ചലച്ചിത്രമേളകള്‍ കാര്‍ണിവലാക്കണമെന്ന് വങ്കമാര്‍ മാത്രമേ പറയൂ ഷാവോലിന്‍ കാണാന്‍ കൊള്ളാവുന്ന സിനിമ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചലച്ചിത്രമേളകള്‍ കാര്‍ണിവലാക്കണമെന്ന് വങ്കമാര്‍ മാത്രമേ പറയൂ ഷാവോലിന്‍ കാണാന്‍ കൊള്ളാവുന്ന സിനിമ

            കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേള വരികയാണ്. കഴിഞ്ഞ മേളകളില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലുമൊക്കെ ചലച്ചിത്ര ആസ്വാദകര്‍ പ്രതീക്ഷിക്കുന്നു.ഇപ്പോള്‍ തന്നെ ശ്രീകുമാരന്‍തന്പി പറഞ്ഞു കഴിഞ്ഞു മേളകള്‍ക്കിത്ര ആളുകള്‍ കൂടുന്നത് സെക്സ് സിനിമകളാണ് കാരണം എന്ന്.ആകട്ടെ അല്ലാതിരിക്കട്ടെ.അതൊന്നുമല്ല ഈ ലേഖകന് ഉന്നയിക്കാനുള്ളത്.ഈ വരുന്ന ഡലിഗേറ്റുകള്‍ മുഴുവനും സിനിമയില്‍ താത്പര്യമുള്ളവരാണോൟ അവരുടെ സിനിമാ സാക്ഷരത പരീക്ഷിക്കപ്പെടേണ്ടതല്ലേൟമേളകളെ കാര്‍ണിവല്‍ ആക്കണമെന്ന് ഒരാള്‍ പറഞ്ഞിട്ട് ഒത്തിരി വര്‍ഷങ്ങളൊന്നുമായിട്ടില്ല. അതയാള്‍ സിനിമകള്‍ നിരന്തരം കാണുന്ന വ്യക്തിയല്ലാതിരുന്നതുകൊണ്ട് പറഞ്ഞുപോയതാണ്. ഏതായാലും നല്ല സിനിമകള്‍ കാണാനുള്ള അവസരം ഇത്തവണയും പ്രേക്ഷകര്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

             ബെന്നി ചാന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത സിനിമയാണ് ഷാവോലിന്‍.ആന്‍ഡി ലാവൂ, ,നിക്കോളാസ് സെ തുടങ്ങിയവര്‍ക്കൊപ്പം ജാക്കി ചാനും ഒരു പ്രധാന കഥാപാത്രമായെത്തുന്നു ഈ സിനിമയില്‍. ആളുകളെ കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ഒരു പട്ടാള ഓഫീസര്‍ക്ക് സംഭവിക്കുന്ന അവസ്ഥാന്തരങ്ങളാണ് സിനിമ പ്രമേയമാക്കുന്നത്. അലന്‍ യൂവന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.ആന്തണി പ്യൂണ്‍ ആണ് ചലച്ചിത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 1916-1928 കാലത്ത്  ചൈനയില്‍ നിലനിന്നിരുന്ന യുദ്ധപ്രഭുക്കളുടെ (The Warlord Era) പകയുടേയും ചതിയുടേയും ആക്രമണത്വരയുടേയും കഥ പിന്നെ എല്ലാത്തിനും ശേഷം അതിന്‍റെ നിഷ്ഫലതയേയും ഈ  സിനിമ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു.

