെ സംവിധായകൻ. മാ സി ഷാൻ എന്ന മുസ്ലിം വൃദ്ധന്റെയും അയാളുടെ മകനുൾപ്പെടുന്ന കുടുംബത്തിന്റെയും ജീവിത പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് സംവിധായകൻ തന്റെ തന്നെ അന്വേഷണമാരംഭിക്കുന്നത്.

             സിനിമ തുടങ്ങുന്നത് മാസിഷാന്റെ ഭാര്യയുടെ ശവമടക്ക് നടക്കുന്നിടത്തു നിന്നുമാണ്. അത് വെറുമൊരു ശവമടക്കല്ല. പ്രകൃതി അവിടെ വെറുമൊരു കാഴ്ചക്കാരനല്ല പ്രകൃതി നല്ല ദിവസമാണെന്നോണം മഴ പെയ്യിക്കുന്നുണ്ടവിടെ. എല്ലാവരും പോയ്ക്കഴിഞ്ഞിട്ടും നിഷാൻ മാത്രമായിരുന്നു. അവിടെ കുറെ സമയം നിൽക്കുന്നത്. അയാളുടെ പ്രിയപ്പെട്ടവളാണല്ലോ വിട്ടുപിരിഞ്ഞത്.

             എല്ലാവരെയും പോലെ പിറ്റേന്നു് മുതൽ അയാളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നു. മനുഷ്യന്റെ അവസ്ഥയാണത്. പക്ഷെ പല കാര്യങ്ങളിൽനിന്നും നിഷാൻ അകന്നു നിൽക്കുന്നു. മൗനം ദീക്ഷിക്കുന്നു.

             ഇവിടെയൊക്കെ പ്രകൃതിയുടെ ദൃശ്യങ്ങൾ ,സംവിധായകൻ ലൈറ്റ് പാനിംഗ് ഷോട്ടിലൂടെ ആകാശത്തെ ഒരു ചീന്തായി കാണിക്കുന്നുണ്ട് .മലനിരകൾ റ്റൈറ്റ് ചെയ്തു കാണിക്കുമ്പോൾ ഒപ്പം ആകാശമില്ല. പിന്നീട് മെല്ലെ പാൻ ചെയ്ത് ആകാശവും കൂടി കാണിക്കുന്നു. ആകാശം എപ്പോഴും വെളിച്ചത്തിന്റെ ഉറവിടമാണ്.നിഷാന്റെ വീട് കാണിക്കുമ്പോഴും സംവിധായകൻ ഈ രീതി പിൻതുടരുന്നു. നിഷാൻ തേടുന്നതും ആ വെളിച്ചമാണ്.

              ഭാര്യ പ്രസവിക്കാൻ പോകുന്നു പക്ഷെ വീട്ടിൽ കഞ്ഞിവയ്ക്കാൻ കൂടി അരിയില്ല എന്നു പറഞ്ഞെത്തുന്ന അയാളുടെ സഹോദരന് മരുമകളെ കൊണ്ട് അരി കൊടുപ്പിക്കുന്നുണ്ട് മാ നിഷാൻ. സഹോദരനും അയാളും ഒന്നിച്ചിരുന്ന് കഞ്ഞി കുടിക്കുന്നത് നോക്കുക. നിഷാൻ എത്ര നിർബന്ധിച്ചിട്ടും സഹോദരന് വേണമായിരുന്നിട്ടും അയാൾ തന്റെ വയറു നിറഞ്ഞതായി പറയുന്നു. ഭാര്യ വാങ്ങിയ കടം നിഷാൻ വീട്ടുന്നുണ്ട് വേറൊരിടത്ത്: ഇത്തരം നിസ്സാര സംഭവങ്ങൾ കാണിച്ചിട്ട് പിന്നീടാണ് സംവിധായകൻ ഗൗരവതരമാർന്ന ആ യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്. മരണമെന്ന യാഥാർത്ഥ്യത്തിലേക്ക്.

