കലാസൃഷ്ടി പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കണം, അത്ഭുതപ്പെടുത്തണം -മാൻ ഹോൾ വെറും ഡോക്യു ഫിക്ഷൻ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലാസൃഷ്ടി പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കണം, അത്ഭുതപ്പെടുത്തണം -മാൻ ഹോൾ വെറും ഡോക്യു ഫിക്ഷൻ

            കയ്യടിക്കാനുള്ള അവകാശം കാണികൾക്കുണ്ട്. പക്ഷെ ഏത് പൊട്ട സിനിമക്കും കയ്യടിക്കുന്ന കാണികൾ നല്ല സിനിമാ സംസ്ക്കാരത്തിന്റെ ലക്ഷണങ്ങളല്ല കാണിക്കുന്നത്. അതുപോലെ തന്നെ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം സംസാരിക്കുന്ന കാണികളും മൊബൈൽ ഫോണിൽ സംസാരിക്കുന്ന കാണികളും ചാറ്റ് ചെയ്യുന്ന കാണികളും നല്ല സിനിമാ സംസ്ക്കാരമല്ല കാണിക്കുന്നത് .അത്തരക്കാർ ഇത്തവണത്തെ മേളയിലും കടന്നു കൂടിയിട്ടുണ്ട്. സഹിക്കുകയല്ലാതെ മറ്റ് വഴികളില്ല.

            വിൻസെന്റ് എം.പി നിർമ്മിച്ച് വിധു വിൻസെന്റ് സംവിധാനം ചെയ്ത സിനിമയാണ് മാൻഹോൾ .ഉമേഷ് ഓമനക്കുട്ടനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സജികുമാർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

             മാൻഹോളിൽ ഇറങ്ങി അവിടം വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അയ്യാ സ്വാമിയുടെയും പ്ലസ് ടു വിദ്യാർത്ഥിനിയായ അയാളുടെ മകൾ ശാലിനിയുടെയും കഥയുടെ പശ്ചാത്തലത്തിൽ മാനുവൽ സ്ക്കാവഞ്ചിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കഥയാണു് സിനിമ പറയാൻ ശ്രമിക്കുന്നത്. ശാലിനിയുടെ അമ്മ പാപ്പാത്തി വീട്ടുവേലക്കാരിയാണു്.

            സിനിമ തുടങ്ങൂമ്പോൾ വെളുപ്പാൻ കാലത്ത് റെയിൽവേ ട്രാക്കിനരികിലിരുന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്ന മൂന്ന് സ്ത്രീകളെ കാണിക്കുന്നു. പൈപ്പിൽ നിന്നും വെള്ളമെടുത്തു വരുന്ന ശാലിനിയെയും രണ്ട് പെൺകുട്ടികളെയും കാണിക്കുന്നു. ചേരി നിവാസികളുടെ ദുരവസ്ഥ പിക്ചറൈസ് ചെയ്യാനായിരുന്നു സംവിധായികയുടെ ശ്രമം. മദ്യപിക്കുന്ന അയ്യാ സ്വാമിയെ കാണിക്കുന്നതിലൂടെ ഇത്തരം തൊഴിൽ ചെയ്യുന്നവർക്ക് മദ്യപിക്കാതെ ഈ പണി ചെയ്യാൻ സാധിക്കില്ല എന്ന അവസ്ഥയും കാണിക്കപ്പെടുന്നു.