           ഈ സിനിമയിലെ കഥാനായകന്‍ ഒരു ജനറലാണ്.വളരെയധികം ആജ്ഞാശക്തിയുള്ള ഒരാള്‍.അയാള്‍ തന്‍റെ മകളെ അങ്ങയറ്റം സ്നേഹിക്കുന്നു.അയാളുടെ ഭാര്യയോടും അയാള്‍ക്ക് അതിരറ്റ സ്നേഹമാണ്.ഇതിന്‍റെയൊക്കെ മറുവശത്താണ് അയാളുടെ മനസ്സ്.വെട്ടിപ്പിടിക്കാനുള്ള ത്വരയാണയാള്‍ക്ക്.അതിനായ് അയാള്‍ക്ക് കൊല്ലാന്‍പോലും മടിയില്ല. ഇയ്യാളും അയാളുടെ പട്ടാളക്കാരും ചേര്‍ന്ന് കൊന്നൊടുക്കിയ ആളുകളുടെ ശവങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്തു നിന്നുമാണ് സിനിമ ആരംഭിക്കുന്നതുതന്നെ.

           അങ്ങനെയിരിക്കെ ഒരു നാള്‍ ഒരു വിദേശി അയാളുടെ സഹായത്തിനെത്തുന്നു.പുതിയ ഒരു തരം തോക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് അയാളുടെ വരവ്.ജനറലിന്‍റെ മുഖ്യ സഹായിക്ക് ആ തോക്ക് ഇഷ്ടപ്പെടുന്നു.പക്ഷെ ആ വിദേശിയേയും അയാളുടെ ആയുധങ്ങളേയും ജനറല്‍ വെറുക്കുന്നു.അതിനര്‍ത്ഥം അയാളുടെ ഉള്ളില്‍ മാറ്റത്തിന്‍റെ വിത്തു വീണിട്ടുണ്ടായിരുന്നു എന്നാണ്. ഈ കൊലകളൊക്കെ അയാള്‍ വെറുക്കാന്‍ തുടങ്ങിയിരിക്കണം.ജനറല്‍ ആ വിദേശിയുടെ മുന്നില്‍ വച്ച് അയാളുടെ മുഖ്യ സഹായിയെ അപമാനിക്കുന്നു. അതയാളുടെ മനസ്സില്‍ കനല്‍ വീഴ്ത്തുന്നു.അവസരം വന്നപ്പോള്‍ അയാള്‍ ജനറലിനെ പിന്നില്‍ നിന്നും കുത്തുന്നു.

            ജനറല്‍ തന്‍റെ ഭാര്യയേയും ഏഴെട്ട് വയസ്സുള്ള മകളേയും കൊണ്ട് കുതിര വണ്ടിയില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുകയാണ്. .പക്ഷെ കൊച്ചു ജനറലിന്‍റെ കിങ്കരന്മാര്‍ അയാളുടെ പുറകെയെത്തി അയാളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.ആയുസ്സിന്‍റെ ബലം കൊണ്ട് അയാള്‍ രക്ഷപ്പെടുകയാണ്.അയാളും മൃതപ്രായമായ  മകളും ഭാര്യും ചെന്നെത്തുന്നത് ഷാവോലിന്‍ ക്ഷേത്രത്തിലാണ്.അവിടുത്തെ മുഖ്യ സന്ന്യാസിക്കു പോലും പക്ഷെ വിധിയെ തടുക്കാനാവുന്നില്ല.അയാളുടെ മകള്‍ മരിക്കുന്നു.

            ജനറല്‍ ഒരു ഭ്രാന്തനെ പോലെ മുറിവുകളേറെയുള്ള തന്‍റെ ശരീരവുമായി അലഞ്ഞു തിരിയുകയാണ് പിന്നീട്.താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന പോലെ അയാള്‍ ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുന്നു.ഷോവോലിന്‍ ആശ്രമത്തിലെ കുക്ക് വുഡാവൂ അവിടെയെത്തുന്നു.അയാള്‍ ജനറലിനെ രക്ഷിക്കുന്നു. വുഡാവൂവിന്‍റെ വേഷം അവതരിപ്പിക്കുന്നത് ജാക്കി ചാനാണ്. ക്ഷേത്രത്തിലെ ആചാര്യ മര്യാദകളില്‍ ആകൃഷ്ടനായി ജനറല്‍ ആ ഷാവോലിന്‍  ക്ഷേത്രത്തിലെ ഒരു സന്ന്യാസി ‌ആകാന്‍ ആഗ്രഹിക്കുന്നു.അവിടെ ചില യുവ സന്ന്യാസിമാര്‍ ആതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും മുഖ്യ കാര്‍മികന്‍ അതിനെ വകവയ്കാതെ ജനറലിനെ അവിടെ സ്വീകരിക്കുന്നു.യുവ സന്ന്യാസിമാര്‍ എതിര്‍ക്കാന്‍ കാരണമുണ്ടായിരുന്നല്ലോ.പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു വിപ്ളവകാരിയെ അവര്‍ക്ക് മുന്നിലിട്ടാണല്ലോ ഈ  ജനറല്‍  നിഷ്കരുണം വകവരുത്തിയത്.

