പുലി മുരുകന്‍

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുലി മുരുകന്‍

            ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആരംഭിക്കുന്നത് പുലിയൂരില്‍ പുലി ഇറങ്ങി എന്ന സൂചനയുമായാണ്.പുലി വേട്ടക്കാരന്‍ പുലിമുരുകന് മാത്രമേ ആ  പുലിയെ വധിക്കാനാകൂ.അക്കഥയാണ് പത്മകുമാറിന്‍റെ കാട്ടുമൂപ്പന്‍ കടുത്ത പറയുന്നത്.പുലി മുരുകന്‍റെ അച്ഛനെ കൊന്നത് വരയന്‍ പുലിയാണ്.കടുവ എന്നാണ് അതിനെ വിളിക്കേണ്ടിയിരുന്നത്. ആ ജീവിയെ പുലി എന്ന് സമര്‍ത്ഥിക്കാന്‍ തിരക്കഥാകൃത്ത് പാടുപെടുന്നുണ്ട്.അയ്യപ്പന്‍റെ വാഹനം പുലിയാണല്ലോ.പക്ഷെ ചിത്രങ്ങളില്‍ കാണുന്നത് വരയന്‍ പുലിയെയാണ്.

            മുരുകന്‍റെ ചെറു പ്രായത്തില്‍ തന്നെ അവന്‍റെ അമ്മ അവനൊരു അനുജനെ സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞതാണ്.അഞ്ജലി അനീഷാണ് മുരുകന്‍റെ അമ്മയായി എത്തുന്നത്.മണിക്കുട്ടനെ വളര്‍ത്തുന്നത് മുരുകനും അച്ഛനും കൂടിയാണ്.ആ അച്ഛനെയാണ് പുലി പിടിക്കുന്നത്.മക്കളെ രണ്ടുപേരെയും രക്ഷിക്കാനായ് അയാള്‍ സ്വയം പുലിക്ക് ബലി നല്‍കുകയായിരുന്നു.ആ ചെറു പ്രായത്തില്‍ തന്നെ മുരുകന്‍ വധിക്കുന്നു.ടെക്നിക്കുകള്‍ ഉപയോഗിച്ച്.അങ്ങനെയാണ് അയാള്‍ക്ക് പുലിമുരുകന്‍ എന്ന പേര് ലഭിക്കുന്നത്.

           മോഹന്‍ ലാലിന്‍റെ പുലിമുരുകനും അദ്ദേഹം അവതരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമൊക്കെ നാം കണ്ടിരുന്ന് പോകും.എന്നാല്‍ ലാലിന്‍റെ അമ്മാവന്‍ ബലരാമന്‍റെ കഥാപാത്രം താണതരം ഭാവനയില്‍ നിന്നു മാത്രമേ ഉണ്ടാകൂ.ഒളിഞ്ഞ് നോട്ടക്കാരന്‍ ശശിയുടെ കഥാപാത്രവും ഇത്തരത്തില്‍ ഉണ്ടായതാണ് എന്ന് പറയാതെ വയ്യ.ഈ രണ്ട് കഥാപാത്രങ്ങളും ആസ്വാദനത്തെ പിന്നോട്ടടിക്കുന്നുണ്ട്.പുലിയും പുലിമുരുകനും വരുന്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന മാനസികോല്ലാസം ശശിയും ബലരാമനുമെത്തുന്പോള്‍ നഷ്ടപ്പെടുന്നു.ബലരാമനായി ലാലും ശശിയായി സുരാജ് വെഞ്ഞാറമൂടുമെത്തുന്നു.

           പുലിമുരുകന്‍റെ ഭാര്യക്ക് മുരുകനോട് ഒരേഒരു കാര്യത്തില്‍ മാത്രമേ വൈരാഗ്യമുള്ളൂ.അയാളെ കാണാനായി പാലം കടന്ന് ജൂലി എത്തുന്നതില്‍ മാത്രമേ അവള്‍ക്ക് വൈരാഗ്യമുള്ളൂ.പുലിവേട്ടക്കാരന്‍ പുലിമുരുകന്‍റെ പിന്നാലെയാണല്ലോ പുലിയൂരിലെ പെണ്ണുങ്ങളെല്ലാം.അങ്ങനെയൊക്കെ പുലിമുരുകന്‍റെ ഭാര്യ പറയുന്നുണ്ടെങ്കിലും ജൂലിയെ മാത്രമാണ് വ്യക്തമാക്കപ്പെടുന്നത്.മുരുകന്‍റ ഭാര്യയെ അയാള്‍ പ്രേമിച്ചാണത്രേ വിവാഹം കഴിച്ചത്.ഫോറസ്റ്റ് റേയ്ചര്‍ ആര്‍.കെ യുടെ കാമഭ്രാന്തില്‍ നിന്നും മുരുകന്‍ അങ്ങനെ അവളെ രക്ഷിക്കുകയാണ് ചെയ്യുന്നത്.അതാണ് ആര്‍.കെ യ്ക് മുരുകനോടുള്ള കോപത്തിന് കാരണം.ആര്‍.കെ യെ ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്നുണ്ട് മുരുകന്‍.ഭാര്യയാക്കിയതിന് ശേഷവും അയാള്‍ ആക്രമിക്കാന്‍ ചെന്നതിന്ന്.ഇതിനിടയിലാണ് കഞ്ചാവ് അന്വേഷിച്ച് മംഗലാപുരത്തു നിന്നും നോബിയുടേയും ബാലയുടേയും കഥാപാത്രങ്ങളെത്തുന്നത്.