             ശാലിനി ബസ്സിറങ്ങുന്നത് സ്വന്തം ചേരിയിൽ നിന്നും മാറി അടുത്ത സ്റ്റോപ്പിലാണ്. താൻ ചേരിയിൽ നിന്നുമാണ് സ്കൂളിലെത്തുന്നത് എന്ന് മറ്റു കുട്ടികൾ അറിയാതിരിക്കാനാണത്. മറ്റ് പെൺകുട്ടികൾക്കൊപ്പം കറികളൊക്കെ പരസ്പരം കൈമാറി അവൾ ഉച്ച നേരത്തെ ഊണ്ട് കഴിക്കുന്നതായും കാണിക്കുന്നു. താനൊരു ചേരിനിവാസിയാണെന്ന് സഹപാഠികൾ അറിഞ്ഞാൽ അവർ തന്നെ അകറ്റി നിറുത്തുമെന്ന് അവൾ ഭയക്കുന്നു. പോലീസുകാരന്റെ മകൾ ആ ചേരി നിവാസികളെ പറ്റി സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

            അങ്ങനെയിരിക്കെ മാൻഹോളിൽ വീണ് അയ്യാസാമി മരിക്കുന്നു. അയാളുടെ സ്വപ്നം തന്നെ മകളെ മജിസ്ട്രേറ്റാക്കണമെന്നുള്ളതായിരുന്നു. അതിനായിട്ടായിരുന്നു അവൾ നിരന്തരം ആവശ്യപ്പെട്ടിട്ടുപോലും അയ്യാ സാമി ഈ തൊഴിൽ ഉപേക്ഷിക്കാതിരുന്നത്.

            ശാലിനി ആ ചേരിയിലെ കുറച്ച് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ഒരിക്കൽ ട്യൂഷൻ പഠിപ്പിക്കുന്ന നേരത്ത് ആൺകുട്ടി എന്തോ കുത്തി വരക്കുന്നത് കണ്ട് അവൾ ചോദിക്കുമ്പോൾ താനിനി സ്കുളിൽ പോകുന്നില്ല എന്നാണവൻ പറയുന്നത്. കാരണമന്വേഷിച്ചപ്പോൾ അവനെ കൂട്ടുകാരാരോ തോട്ടി എന്നു് വിളിച്ചതാണ് കാരണം എന്ന് ശാലിനി മനസ്സിലാക്കുന്നു. ആ ദുരനുഭവം ശാലിനിക്കുമുണ്ടാവുന്നു. അവൾ തോട്ടിയുടെ മകളാണെന്ന് മനസ്സിലാക്കുന്ന അവളുടെ കൂട്ടുകാരികൾ അവളെ എല്ലാത്തിൽ നിന്നും അകറ്റി നിറുത്തുന്നു .മറ്റൊരർത്ഥത്തിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തന്നെ.

            അയ്യാ സാമിയുടെ മരണ ശേഷം ശാലിനി പ0നത്തോടൊപ്പം ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകുന്നു. പാപ്പാത്തി വേല ചെയ്യവാനായ് രണ്ട് വീടുകൾ കൂടി അന്വേഷിക്കുന്നു. പ്ലസ് ടു പരീക്ഷ പാസ്സായതിനു് ശേഷവും ശാലിനി സൂപ്പർ മാർക്കറ്റിൽ പോകുന്നത് അവസാനിപ്പിക്കുന്നില്ല. അവൾക്ക് എൽ.എൽ.ബി എൻട്രൻസ് പരീക്ഷ പാസ്സായി നിയമം പഠിക്കാനുണ്ടായിരുന്നു. അവളുടെ അച്ഛന്റെ ആഗ്രഹവും അതായിരുന്നല്ലോ. പക്ഷെ ഇതിന്റെ ആവിഷ്ക്കാരത്തിന് ഇതിലും ശക്തിയുണ്ടാവണമായിരുന്നു.

