ഒപ്പം

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒപ്പം

             പ്രിയദര്‍ശന്‍ സിനിമകള്‍ മലയാളിക്കെന്നും കൗതുകമുള്ള കാഴ്ചകളായിരുന്നു.മോഷണമെന്നൊക്കെ അവയില്‍ ചില സിനിമകളെ ആക്ഷേപിച്ചിരുന്നപ്പോള്‍ പോലും അവയിലെ സംവിധാന രീതിയിലെ മൗലികത സര്‍വസമ്മതമായിരുന്നു.അവയിലെല്ലാം ഒരു പ്രിയദര്‍ശന്‍ ടച്ച് നമുക്ക് കാണാവുന്നതാണ്.അദ്ദേഹം ഒരുക്കുന്ന പാട്ടുകള്‍ ശ്രദ്ധിക്കുന്ന ഏതൊരു സിനിമാ പ്രേമിക്കും അക്കാര്യം ബോദ്ധ്യമാകുന്നതാണ്. പാട്ടുകളുടെ താളത്തിനൊത്താണ് അദ്ദേഹം ഷോട്ടുകള്‍ ഒരുക്കുന്നത്.നടീനടന്മാരുടെ വേഷവിധാനം,പ്രോപ്പര്‍ട്ടീസ്  അപ്പാട്ടുകളില്‍ അതിഭാവന കൊണ്ടു പരുന്നുണ്ട് എങ്കിലും നാമത് സഹിക്കുന്നത് ക്ഷമിക്കുന്നത് മൗലികമായ താളബോധം ആ പാട്ട് പിക്ചറേസേഷനില്‍ ഉണ്ട് എന്നതിനാലാണ്. മലയാള സിനിമയില്‍ പാട്ടിന്‍റെ താളത്തിനൊപ്പിച്ച് ഷോട്ടുകളൊരുക്കിയ ആദ്യ സിനിമ മുതലാളി എന്ന പഴയകാല സിനിമയാണ്.അതിനുശേഷം കുഞ്ചാക്കോയുടെ സിനിമകള്‍ വന്നു.ആ സിനിമകളില്‍ പാട്ടുകളും ഗംഭീരമായിരുന്നു.അത് പിന്നീട് വളര്‍ന്ന് വിന്‍സന്‍റിലൂടെ കടന്ന് ഭരതന്‍ ഹരിഹരന്‍ തുടങ്ങിയവരിലൂടെ പുലര്‍ന്ന് പ്രിയദര്‍ശനിലെത്തിനില്‍ക്കുന്നു.

                അത് പാട്ടിന്‍റെ കാര്യം.കഥ പറഞ്ഞുപോകുന്പോള്‍ ഷോട്ടുകള്‍ ഒരുക്കുന്നതിലും പ്രിയദര്‍ശന്ന് അദ്ദേഹത്തിന്‍റേതായ രീതിയുണ്ട്.എല്ലാ സംവിധായകരെയും പോലെ  ക്ളോസപ്പും വിദൂര ദൃശ്യങ്ങളും മദ്ധ്യ വിദൂര ദൃശ്യങ്ങളും പ്രിയദര്‍ശനും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇതൊക്കെ പ്രിയദര്‍ശന്‍ സിനിമകളിലൂടെ കാണുന്പോള്‍ അതിനൊരു പ്രത്യേക ചാരുതയുണ്ടെന്ന് പറയാതെ വയ്യ. ആന്‍റണി പെരുന്പാവൂര്‍ ആശീര്‍വാദ് സിനിമാസിന് വേണ്ടി നിര്‍മിച്ച് പ്രിയദര്‍ശന്‍തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയും ഇതൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.

