തൊണ്ടിമുതലും ദൃക്സാക്ഷിയും—-ആശ്വാസം പകരുന്ന ഒരു സിനിമ.ഈ സിനിമയുടെ പിന്നില് പ്രവര്ത്തിച്ചവര്ക്കൊക്കെ സത്യസന്ധതയുണ്ട്.ഹൃദയാര്ജ്ജവത്വമുണ്ട്.അങ്കമാലി ഡയറീസിന് ശേഷം വന്ന ഒരു റിയലിസ്റ്റിക് സിനിമ.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊണ്ടിമുതലും ദൃക്സാക്ഷിയും—-ആശ്വാസം പകരുന്ന ഒരു സിനിമ.ഈ സിനിമയുടെ പിന്നില് പ്രവര്ത്തിച്ചവര്ക്കൊക്കെ സത്യസന്ധതയുണ്ട്.ഹൃദയാര്ജ്ജവത്വമുണ്ട്.അങ്കമാലി ഡയറീസിന് ശേഷം വന്ന ഒരു റിയലിസ്റ്റിക് സിനിമ.

           ഏതൊരു കലാസൃഷ്ടിയും ലക്ഷ്യം വയ്കുന്നത് ആത്മാവിനെ കാണിച്ചുതരുവാനാണ്.അതാണ് കല ആത്മാവിഷ്കാരമാണെന്ന് പറയുന്നത്.അഹം ബ്രഹ്മാസ്മി എന്ന അവസ്ഥയിലേക്ക് അനുവാചകനെ കൈപിടിച്ചുയര്ത്തുക എന്നത് തന്നെയാണ് കലയുടേയും ലക്ഷ്യം.പക്ഷെ ചിലര് വിചാരിക്കുന്നത് ആത്മാവിഷ്കാരമെന്നാല് സൃഷ്ടാവിന്റെ ജീവിതാനുഭവങ്ങള് പകര്ത്തി വയ്കുക എന്ന പ്രക്രിയയ്കാണ് ആത്മാവിഷ്കാരം എന്ന് പറയുന്നത് എന്നാണ്. അപ്പോള് പ്രബന്ധ രചനകൊണ്ട് ആ അവസ്ഥയിലെത്താന് സാദ്ധ്യമല്ല എന്നുവരുന്നു.അതിന് കലാസൃഷ്ടി തന്നെ വേണം. എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നത് അവിടെ എത്തുന്നതിന് വേണ്ടിയാണ്.ആ അവസ്ഥയെ അറിഞ്ഞോ അറിയാതെയോ പ്രാപിക്കാനാണ് യത്നിക്കുന്നത്.

        ദിലീഷ് പോത്തന്റെ രണ്ടാമത് സിനിമയായ തൊണ്ടി മുതലും ദൃക്സാക്ഷിയുംഎന്ന സിനിമയെക്കുറിച്ച് പറയുവാനാണ് ഇവിടെ ഉദ്യമിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂരും ശ്യാംപുഷ്കരനും ചേര്ന്നാണ്.സംഭാഷണം മാത്രമാണ് ശ്യാം പുഷ്കരന് രചിച്ചിരിക്കുന്നത്.മത്രമല്ല ശ്യാം പുഷ്കരനാണ് ഈ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്. ഉര്വ്വശി തീയ്യറ്റേഴ്സിന്റെ ബനറില് സന്ദീപ് സേനനും അനിഷ്.എം .തോമസ്സും ചേര്ന്നാണ് ഈ സിനിമ നിര്മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം രാജീവ് രവിയുടേതാണ്.ബിജിബാലാണ് സംഗീത സംവിധായകന്. കിരണ് ദാസാണ് എഡിറ്റര്.