            ക്ഷേത്ര വാസത്തിലൂടെ അയാളുടെ മനസ്സ് പൂര്‍ണ്ണമായും മാറുകയാണ്.കൊല പക ഇതിന്‍റെയെല്ലാം വ്യര്‍ത്ഥത അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞു.നന്മ ചെയ്യാന്‍ അയാള്‍ പ്രാപ്തനായി ക്കഴിഞ്ഞു.പക്ഷെ ജനറല്‍ ,ഷാവോലിന്‍ ക്ഷേത്രത്തിലുണ്ടെന്ന് മനസ്സിലാക്കിയ അയാളുടെ പഴയ സന്തത സഹചാരി പട്ടാളക്കാരുമായി അവിടെ എത്തുന്നു.മറ്റാര്‍ക്കും ഒരു ദോഷവുമുണ്ടാകാതിരിക്കാന്‍ ജനറല്‍ പിടി കൊടുക്കുന്നു.ജനറലിന്‍റെ ഭാര്യയേയും അവര്‍ തടങ്കലിലാക്കിയിരുന്നു.ഷാവോലിന്‍ ക്ഷേത്രത്തിലെ യുവ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ അവിടെയെത്തുന്ന ഒരു കൂട്ടം യോദ്ധാക്കള്‍ അവരെ അവിടെ നിന്നും രക്ഷിക്കുന്നു.ക്രൂരന്മാര്‍ തടവിലാക്കിയ ജനങ്ങളേയും അവര്‍ മോചിപ്പിക്കുന്നു.അങ്ങനെ അവര്‍ കൂട്ടത്തോടെ ഷാവോലിന്‍ ക്ഷേത്രം ഉപേക്ഷിച്ചുപോകാന്‍ തുടങ്ങവേ വിദേശിക്കൊപ്പം എത്തുന്ന വില്ലന്‍ ആ ക്ഷേത്രം തകര്‍ക്കുന്നു.ജനറലും അയാളുടെ അസിസ്റ്റന്‍റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജനറല്‍ കൊല്ലപ്പെടുന്നു.അയാള്‍ മരിക്കുന്ന നിമിഷത്തില്‍ പോലും അയാള്‍ തന്‍റെ പഴയ അസിസ്റ്റന്‍റിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.ഇതയാളിലും മാറ്റമുണ്ടാക്കുന്നു.     ബുദ്ധ പ്രതിമയിലൂടെ അയാളുടെ ശവശരീരം വീഴുന്നതും അത് ബുദ്ധന്‍റെ കൈക്കുന്പിളില്‍ വന്ന് കിടക്കുന്നതും കാണേണ്ട കാഴ്ചയാണ്.അപ്പോള്‍ പെയ്യുന്ന മഴയും അര്‍ത്ഥവത്താണ്.മഴയില്‍ ചോര ഒഴുകിപ്പോകുന്നതാണ് സംവിധായകന്‍ നമ്മെ കാണിക്കുന്നത്. അവസാനം അയാളുടെ ആത്മാവ് വന്ന് അയാളുടെ ഭാര്യയോട് പറയുന്നു  ''നീ ഈ യാത്രികര്‍ക്കൊപ്പം പോകണം എനിക്ക് ഇവിടെ നിന്നേ പറ്റൂ കാരണം തന്‍റെ പഴയ അസിസ്റ്റന്‍റ് ജീവിച്ചിരിക്കുന്നു''.അവനിനിയും പൂര്‍ണ്ണമായു മാറിയിട്ടില്ല അവനെ മാറ്റിയെടുത്തേ മതിയാകു.അങ്ങനെ പാലായനം ചെയ്യുന്ന കൂട്ടത്തെകാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