          ഒരുവന്‍, അയാള്‍ പോലീസുകാരനാകാം ,ജയിലിനുള്ളിലെ ജനലഴികളില്‍ ലാത്തി ഉരച്ച് ശംബ്ദമുണ്ടാക്കിക്കൊണ്ട് നടന്നു പോകുന്ന ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്.അറ്റത്തുള്ള സെല്ലിനകത്തേക്ക് ക്യാമറ സൂം ചെയ്യപ്പെടുന്നു.അവിടെ അതിനുള്ളില്‍ എന്തൊക്കെയൊ കുത്തിക്കുറിച്ചിട്ടിരിക്കുന്നതായി കാണിക്കുന്നു.കട്ട് ചെയ്യുന്നത് ഒരുവന്‍ പുഴയിലേക്ക് ഒരാളുടെ ശവം തോളിലേറ്റി പോകുന്നതും അത് പുഴയിലേക്ക് വലിച്ചെറിയുന്നതുമാണ്.എനിക്കു നേരെ ചൂണ്ടിയ വിരലുകളെ അറുത്തുമാറ്റും ഞാന്‍ എന്ന് കവിത കേള്‍പ്പിക്കപ്പെടുന്നു.എന്നാല്‍ പശ്ചാത്തലസംഗീതത്തിന്‍റെ ശബ്ദഘോഷത്തിനിടയില്‍ എന്താണ് ആ കവിതയുടെ ബാക്കിഭാഗം എന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നില്ല. ജയരാമന്‍റെ(മോഹന്‍ലാല്‍)പെങ്ങളുടെ പെണ്ണുകാണല്‍ ചടങ്ങിലേക്കാണ് പിന്നീട് നമ്മള്‍ കാണുന്നത്.കല്യാണത്തിനുള്ള ചെലവുപോലും വഹിക്കാനുള്ള പാങ്ങ് പോലും ജയരാമനില്ല.പെണ്ണിനെ ചെറുക്കന്‍റെ മുന്നില്‍ കൊണ്ടു വന്നതുതന്നെ മറ്റാരുടേയോ ആഭരണങ്ങള്‍ ധരിപ്പിച്ചാണ്.അനുജന്‍ സഹായിക്കാന്‍ പറ്റില്ല എന്ന് തറപ്പിച്ച് പറയുന്നുമുണ്ട്. ജയരാമന്‍ ടൗണിലെ ഒരു ഫ്ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി നോക്കുന്നുണ്ട്.മാത്രവുമല്ല ടൗണില്‍ നല്ല വിറ്റുവരവുമുള്ള ഒരു കടയുമുണ്ട് ഇയാള്‍ക്ക് .പിന്നെന്തിന് അന്ധനായ ജയരാമന്‍ ഫ്ളാറ്റിലെ പണിയെടുക്കുന്നു എന്നു ചോദിക്കരുത്.കഥയില്‍ ചോദ്യമില്ല.ജയരാമന്‍ തന്‍റെ വീടും പറന്പും ഇരുപത്തഞ്ച് ലക്ഷം രൂപയ്ക് പണയപ്പെടുത്തി ബാപ്പൂട്ടിക്ക്(സിദ്ധിഖ്) നല്‍കിയിട്ടുണ്ട്.അതാണെങ്കില്‍ പെട്ടെന്ന് കിട്ടുന്ന ലക്ഷണവുമില്ല.

  ആ  ഫ്ളാറ്റില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസുമായി(നെടുമുടി വേണു) ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ജയരാമന്‍ യാത്ര പോകാറുണ്ടായിരുന്നു.ഇപ്പോള്‍ അവര്‍ ഒരു യാത്ര പോകുകയാണ്.വാസുദേവനെ തേടിയുള്ളതായിരുന്നു ആ യാത്ര.സേട്ടിന്‍റെ വീട്ടില്‍ ജോലിക്ക് നിന്നപ്പോള്‍ അയാള്‍ അവിടെ ഒരു വേലക്കാരി പെണ്ണിനെ ബലാല്‍സംഗം ചെയ്ത് കൊന്നതിന്‍റ പേരില്‍ ശിക്ഷിക്കപ്പെടുന്നു.അയാളുടെ അച്ഛന്‍ ഏതോ ഒരു മാഷായിരുന്നത്രേ.ശിക്ഷാ വിധി വായിച്ച് കേള്‍ക്കുന്നതിന് മുന്‍പ് അയാള്‍ ജസ്റ്റിസ്സിന്‍റെ ചേംബറിലേക്ക് ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അയാളല്ല ആ കുറ്റം ചെയ്തത് എന്ന് പറഞ്ഞത്രേ.നീതിയും ന്യാവും മനസ്സാക്ഷിയും തമ്മിലുള്ള വടം വലിയില്‍ ജസ്റ്റിസ്സിന്ന് വാസുദേവനെ ശിക്ഷിക്കേണ്ടിവരുന്നു.മാനഹാനിയില്‍ മനം നൊന്ത് മാഷും കുടുംബവും വാസുദേവന്‍റെ ഭാര്യയും കുഞ്ഞുമുള്‍പ്പെടെ ആത്മഹത്യ ചെയ്യുന്നു.ഇതറിഞ്ഞ വാസുദേവന് ഭ്രാന്തുപിടിക്കുന്നു.നാലു വര്‍ഷമാണ് അയാള്‍ ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

