പുത്തന്‍ പണം—  തോക്കെന്നോ തോക്കു സ്വാമിയെന്നോ ഈ സിനിമക്ക് പേരിടുന്നതായിരുന്നു പേരിനെങ്കിലും ഉചിതം.  വെറുതെ ഒരു സിനിമ എന്നു മാത്രമേ ഈ സിനിമയെകുറിച്ച് പറയാന്‍ കഴിയുകയുള്ളൂ.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുത്തന്‍ പണം—  തോക്കെന്നോ തോക്കു സ്വാമിയെന്നോ ഈ സിനിമക്ക് പേരിടുന്നതായിരുന്നു പേരിനെങ്കിലും ഉചിതം.  വെറുതെ ഒരു സിനിമ എന്നു മാത്രമേ ഈ സിനിമയെകുറിച്ച് പറയാന്‍ കഴിയുകയുള്ളൂ.

                  രഞ്ജിത്തും അരുണ്‍ നാരായണനും എബ്രഹാം മാത്യൂവും ചേര്‍ന്ന് ത്രീ കളര്‍ സിനിമയുടെ ബാനറില്‍ നിര്‍മിച്ച പുത്തന്പണം എന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് രഞ്ജിത്താണ്. മമ്മൂട്ടി കാസര്‍ഗോഡ് കാരനായ കള്ളക്കടത്തുകാരന്‍ നിത്യാനന്ദഷേണായ് ആയിട്ടെത്തുന്നു.മാമുക്കോയ അവുക്കു എന്ന കഥാപാത‌്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മുന്‍മന്ത്രി ചന്ദ്രബാനു ആയി സായികുമാര്‍ വേഷമിടുന്നു.

                   സിനിമ ആരംഭിക്കുന്നത് റയില്‍ വേ സ്റ്റേഷനില്‍ ആരില്‍ നിന്നോ രക്ഷപ്പെടാനായി മകനേയും കൊണ്ട് ഓടുന്ന,ഓടിച്ചെന്ന് ട്രയിനില്‍ കയറുന്ന തമിഴത്തിയെ കാണിച്ചുകൊണ്ടാണ്.തമിഴത്തിയായി ഇനിയ വേഷമിടുന്നു. ഇനിയയുടെ കഥാപാത്രം സ്നേഹിച്ച് വിവാഹം കഴിച്ചവളാകണം അല്ലെങ്കില്‍ അന്യ ജാതിയില്‍ പെട്ടയാളെ വിവാഹം കഴിച്ചവളാകണം.അതുകൊണ്ടാകണം ചിലര്‍ അവളേയും ഭര്‍ത്താവിനേയും വേട്ടയാടുന്നത്.ഒന്നും വ്യക്തമല്ല.അവളുടെ ഭര്‍ത്താവിനെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തുന്നു.അവള്‍ കൈക്കുഞ്ഞായ തന്‍റെ മകനേയും കൊണ്ട് ഓടി രക്ഷപ്പെടുന്നു.ട്രയിനിലേക്ക് അവളെ പിടിച്ചു കയറ്റുന്നത് ബൈജുവിന്‍റെ കുറ്റവാളി കുഞ്ഞപ്പനാണ്. അയാളുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നെങ്കിലും അയാള്‍ അവള്‍ക്ക് അഭയം നല്‍കുന്നു.എന്നാല്‍ അന്ന് രാത്രി തന്നെ അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

                    ഈ സീനുകള്‍ റിയലിസ്റ്റിക്കായി കണ്ടപ്പോള്‍ പ്രേക്ഷകര്‍ കരുതി ഇപ്പോള്‍ ഒരു കൊള്ളാവുന്ന സിനിമ സംഭവിക്കും എന്ന്.എന്നാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു. കാസര്‍ഗോഡുകാരന്‍ അധോലോകനായകന്‍ നിത്യാനന്ദ ഷേണായ് എത്തുന്നതോടെ കാര്യങ്ങള്‍ പഴയ പടിയായി.വഞ്ചി തിരുനക്കരെ തന്നെ. മുന്‍മന്ത്രി ചന്ദ്രബാനുവുമായി ഷേണായിക്ക് എന്തോചില പണത്തിന്‍റെ ഏര്‍പ്പാടുണ്ടായിരുന്നു.അത് ചന്ദ്രബാനു തീര്‍ത്തു.പക്ഷെ അന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ട് ഷേണായിക്ക് കിട്ടിയ നോട്ടുകൊണ്ട് ഒരു പ്രയോജനവുമില്ലാതെയായി.ഇത്, ഈ നോട്ട് പിന്‍വലിക്കല്‍ ചന്ദ്രബാനുവിന് അറിയാമായിരുന്നു എന്നാണ് രഞ്ജിത്തിന്‍റെ ഉദീരണം. (വായക്ക് തോന്നിയത് കോതക്ക് പാട്ട്). എഴുത്തുകാരന്‍ പേനയുന്തലുകാരനായിപ്പോകുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതിപിടിപ്പിക്കുന്നത്.