           മംഗലാപുരത്തെ അധോലോക രാജാവ് ഡാഡി ഗിരിജയുടെ സംരക്ഷണയിലാണിപ്പോള്‍ പുലി മുരുകന്‍ എന്നാണ് കടുത്ത കഥ പറയുന്നത്.ഫോറസ്റ്റ് റേഞ്ചറെ തല്ലി ഇഞ്ചപ്പരുവമാക്കിയല്ലോ പുലി മുരുകന്‍.കൂടാതെ അന്ന് അപ്പോള്‍ സിദ്ധിക്കിന്‍റെ പോലീസ് ആഫീസറും എത്തിയിരുന്നു മുരുകനെ തേടി.അങ്ങനെയാണയാള്‍ ലോറിയുമായി മംഗലാപുരത്തേക്ക് കുടുംബസമേതം നാടുവിടുന്നത്.ക്യാന്‍സറിനുള്ള മരുന്നുണ്ടാക്കാനാണ് കഞ്ചാവ് എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ബാലയും നോബിയും കഞ്ചാവ് കൈക്കലാക്കുന്നത്.മാത്രവുമല്ല ഡാഡി ഗിരിജയുടെ ഫാര്‍മസിയില്‍ മണിക്കുട്ടന് നല്ലൊരു ജോലിയും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.

           ആസ്വാദകനെ മെനക്കെടുത്താന്‍ മംഗലാപുരത്തുമെത്തുന്നുണ്ട് ശശിയും ജൂലിയും.ഈ രണ്ട് കഥാപാത്രങ്ങളെത്തുന്പോള്‍ ആസ്വാദകന്‍റെ മനസ്സിടിയുകയാണുണ്ടാവുന്നത്.തിരക്കഥാകൃത്തിന്‍റെ കഴിവുകേടാണ് ഇവിടെ വെളിച്ചെത്താവുന്നത്. ഡാഡി ഗിരിജ മുരുകനും കുടുംബത്തിനും താമസിക്കാന്‍ നല്ലൊരു ബംഗ്ളാവ് തന്നെ നല്‍കുന്നു.മുരുകന്‍റെ ഭാര്യ,ഗിരിജയുടെ ഈ സ്നേഹ പ്രകടനങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.ആ സംശയം പിന്നീട് യാഥാര്‍ത്ഥ്യമായി ഭവിക്കുന്നു.ഡാഡി ഗിരിജയും മകനും ചേര്‍ന്ന് ക്യാന്‍സറിനുള്ള മരുന്നായിരുന്നില്ല നിര്‍മിച്ചിരുന്നത്.കഞ്ചാവ് വാറ്റി മയക്കുമരുന്നുണ്ടാക്കുകയായിരുന്നു അവര്‍.ഇതിനിടയില്‍ മുരുകന്‍റെ മയില്‍ വാഹനം,അയാളുടെ ലോറിയുടെ പേര് അങ്ങനെയാണ്, മംഗലാപുരത്തെ മറ്റൊരു ഗുണ്ടാത്തലവന്‍ കായിക്ക ബാലയെ ഉള്‍പ്പെടെ പിടിച്ചു വച്ചിരുന്നു.സുധീര്‍ കരമനയാണ് ആ ഗുണ്ടാത്തലവന്‍.മുരുകന്‍ അയാളുടെ കോട്ടയില്‍ ചെന്ന് എല്ലാവരേയും അടിച്ച് നിരപ്പാക്കി വണ്ടിയും പണവും ബാലയേയും തിരിച്ചെടുക്കുന്നു.