   വാസുദേവന്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.തന്‍റെ ശത്രുക്കളെയൊക്കെ അയാള്‍ കുടുംബത്തോടെയാണ് കൊല ചെയ്യുന്നത്.തന്നെ ശിക്ഷിക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥന്‍, പ്രോസിക്യൂട്ടര്‍ തുടങ്ങി എല്ലാവരും കൊല്ലപ്പെട്ടു കഴിഞ്ഞു.അവരുടെയൊക്കെ ചൂണ്ടുവിരലുകള്‍ മുറിച്ച് മാറ്റപ്പെട്ടിരുന്നു.പോലീസുദ്യോഗസ്ഥ ഗംഗയാണ്(അനുശ്രീ) ആ കൊലപാതകങ്ങളുടെ സാമ്യത ആദ്യം തിരിച്ചറിഞ്ഞത്.ഇനി അവസാനത്തെ ആളും കുടുംബവും ജസ്റ്റിസ് കൃഷ്ണമൂര്‍ത്തിയുടേതാണ്. കൃഷ്ണമൂര്‍ത്തി അവിവാഹിതനാണ്. എന്നാല്‍ അയാള്‍ക്ക് ഒരു കുട്ടിയുണ്ട്.അയാളുടെ അവിഹിത ബന്ധത്തിലുണ്ടായ സന്തതിയാണതെന്നാണ് അദ്ദേഹത്തിന്‍റെ പെങ്ങളും അനന്തിരവനും ധരിച്ച് വച്ചിരിക്കുന്നത്. അവളിപ്പോള്‍ ദൂരെ ഒരു സ്കൂളില്‍ പഠിക്കുന്നു.ജസ്റ്റിസ്സ് പറയുപ്രകാരം ചിലപ്പോഴൊക്കെ ജയരാമന്‍ അവളെ കാണാന്‍ പോകാറുണ്ട്.

ചീഫ് ജസ്റ്റിസ് കൃഷ്ണമൂര്‍ത്തിയെ വാസുദേവന്‍ കൊലപ്പെടുത്തുന്നു.ഇന്‍സുലിന്‍ കുത്തിവച്ചാണ് കൊലപ്പെടുത്തുന്നത്.അപ്പോള്‍ അവിടെ ഒരാഘോഷം നടക്കുന്നുണ്ടായിരുന്നു.സര്‍ദാര്‍ജിയുടെ മകളും മേനോന്‍ സാറിന്‍റെ  മകനും തമ്മിലായിരുന്നു വിവാഹം.ആഘോഷം കഴിയുന്നതിനിടെ വൈദ്യുതി ബന്ധം നിലച്ചതിനാലാണ് അപ്പോള്‍ ജയരാമന്‍ മുകളിലേക്ക് കയറിച്ചെന്നത്.വാസുദേവനുമായി(സമുദ്രക്കനി)ജയരാമന്‍ ഏറ്റുമുട്ടുന്നു.എന്നാല്‍ പക്ഷെ വാസുദേവന്‍ മാല ബാബുവിന‍റെ (അജു വര്‍ഗ്ഗീസ്)ഓട്ടോ റിക്ഷയില്‍ കയറി രക്ഷപെടുകയാണ്.