                   ഏതായാലും ഷേണായി കാസര്‍ഗോഡ് നിന്നും തന്‍റെ കൂട്ടാളികളുമായി ചന്ദ്രബാനുവിന്‍റെ അടുത്തേക്ക് പുറപ്പെടുന്നു.പി.ബാലചന്ദ്രന്‍ അവതരിപ്പിക്കുന്ന വക്കീലിനെയാണവര്‍ ആദ്യം കാണുന്നത്.അവിടെയും ഇവിടെയും കൂടുന്ന സ്വഭാവമുള്ള ആളാണ് ഈ വക്കീല്‍. ഷേണായി ചന്ദ്രബാനുവിനെ നേരിട്ട് കണ്ട് കണക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ഹരീഷ് പെരുമന അവതരിപ്പിക്കുന്ന ചന്ദ്രുവിന്‍റെ കയ്യില്‍ നിന്നും വെടിയുതിര്‍ന്ന് ചന്ദ്രബാനു കൊല്ലപ്പെടുന്നു. അവുക്കുവും ചന്ദ്രുവും ഹാജിയാരുടെ സഹായിയി എത്തിയ കഥാപാത്രവും ഒരു ലോഡ്ജിലും ഷേണായി മറ്റൊരു വന്‍കിട ഹോട്ടലിലും ഒളിക്കുന്നു. അവര്‍ അങ്ങനെ വരുന്ന വഴിക്ക് ഷേണായി അയാളുടെ ആ അമേരിക്കന്‍ നിര്‍മിത തോക്ക് വഴിവക്കിലെറിയുന്നു.അത് ചെന്ന് വീണത് മാലിന്യകൂന്പാരത്തിലായിരുന്നു.ആ തോക്ക് പക്ഷെ രാവിലെ അവിടെ നിന്നും അപ്രത്യക്ഷമാകുന്നു.

                   കുഞ്ഞപ്പന്‍, സുന്ദരിയും മകനും താമസിക്കുന്ന കോളനിയില്‍ വന്ന് ബഹളമുണ്ടാക്കുന്നു. തന്‍റെ മുറിയില്‍ നിന്നും ഇറങ്ങിക്കൊടുക്കണം എന്നായിരുന്നു അയാളുടെ ആവശ്യം. മാറിക്കൊടുക്കാം പക്ഷെ താന്‍ വീട് വയ്കാനായ് സ്വരുക്കൂട്ടി വച്ചിരുന്ന മൂന്ന് ലക്ഷം രൂപ കുഞ്ഞപ്പന്‍ കട്ടെടുത്തത് തിരികെ ആവശ്യപ്പെടുന്നു സുന്ദരി(ഇനിയ). ഈ മൂന്ന് ലക്ഷം രൂപയുടെ കഥയ്ക്ക് വിശ്വാസ്യത പോര.ഈ സിനിമയ്ക് തന്നെ വിശ്വാസ്യതയില്ലല്ലോ.

                 തോക്ക് അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഷേണായിക്കും അവുക്കുവിനും കുരുവിയില്‍ നിന്നും(ഇന്ദ്രന്‍സ്) മനസ്സിലാകുന്നു ആ തോക്ക് എടുത്തത് സുന്ദരിയുടെ ചെക്കനാണെന്ന്.കുരുവി ആ ചെക്കനെ ഷേണായിക്ക് കാണിച്ചുകൊടുക്കുന്നു.ഇതിനിടയില്‍ ചന്ദ്രുവും കൂട്ടരും അറസ്റ്റിലാകുന്നുണ്ട്.അവുക്കു അപ്പോള്‍ ആ കൂട്ടത്തിലില്ലായിരുന്നതിനാല്‍ അയാള്‍ ആ അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നു.രാത്രി കുഞ്ഞപ്പന്‍ സുന്ദരിയെ ഇറക്കിനവിടാനെത്തുകയും ആളുകള്‍ കൂടിയതിനാല്‍ അയാള്‍ സ്ഥലം വിടുകയും ചെയ്യുന്നു.എന്നാല്‍ പിന്നാലയെത്തിയ സുന്ദരിയുടെ ചെക്കന്‍ അയാളെ വെടിവയ്ക്കുന്നു.