           രണ്ട് വലിയ പട്ടികളെ മുരുകന്‍റെ നേര്‍ക്ക് കായിക്ക അഴിച്ചുവിട്ടെങ്കിലും പട്ടികള്‍ മുരുകന്‍റെ മുന്നിലെത്തുന്പോള്‍ വിനയപുരസരം മുട്ടു മടക്കി അയാളുടെ മുന്നിലിരിക്കുകയാണുണ്ടാവുന്നത്.മുരുകനില്‍ നിന്നും പുലിയുടെ മണമടിച്ച് കാണണം.കഞ്ചാവ് കള്ളക്കടത്തുകാരനും കാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ മംഗലാപുരത്ത് ഡാഡി ഗിരിജയുടെ അടുത്തെത്തുന്നുണ്ട്.അയാളും മുരുകനെ ഗിരിജയുടെ സ്വത്തായി വര്‍ണ്ണിക്കുന്നു.പക്ഷെ മണിക്കുട്ടനെ പോലീസ് പിടിച്ചപ്പോഴാണ് മുരുകന് മനസ്സിലാകുന്നത് ക്യാന്‍സറിനുള്ള മരുന്നല്ല അവര്‍ അവിടെ നിര്‍മ്മിക്കുന്നതെന്ന്.മണിക്കുട്ടനും മുരുകനും പോലീസിന്‍റെ ഒറ്റുകാരായി പ്രവര്‍ത്തിക്കുന്നു.അത് പിടിക്കപ്പെടുന്നു.അവര്‍ തമ്മിലുണ്ടാകുന്ന ഫൈറ്റില്‍ ബാലയുടെ കഥാപാത്രം കൊല്ലപ്പെടുന്നു.ആ ഗോഡൗണില്‍ വച്ചുണ്ടാകുന്ന ഫൈറ്റിനിടക്ക് മണിക്കുട്ടന്‍റെ ഏട്ടാ ഏട്ടാ എന്നുള്ള കരച്ചില്‍ പ്രേക്ഷകര്‍ക്ക് ബോറായി തോന്നാതിരുന്നത് ഫൈറ്റ് അത്ര മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണ്.മയക്കുമരുന്നുകളെല്ലാം പോലീസ് കസ്റ്റഡിയിലാവുന്നു.അവിടെ എത്തിയ കാട്ടുകഞ്ചാവ് കള്ളക്കടത്തുകാരന്‍റെ കാറില്‍ കയറി ഡാഡി ഗിരിജ രക്ഷപ്പെടുന്നു.

           പിന്നീട് ഡാഡി ഗിരിജ പ്രതികാരം ചെയ്യാനായി കാട്ടിലെത്തുന്നു.ഈ ഡാഡീ ഗിരിജയോടാണ് കടുത്ത ഇക്കഥയെല്ലാം പറയുന്നത്.ഫൈറ്റ് ഫൈറ്റോട് ഫൈറ്റ്.ഇതിനിടയില്‍ പുലിയുമെത്തുന്നു.ഡാഡി ഗിരിജ ബലരാമനെ തടങ്കലിലാക്കുന്നു.അമ്മാവനെ രക്ഷിക്കാന്‍ മുരുകനുമെത്തുന്നു.അമ്മാവനെ ഡാഡി ഗിരിജ പുലിമടയിലേക്കെറിയുന്നു.ഡാഡി ഗിരിജയുടെ കഴുത്തില്‍ കുടുക്കിട്ട് പുലിമുരുകനും മടയിലേക്ക് ചാടുന്നു.അവസാനം പുലി ഗിരിഗജയെ പിടിക്കുന്നു.പുലിയെ മുരുകന്‍ വകവരുത്തുന്നു.

           ഗോപീ സുന്ദറിന്‍റെ പശ്ചാത്തല സംഗീതം ഉഗ്രനായിട്ടുണ്ട്.ഈ ചിത്രത്തില്‍ കാഴ്ചയ്കും കേള്‍വിക്കും സുഖം നല്‍കിയത് ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളാണ്.അത് മാത്രമാണ് ഈ സിനിമ.ബലരാമന്‍റെ ഭാര്യ അഞ്ച് പ്രസവിക്കുന്നതും മറ്റും മനോനിലവാരമില്ലാത്ത എഴുത്ത് കാരനില്‍ നിന്നുമാത്രമേ സംജാതമാവുകയുള്ളൂ.ജൂലിയും ശശിയും അങ്ങനെയുള്ള എഴുത്തുകാരനില്‍ നിന്നുമുണ്ടായതാണ്.ഗ്രാഫിക്സാണെങ്കിലും പുലി ആ ഒരു തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കാത്തത് ടെക്നീഷ്യനായ ഒരു സംവിധായകനാണ് വൈശാഖ് എന്നതു കൊണ്ടാണ്.


Loading...