        ചെന്പന്‍ വിനോദിന്‍റെ പോലീസുകാരന് ജയരാമനെയാണ് സംശയം.ദൃശ്യത്തില്‍ പോലീസുകാരന്‍ സഹദേവന് ജോര്‍ജ്ജുകുട്ടിയെയായിരുന്നു സംശയം.പോലീസുകാരന്‍ സഹദേവന്‍ ജോര്‍ജ്ജുകുട്ടിയെ മര്‍ദ്ദിക്കുന്ന രംഗമുണ്ടല്ലോ.ഈ സിനിമയിലെ ആ മര്‍ദ്ദന രംഗം കാണുന്പോള്‍ നമുക്കതാണ് ഓര്‍മ്മ വരുന്നത്. മാത്രവുമല്ല ജയരാമനെ മര്‍ദ്ദിക്കാന്‍ മധുവിനെ(കലാഭവന്‍ ഷാജോണ്‍)കൊണ്ടുവരുന്നുണ്ട്.മാലബാബുവിനെ വാസുദേവന്‍ കൊലപ്പെടുത്തി ആ കുറ്റം ജയരാമന്‍റെ തലയില്‍ കെട്ടിവച്ചതിന്ന് ശേഷമാണ് അത് സംഭവിക്കുന്നത്.. ജയരാമന്‍ പറയുന്നതൊന്നും പോലീസുകാര്‍ വിശ്വാസത്തിലെടുക്കുന്നില്ല.ജസ്റ്റിസിന്‍റെ കൊലയാളി അന്ന് പിസ കഴിച്ചിരുന്നു എന്നൊക്കെ പറഞ്ഞിട്ടും ആരുമത് വിശ്വസിക്കുന്നില്ല,പോലീസ് ഓഫീസര്‍ ഗംഗ ഒഴികെ.

            ഇനി വാസുദേവന് കൊല്ലാനുള്ളത് നന്ദിനി മോളെയാണ്.അവളെവിടെ എന്നറിയാനാണ് അയാള്‍ ജയരാമനെ പിന്തുടര്‍ന്നത്.ജയരാമന്‍ തന്‍റെ കടയിലെ പബ്ളിക് ഫോണില്‍ നിന്നും ജയരാമന്‍ ഡയല്‍ ചെയ്ത നന്പരുകള്‍ റീ ഡയല്‍ ചെയ്ത് കണ്ടെത്താന്‍ ശ്രമിക്കുന്നതും അതിനാണ്.അതി ബുദ്ധിമാനായ ജയരാമന്‍ സ്കൂളിലെ ഫോണ്‍ നന്പര്‍ ഡയല്‍ ചെയ്തതിന് ശേഷം മറ്റൊരു നന്പര്‍ കൂടി ഡയല്‍ ചെയ്തിരുന്നു.അതുകൊണ്ടാണ് വാസുദേവന്‍ നന്ദിനിമോള്‍ പഠിക്കുന്ന സ്കൂളിലെ നന്പര്‍ കിട്ടാതിരുന്നത്. പക്ഷെ അയാള്‍ ആ നന്പര്‍ അയാളുടെ മൊബൈല്‍ ക്യമറ ഉപയോഗിച്ച് കണ്ടെത്തുന്നു.