                  ഒരു കാര്യം സത്യമാണ്.ഷേണായിയുടെയും അവുക്കുവിന്‍റേയും കഥക്കില്ലാത്ത ഒരാകര്‍ഷണീയത കുഞ്ഞപ്പന്‍റേയും സുന്ദരിയുടേയും കുരുവിയുടേയും കഥക്കുണ്ട്. ഷേണായിയും അവുക്കുവും ലോഹത്തിലെ ഉണ്ണിക്കാക്കയുടേയും ബാബുവിന്‍റേയും പകര്‍ത്തെഴുത്താണ്.അതു കൊണ്ടാണ് ഭംഗിയായി അവരുടെ കഥ അവതരിപ്പിക്കാന്‍ സൃഷ്ടാവിന് കഴിയാതെ പോയത്. രഞ്ജിത്തിന്‍റെ മംഗലശ്ശേരി നീലകണ്ഠനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.ആറാം തന്പുരാനിലെ ഉണ്ണിമായയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.ഇങ്ങനെ നല്ല കഥാപാത്രങ്ങളേയും മുഹൂര്‍ത്തങ്ങളേയും സൃഷ്ടിച്ചിട്ടുള്ള രഞ്ജിത്താണ് കുറെകാലമായി പത്രവാര്‍ത്താ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.(ഇന്ഡ്യന്റുപ്പി,സ്പിരിറ്റ് ,ലോഹം).

                  കുഞ്ഞപ്പന്‍റേയും അയാളുടെ സഹായി ഓട്ടോറിക്ഷക്കാരന്‍റേയും ആശുപത്രിയിലെ കോമാളിത്തരങ്ങള്‍. അയാളുടെ കാലില്‍ കന്പികൊണ്ടതല്ല വെടികൊണ്ടതാണെന്ന് ഡോക്ടര്‍ കണ്ടുപിടിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വിവരം ചന്ദ്രബാനു കൊലക്കേസന്വേഷിക്കുന്ന ഓഫീസര്‍ ഹബീബിന്‍റെ .(സിദ്ധിക്) ചെവിയിലെത്തുന്നു.ഫോറന്‍സിക് റിപ്പോര്‍ട്ട് അനുസരിച്ച് ഒരേതരം ബുള്ളറ്റാണ് ചന്ദ്രബാനുവിന്‍റേയും കുഞ്ഞപ്പന്‍െറയും ശരീരത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്.കുഞ്ഞപ്പന്‍ മൊഴി നല്‍കുകയും ചെയ്തിരിക്കുന്നു തന്നെ വെടി വച്ചത് സുന്ദരിയുടെ മകനാണെന്ന്.

                  നിരഞ്ജന അനൂപിന്‍റെ കഥാപാത്രം ചിക് കിംഗിലെ ജോലിക്കാരനുമായി അടുപ്പത്തിലാണ് .അവളെ ഒരുത്തന്‍ ‌അവളുടെ കുളിമുറി ഫോട്ടോകള്‍ മറ്റൊരാള്‍ എടുത്തത് കൈയ്യിലുണ്ടെന്ന് പറഞ്ഞ് അവളെ പണിതീരാത്ത ഒരുകെട്ടിടത്തിലേക്ക് ക്ഷണിച്ച് പീഢിപ്പിക്കാന്‍ ശ്രമിക്കുന്നു.സുന്ദരിയുടെ ചെക്കന്‍ തന്‍റെ കൈവശമുള്ള ഷേണായിയുടെ തോക്ക് കാണിച്ച് വിരട്ടി അവളെ രക്ഷിക്കുന്നു. ഈ തോക്ക് പിന്നീട് ചെക്കന്‍ ഒരാല്‍ത്തറയിലെ ദൈവത്തിന്‍റെ ചുവടെ മൂടി വയ്ക്കുകയാണ്.പഠിച്ചപണി പതിനെട്ടും ഷേണായി ഈ തോക്കിന് വേണ്ടി ഇറക്കുന്നുണ്ട്.വീട് വയ്കാനുള്ള അ‍ഞ്ച് ലക്ഷം രൂപവരെ ഷേണായിയും അവുക്കുവും വാഗ്ദാനം ചെയ്ത് നോക്കി.എന്നിട്ടും അവന്‍ ആ തോക്ക് നല്‍കുന്നില്ല.അവന്‍റെ കൂട്ടുകാര്‍ പറ‍ഞ്ഞിട്ടും അവന്‍ അത് നല്‍കുന്നില്ല. അവന്‍റെ കൂട്ടുകാര്‍ പറ‍ഞ്ഞിട്ടും അവന്‍ അത് നല്‍കുന്നില്ല.എന്നാല്‍ അവന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് തന്‍റെ അമ്മയെ കുഞ്ഞപ്പനില്‍ നിന്നും രക്ഷിക്കാനാണെന്ന് വരുന്നതുമില്ല.അങ്ങനെയായിരുന്നു വരേണ്ടിയിരുന്നത്.