              ജനറലിനെ തന്നെ റിയലായിട്ട് കൊണ്ടുവന്ന് നിറുത്തിയാണ് സംവിധായകന്‍ അത് നമ്മെ കാണിക്കുന്നത്.അയാള്‍ മരിച്ചില്ലേ എന്ന് നമുക്ക് സംശയമുണ്ടാക്കും വിധമാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.പക്ഷേ അത് അയാളുടെ ആത്മാവാണ്.കുട്ടികള്‍ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ക്ക് നേരെ ധൈര്യപൂര്‍വ്വം ശാന്തരായി നടന്നു ചെന്ന് അവര്‍ക്ക് ആഹാരം നല്‍കാന്‍ ശ്രമിക്കുന്നതും കാണേണ്ട കാഴ്ചയാണ്. ലോകാഃ സമസ്തഃ സുഖിനോ ഭവന്തു എന്നാണ് ജപിക്കാനുദ്ദേശ്ശിക്കുന്നതെങ്കിലും വാളെടുക്കേണ്ടി വന്നാല്‍ വാളെടുക്കണം .അതാണല്ലോ ആഹാരം നല്‍കിയ കുട്ടികള്‍ ദുഷ്ടന്മാരായ മറ്റ് പട്ടാളക്കാരുമായി യുദ്ധത്തിലേര്‍പ്പെടുന്നതിലൂടെ വെളിപ്പെടുന്നത്.

            2014 ലെ കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കാണിച്ച കം ടു മൈ വോയിസ് ,റഫ്യൂജിയഡോ തുടങ്ങിയ സിനിമകള്‍ ഇന്നും ഓര്‍മയിലുണ്ട്.റഫ്യൂജിയാഡോയ്കാണ് നല്ല സിനിമയ്കുള്ള പുരസ്കാരം ലഭിച്ചത്.ഷാവോലിന്‍ എന്ന ഈ സിനിമയും ആ വിധം കാണാന്‍ കൊള്ളാവുന്ന സിനിമ തന്നെയാണ് എന്നാണ് പറഞ്ഞുവരുന്നത്.മേളകളില്‍ നല്ല സിനിമകള്‍ കാണിക്കട്ടെ.അതിനാണ് ആസ്വാദകര്‍ കാത്തിരിക്കുന്നത്.ചലച്ചിത്ര ആസ്വാദകര്‍ മാത്രം സിനിമാ ഫെസ്റ്റിവലിന് പോയാല്‍ മതി.അതാണ് മറ്റ് സിനിമാ ആസ്വാദകര്‍ക്ക് ഗുണമാകുന്നത്.അല്ലെങ്കില്‍ അരമണിക്കൂര്‍ കഴിഞ്ഞ് സിനിമയ്ക് കേറുന്നവരും കൈയ്യടിക്കുന്നത് നമുക്ക് കാണേണ്ടിവരും.അവര്‍ സിനിമ നടന്നുകൊണ്ടിരിക്കുന്പോള്‍ മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്യുന്നതും നമുക്ക് കാണേണ്ടിവരും.നല്ല പാട്ടുകേട്ടാല്‍ ആസ്വദിക്കാന്‍ കഴിയാത്തവരാണിത്തരക്കാര്‍.നല്ല കഥ വായിച്ചാലും ഇത്തരക്കാര്‍ക്ക് മനസ്സിലാകില്ല.അവരാണ് സിനിമാ മേളകള്‍ കാര്‍ണിവലാക്കണമെന്ന് പറയുന്നത്.പറഞ്ഞയാള്‍ ഒരു മഹാ വങ്ക തന്നെ.