               മകന് അമ്മയുടെ നാൽപതാം അടിയന്തിരം നടത്തണം. അയാൾക്ക് നഗരത്തിലാണ് ജോലി എന്നതുകൊണ്ടു കൂടിയാണിയാൾ അങ്ങനെ ആഗ്രഹിക്കുന്നത്. നാൽ പതാം അടിയന്തിരത്തിന് വെറുതെ കുന്തിരിക്കം കത്തിച്ചാൽ പോരെ എന്നാണു് നിഷാൻ ചോദിച്ചത്. ബന്ധുക്കളൊക്കെ വരുമ്പോൾ കോഴിയെയും ആടിനെയും അറക്കാം എന്നും അയാൾ നിർദ്ദേശ്ശിക്കുന്നു. എന്നാൽ മകൻ പറയുന്നത് മറ്റൊന്നാണ്.മകന് മുരിയെ തന്നെ അറുത്ത് അമ്മയുടെ നാൽപതാം അടിയന്തിരം കൊണ്ടാടണം. മൗനമായിരുന്നു നിഷാന്റെ മറുപടി. എന്നാൽ മനസ്സില്ലാ മനസ്സോടെ അയാൾ സമ്മതിക്കുന്നു.

              സത്യത്തിൽ അയാൾക്ക് ആ വളർത്തു മൂരിയെ കൊല്ലാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.തന്റെ ജീവിത കാലഘട്ടത്തിൽ തന്റെ നിലമുഴുവാൻ തന്റെ കൂടെയുണ്ടായിരുന്നവനാണവൻ. ഒരു സ്നേഹിതനെ പോലെ സഹോദരനെ പോലെ .പക്ഷെ ഇക്കാര്യമറിഞ്ഞിട്ടെന്ന പോലെ ആ മൂരി അന്നു മുതൽ പുല്ലും വെള്ളവുമൊന്നും തൊടാതായി. തെളിനീർ ജലത്തിലെ കത്തിയുടെ കഥ ഇവിടെ പള്ളിയിലെ ഇമാം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നിട്ടും നിഷാൻ മൂരിക്കുട്ടനെ മലകൾക്കിടക്കുള്ള പാടത്ത് മേയാൻ കൊണ്ടു പോകുന്നുണ്ട്. അപ്പോഴും അവൻ ഒന്നും തൊടുന്നില്ല. ആ മൂരിക്കുട്ടൻ സ്വതന്ത്രമായി മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റത്തെയാണ് ശ്രദ്ധിക്കന്നത്. വെളുത്ത ആടുകൾ. അന്നു രാത്രി നിഷാൻ നന്നായി കുളിക്കുന്നു. ഖുറാൻ വായിക്കുന്നു. മൂരിക്കുട്ടന്റെ അടുത്ത് പോയി കുറെ നേരം ഇരിക്കുന്നു.

             പിറ്റെ ദിവസമാണ് അയാളുടെ പ്രിയപ്പെട്ടവളുടെ നാൽപതാം അടിയന്തിരം .അയാൾ ചന്തയിലേക്കെന്നും പറഞ്ഞ് തന്റെ വീട്ടിൽ നിന്നുമിറങ്ങുന്നു. അന്നു തന്നെയാണു് അവർ തന്റെ പ്രിയപ്പെട്ട മൂരിയെ അറക്കുന്നത് .അവർ മൂരിയെ അറുക്കുമ്പോൾ അയാൾ മഞ്ഞു വീണ വയലുകളിലൂടെ ,അപ്പോൾ വയലുകളുടെ നിറം വെള്ളയായി കഴിഞ്ഞിരുന്നു, മലകൾക്കും വെള്ള നിറം, നടന്നു നടന്നു മറയുന്നു.

             മാ നിഷാൻ ആ പരമമായ സത്യം കണ്ടിരിക്കാം ഇല്ലായിരിക്കാം. അതൊരു ചോദ്യമായി സംവിധായകൻ അവശേഷിപ്പിക്കുകയാണ്. അതാണ് കല. അല്ലാതെ Die Beautiful ,Clash എന്ന സിനിമകളിൽ കാണിക്കുന്ന പോലെ പറയാനുള്ളതെല്ലാം വാരി വലിച്ചു പറയുകയല്ല വേണ്ടത്. നൈഫ് ഇൻ ദ ക്ലിയർ വാട്ടർ ഒരു മികച്ച സംവിധായകന്റെ സിനിമ കൂടിയാണ്.


LATEST NEWS