             അപ്പോൾ മാത്രമായിരുന്നു മാരിമുത്തുവിന്റെ മരണത്തിനു് ഭരണ കൂടത്തിൽ നിന്നും കോംപൻസേഷൻ വാങ്ങിച്ചെടുക്കുന്നതിനു് വേണ്ട നിയമ പോരാട്ടത്തിന് ശക്തിയുണ്ടാകുമായിരുന്നുള്ളൂ. പക്ഷെ ഒടുവിൽ തോട്ടികളുടെ പണിയായുധങ്ങൾ അവളുടെ നേതൃത്വത്തിൽ സ്ക്കാവഞ്ചേഴ്സ് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിനു മുന്നിൽ വലിച്ചെറിയുന്നതും ശക്തമല്ലാതെ പോയതിനും കാരണം ഇതാണ്. മാത്രമല്ല, മാരിമുത്തുവിന് നീതി കിട്ടില്ല എന്നവൾക്ക് ഉറപ്പാകുമ്പോൾ അവൾ ചെന്ന് പണി നിറുത്താൻ അവളുടെ ചെറിയച്ച നോട് ആവശ്യപ്പെടുന്ന സമയത്ത് അവിടെ പണി ചെയ്യുന്ന വെളുത്ത കുടവയറനെ കണ്ടാൽ അയാളൊരു തോട്ടിയാണെന്നു് കാഴ്ചക്കാർക്ക് തോന്നില്ല. കാവി മുണ്ടുടുത്ത അയാളാണത്രേ മുന്നിൽ നടന്നു് കമ്മീഷൻ ഓഫീസിലേക്ക് പോകുന്നത്. അവസാനം കേൾപ്പിക്കപ്പെടുന്ന പാട്ടു പോലെ അരോചകമായിപ്പോയി ഈ സീനുകൾ.

            മനുഷ്യാവകാശ കമ്മീഷനു മുന്നിലുള്ള അഡ്വ.ശാലിനിയുടെ വാദങ്ങൾ, അവിടെ ആദ്യവും അവസാനവും അരങ്ങേറുന്ന സംഭവങ്ങൾ കാണുമ്പോൾ ഇതെന്താണ് ഡോക്യുമെന്ററി യോ എന്നാണ് ചോദിക്കാൻ തോന്നിയത്. കോർപറേഷൻ ഓഫീസിൽ ശാലിനി ജോലി തേടിയെത്തുമ്പോൾ അവിടത്തെ ഉദ്യോഗസ്ഥന്റെ പെരുമാറ്റവും ആ സംഭാഷണങ്ങളും ചേരിയിൽ പെണ്ണുങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുന്ന രംഗവും സംഭാഷണങ്ങളും ജീവനുള്ളതായിരുന്നെങ്കിൽ അവസാന സീനുകൾ അത്ര സജീവമല്ല എന്നു തന്നെ കാണാം.

             20l6-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ സിനിമ ഉൾപ്പെടുത്തിയിരിക്കുന്നത് മത്സര വിഭാഗത്തിലാണ്. ഡോക്യു ഫിക്ഷൻ എന്നൊരു വിഭാഗമുണ്ടാക്കി അവിടെ പ്രദർശിപ്പിക്കാമായിരുന്നു. കാരണം ഈ ചിത്രം ഒരു ഫീച്ചർ ഫിലിമിനു വേണ്ട ഗുണങ്ങളൊന്നും തന്നെ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നില്ല .മാരി മുത്തുവായി വരുന്ന ആൾ മാത്രമാണ് എന്തെങ്കിലുമൊക്കെ കലാപരമായി ഈ സിനിമയിലുണ്ട് എന്നു പറയിപ്പിക്കുന്നത്. അയാൾ ശാലിനിക്ക് ചുരിദാറുകൾ സമ്മാനിക്കുന്നതും ശാലിനിക്കൊപ്പം ചുവടുകൾ വച്ച് പാടുന്നതും അവർക്കിടയിൽ പ്രണയം നാമ്പിടുമോ എന്നൊരാകാംക്ഷ പ്രേക്ഷകരിലത് ഉണർത്തി വിടുന്നുണ്ട്. കലാ സൃഷ്ടി പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കണം അത്ഭുതപ്പെടുത്തണം .ഇതൊന്നും ഈ സിനിമയിലില്ല.എന്നിട്ടും കാണികൾ കയ്യടിക്കുന്നു.


LATEST NEWS