         സിനിമ ആരംഭിക്കുന്നത് ഒരു നാടക സ്റ്റേജില് നിന്നുമാണ്.ആ നാടകം കണ്ടുകൊണ്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രസാദ്. അവിടെ നിന്നും എണീക്കുന്ന പ്രസാദിനെ ചിലര് മദ്യപിക്കാന് ക്ഷണിക്കുന്നുണ്ട് .അയാള് ആ ക്ഷണം നിരസിക്കുന്നു.പിന്നീട് പ്രസാദിനെ നാം കാണുന്നത് മെഡിക്കല് സ്റ്റോറില് വച്ചാണ്.അവിടേക്ക് ശ്രീജ(നിമിഷ സജയന്) എത്തുന്നു.അവള് ഗര്ഭം പരിശോധിക്കാനുള്ള മെഷീന് ചോദിക്കുന്നു.ആ ചോദ്യം കേട്ട് അവള്ക്കാണ് ഗര്ഭപരിശോധന എന്ന് സുരാജിന്റെ പ്രസാദ് തെറ്റിദ്ധരിക്കുന്നു.അയാളത് മറ്റൊരാളോട് പറയുകയും അയാളത് ശ്രീജയുടെ അച്ഛനോട് പറയുകയും ചെയ്യുന്നു. ശ്രീജ ഇതറിയുന്നു.സത്യത്തില് അവളുടെ ചേച്ചിക്ക് വേണ്ടിയായിരുന്നു അവള് ആ ഉപകരണം വാങ്ങിയത്. അവള് ഈ വിവരം പ്രസാദിനോട് ചോദിക്കാനെത്തുന്നു.അവളുടെ ബോട്ടില് വച്ചുള്ള തുപ്പല്, പ്രസാദിന്റെ വീട്ടിലെ കുട്ടിയുടെ പല്ലു തേച്ചുള്ള തുപ്പല് നമുക്ക് ചിരി വരുത്തുന്നുണ്ട്.പിന്നീടവര് തമ്മിലടുക്കുന്നു.അതവരുടെ വിവാഹത്തില് ചെന്നെത്തിക്കുന്നു.

          ഇവര് രണ്ട് ജാതിക്കാരായതിനാല് അവര്ക്ക് നാട്ടില് നില്ക്കാന് പറ്റാതായതുകൊണ്ടാവാം അവര് കാസര്ഗോട്ടെത്തുന്നത്.അവിടെ അവര് കുറച്ച് സ്ഥലം വാങ്ങി കൃഷി ചെയ്യാന് ഉദ്യമിച്ചിരിക്കവേ ആണ് ഫഹദ് ഫാസിലിന്റെ പ്രസാദ് (കള്ളപ്പേരാവാം) ശ്രീജയുടെ താലിമാല പൊട്ടിക്കുന്നത്.അത് കേസാവുന്നു. ഇനി ഈ സിനിമയുടെ ഭൂരിഭാഗവും സംഭവിക്കുന്നത് പോലീസ് സ്റ്റേഷനിലാണ്. കള്ളനായ പ്രസാദിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നു.കട്ടോ എന്ന് ചോദിക്കുന്പോള് അയാള് ആ മാല എടുത്തിട്ടില്ല എന്ന് തറപ്പിച്ച് പറയുന്നു.ഏത് കള്ളന്മാരും അങ്ങനെ തന്നെയല്ലേ പറയുകയുള്ളൂ.കണ്ടവരുണ്ടോ എന്നായി പിന്നെ പോലീസുകാരുടെ അന്വേഷണം. കണ്ടവരുണ്ട്. ഒരു യുവാവും ഒരു പര്ദ്ദ ധരിച്ച സ്ത്രീയും.

         പര്ദ്ദ ധരിച്ച സ്ത്രീയോട് പോലീസുകാര് കൂടുതല് ചോദ്യമൊന്നും ചോദിക്കുന്നില്ലെങ്കിലും അതിലൊരു ഐറണി ഒളിഞ്ഞിരിപ്പുണ്ട്.അത് രസാവഹമാണ്. പര്ദ്ദ ധരിച്ച ആളെങ്ങനെയാണ് ചുറ്റു വട്ടത്ത് നടക്കുന്നതൊക്കെ സൂക്ഷ്മമായി കാണുന്നത്.അവരുടെ കണ്ണുള്പ്പെടെ മൂടിയ രീതിയിലാണ് കാണിച്ചിരിക്കുന്നത്.യുവാവാണെങ്കില് പഠിക്കുകയാണത്രേ.നീ എവിടെയാ പഠിക്കുന്നതെന്ന പോലീസുകാരന്റെ ചോദ്യത്തിന് സെമിനാരിയിലാണെന്നാണവന്റെ ഉത്തരം.അതും നര്മം ഉളവാക്കുന്നുണ്ട്. സെമിനാരിയില് പഠിക്കുന്ന ഇയാളും ഫഹദിന്റെ കള്ളന് പ്രസാദിനെ കൈവയ്കുന്നുണ്ട്.