                  കുഞ്ഞപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹബീബ് പോലീസുകാരെ കൊണ്ട് സുന്ദരിയുടെ മുറി പരിശോധിപ്പിച്ചെങ്കിലും തോക്ക് കിട്ടുന്നില്ല. കുഞ്ഞപ്പനോട് ചെക്കനെ തട്ടിക്കൊണ്ട് വരാന്‍ ഏര്‍പ്പാട് ചെയ്യുകയാണ് പിന്നീട് ഹബീബ്.ഷേണായിയും സംഘവും കുഞ്ഞപ്പനെ തട്ടിക്കൊണ്ട് പോയി നാടു വിട്ടോളാന്‍ കല്‍പ്പിക്കുന്നു.ഇതിനിടയില്‍ ചന്ദ്രുവിനും കൂട്ടര്‍ക്കും ജാമ്യം കിട്ടുന്നു.അവരാണ് ചന്ദ്രബാനുവിനെ കൊന്നത് എന്ന്തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല പോലും.അവര്‍ കാസര്‍ഗോഡ് എന്ന പേര് മാറ്റി തലശ്ശേരിക്കാര്‍ എന്ന പേരില്‍ ലോഡ്ജില്‍ താമസിച്ചതിനാണത്രേ റിമാന്‍ഢ് ചെയ്യപ്പെട്ടത്.അതിനാണവര്‍ ഹബീബിന്‍റെ കയ്യില്‍ നിന്നും പീഢനങ്ങള്‍ ഏറ്റു വാങ്ങിയത്. വങ്കത്തമെന്നല്ലാതെ എന്തു പറയാന്‍. ഇതൊക്കെ വിശ്വസിക്കാന്‍ നമ്മള്‍ ജീവിക്കുന്നത് വെള്ളരിക്കാ പട്ടണത്തിലായിരിക്കണം.

                 സുന്ദരിയും മകനും നടന്ന് വരും വഴി പണ്ട് നിരുപമ അനൂപിന്‍റെ കഥാപാത്രത്തെ ദ്രോഹിച്ചവനും  കൂട്ടരും ചെക്കനെ തട്ടിക്കൊണ്ട് പോകുന്നു.അവര്‍ക്ക് വേണ്ടത് ആ തോക്കാണ്.ചെക്കന്‍ താന്‍പൂഴ്ത്തി വച്ചിരുന്ന സ്ഥലത്തുനിന്നും ആ തോക്കെടുത്ത് ഗുണ്ടകളെ ഏല്‍പ്പിക്കുന്നു.അവിടെ എത്തുന്ന ഷേണായി ഗുണ്ടകളെ അടിച്ച് നിലം പരിശാക്കി ആ തോക്കും കൊണ്ട് പോകുന്നു.കുറെ പണം (പുത്തന്‍ പണമാണോ എന്ന് ആര്‍ക്കറിയാം) ചെക്കന്‍റെ പോക്കറ്റിലിട്ടുകൊടുക്കുന്നു.വിളിക്കാന്‍ നന്പറും കൊടുക്കുന്നു.ഹബീബിനെ ഷേണായ് മര്‍ദ്ദിക്കുന്നു. ഷേണായിയുടെ ചിത്രം ടിവിയില്‍ കണ്ട് ചെക്കന്‍ വിളിക്കുന്നു. അവിടെ സിനിമ അവസാനിക്കുന്നു.

                 തോക്ക് എന്ന് ഈ സിനിമക്ക് പേരിട്ടിരുന്നു എങ്കില്‍ കുറച്ചുകൂടി പേര് ഉചിതമായേനെ. വെറുതെ ഒരു സിനിമ എന്നു മാത്രമേ ഈ സിനിമയെകുറിച്ച് പറയാന്‍ കഴിയുകയുള്ളൂ. ഷാന്‍ റഹ്മാന്‍റെ സംഗീതത്തിന് പണ്ടേ പോലെ ഫലം കാണുന്നില്ല. ഇവരൊക്കെ ന്യൂ ജനറേഷന്‍ തട്ടിപ്പ് രീതികളാണ് യഥാര്‍ത്ഥ കല എന്ന് ധരിച്ചുവശായെന്ന് തോന്നുന്നു.


LATEST NEWS