നന്ദിനി മോളെ കൊല്ലാനായി വാസുദേവന്‍ അവള്‍ പഠിക്കുന്ന സ്കൂളിലെത്തുന്നു.ദീപാവലി സ്വീറ്റ്സുമായാണ് അയാള്‍ ചെന്നിരിക്കുന്നത്.സ്വീറ്റ്സില്‍ അയാള്‍ വിഷം കലര്‍ത്തുന്നുണ്ട്.വാസുദേവന്‍ എങ്ങനെയോ നന്ദിനിമോളെ കണ്ടുപിടിച്ച സ്ഥിതിക്ക് അയാള്‍ അവളെ കൊല്ലാന്‍ അവിടെ എത്തും എന്ന് ജയരാമനറിയാം .അതിനാലാണ് ജയരാമന്‍ ഗംഗയേയും കൂട്ടി സ്കൂളിലെത്തുന്നത്. അവിടെ വച്ചുണ്ടാകുന്ന സംഘട്ടനത്തില്‍ വാസുദേവനെ ജയരാമന്‍ വധിക്കുന്നു.നന്ദിനി മോള്‍ വാസുദേവന്‍റെ തന്നെ മരിക്കാത്ത മകളാണെന്ന് പറഞ്ഞിട്ടും ഭ്രാന്തനായ വാസുദേവന് അതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല.അന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ കുടുംബത്തില്‍ മരിക്കാതെ രക്ഷപ്പെട്ടത് നന്ദിനിമാത്രമായിരുന്നു.അയാള്‍ തിരിച്ചു വരുന്പോള്‍ അയാളെ ഏല്‍പിച്ച് തന്‍റെ മനസ്സാക്ഷിക്കുത്ത് മാറ്റാന്‍ അവളെ വളര്‍ത്തിയത് ജസ്റ്റിസ് കൃഷ്ണമൂര്‍ത്തിയായിരുന്നു.ഈ സത്യം അറിയാവുന്ന ഒരേ ഒരാള്‍ ജയരാമനായിരുന്നു.ആ സത്യം അയാള്‍ ആദ്യം നന്ദിനിമോളോട് പറയുന്നുണ്ടെങ്കിലും പിന്നീട് തമാശ പറഞ്ഞതല്ലേ എന്ന് ജയരാമന്‍ പറയുന്പോള്‍ അതു വരെ കരുപ്പിടിപ്പിച്ച് കൊണ്ടുവന്ന രസച്ചരട് മുറിഞ്ഞു പോകുകയാണ്. ഫ്ളാറ്റിലെ വേലക്കാരി ദേവയാനിക്ക് ജയരാമനോട് പ്രണയമുണ്ട് എന്ന് പറയുന്പോഴും അവളുടെ സങ്കടം കണ്ടിട്ട്  ജസ്റ്റിസ് കൊടുത്ത പണമാണ് അവളുടെ അനുജന്‍റെ കയ്യില് എന്നു പറയുന്പോഴും രസനീയതക്ക് ഭംഗം സംഭവിക്കുന്നുണ്ട്.

            കാലഘട്ടത്തിന്‍റെ അവസ്ഥാന്തരം നമ്മള്‍ അറിയുന്നത് മീന്‍പിടുത്തക്കാരന്‍ (തോമസ്സ് )ജയരാമനെ തന്പ്രാ എന്നു വിളിക്കുന്പോഴാണ്.ഏത് കാലത്താണ് ഇക്കഥ അരങ്ങേറുന്നത്ൟ എന്നു നാം ഒരു വട്ടം ചിന്തിക്കാതിരിക്കില്ല. അന്ധനായ ജയരാമന് കളരിയൊക്കെ അറിയാം എന്ന് തോന്നിപ്പിക്കുന്നതും പോലീസ്സ്റ്റേഷനില്‍ വച്ച് അയാള്‍ പോലീസുകാരോട് ഇറങ്ങി ഓടുന്നതിനെ പറ്റി പറയുന്നതും തമാശക്ക് വേണ്ടിയാണെന്ന് കരുതി പൊറുക്കാം. കാക്കക്കുയിലിലെ തമാശയുടെ തനിയാവര്‍ത്തനമാണ് ചെന്പന്‍ വിനോദും മാമുക്കോയയും മരിച്ച ആളുടെ ശവം ആദ്യം കണ്ടത് ആര് എന്ന ചോദ്യം ചെയ്യലിലൂടെ നടത്തുന്നത് എന്നിരുന്നാലും നമുക്ക് ക്ഷമിക്കാവുന്നതേയുള്ളൂ.മിനുങ്ങും മിന്നാമിനുങ്ങേ .ചിന്നമ്മാ..എന്ന രണ്ട് ഗാനങ്ങളും കേള്‍വി സുഖം മാത്രമല്ല കാഴ്ചസുഖം കൂടി നല്‍കുന്നുണ്ട്.

തന്‍റെ കട വിറ്റ പണം കൊണ്ടാണ് താന്‍ പെങ്ങളുടെ വിവാഹം നടത്താന്‍ പോകുന്നത് എന്നതൊക്കെ സഹതാപാര്‍ഹമാണ്.ആ കഥാപാത്രത്തോട് നമുക്ക് സഹതാപം തോന്നും.മോഹന്‍ലാല്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്.അകക്കാന്പിലേക്ക് അനുഭവങ്ങളൊന്നും ഈ സിനിമ കോരിയൊഴിക്കുന്നില്ലെങ്കിലും ഒരു നല്ല സംവിധായകന്‍റെ (ടെക്നീഷ്യന്‍റെ)സിനിമ കണ്ടതായ് ഈ സിനിമ കാണുന്ന ഏവര്‍ക്കും തോന്നുന്നതാണ്.


Loading...