         കള്ളന്മാരെ കൈവയ്കാനുള്ള അവകാശം പോലീസുകാര്ക്ക് മാത്രമാണ് എന്ന ധാരണയോടെയാണ് ആ പോലീസുകാര് അവിടെ സംസാരിക്കുന്നത്.പിന്നീട് ഫഹദിന്റെ പ്രസാദിനെ പോലീസുകാര് ചോദ്യം ചെയ്യലിന്റെ ഭാഗമായി കൈവയ്കുന്നുമുണ്ട്. ആ പ്രസാദ് മാലപൊട്ടിക്കുന്നത് കണ്ടവരാരെങ്കിലുമുണ്ടോ എന്നതായി അടുത്ത ചോദ്യം.ശ്രീജ കണ്ടെന്ന് പറഞ്ഞെങ്കിലും പ്രസാദ് അത് നിഷേധിക്കുന്നു.പിന്നീട് പ്രസാദിനെ മെഡിക്കല് ചെക്ക് അപിന് കൊണ്ടുപോകുന്നു.അപ്പോഴും അയാള് അത് സമ്മതിക്കാന് കൂട്ടാക്കുന്നില്ല.എന്നാല് എക്സ്റേയില് ആ മാല അയാളുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തുന്നു.പിന്നീടത് തൂറ്റലിലൂടെ പുറത്തെടുവിക്കാനായി പോലീസിന്റെ ശ്രമം.അതിനുള്ള ചിലവും സുരാജിന്റെ പ്രസാദ് വഹിക്കണമെന്നായി.ബിരീയാണി രണ്ടുകുപ്പി വെള്ളം തുടങ്ങിയവയൊക്കെ സബ്ബ് ഇന്സ്പെക്ടര് ചന്ദ്രന് പറഞ്ഞ മാതിരി അയാള് വാങ്ങിനല്കുന്നു.

         ഇതിനിടയില് സുരാജിന്റെ പ്രസാദ് ശ്രീജയെ അവര് താമസിക്കുന്ന വീട്ടില് കൊണ്ടുചെന്നാക്കുന്നുണ്ട്.മാലസ പോയതില് പ്രസാദ് ശ്രീജയെ കുറ്റപ്പെടുത്തുന്നു.ഒരു സാധാരണക്കാരന്റെ മനോവികാരമാണ് അയാളപ്പോള് പ്രകടിപ്പിക്കുന്നത്.ശ്രീജയുടെ മറുപടിയും ഒരു സാധാരണക്കാരിയുടേത് തന്നെ.രസാവഹമായി ചിത്രീകരിച്ചിട്ടുണ്ട് ഇതെല്ലാം സംവിധായകന്. .ഇവിടെ നിന്നും ഫ്ളാഷ് ബാക്കിലേക്ക് പോകുന്നത് ഉടന്തടിച്ചാട്ടമായില്ലേ എന്നു വേണം കരുതാന്.കാരണം ഇത് ഫ്ളാഷ് ബാക്ക് ആണെന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാലേ മനസ്സിലാകൂ.ഇത് ആസ്വാദനത്തിന്റെ നൈരന്തര്യത്തെ തടസ്സപ്പെടുത്തുന്നു. ആ ഫ്ളാഷ് ബാക്ക് രംഗങ്ങളൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന് ദിലീഷ് പോത്തന്.”ഘോഷ യാത്രക്ക് പോകുന്നില്ലേ’’ എന്ന് ഒരു സ്ത്രീ ശ്രീജയുടെ അമ്മയോട്ചോദിക്കുന്നു.’’ഓ ശ്രീജയാണല്ലോ പോകേണ്ടത് ‘’എന്നും അവര് പറയുന്നു.കാരണം ശ്രീജ സ്നേഹിക്കുന്ന പ്രസാദ് ഈഴവ സമുദായത്തില് പെട്ടയാളാണ്.’’ആ ചോ ചെറുക്കനുമായി നിനക്കെന്താടി ബന്ധം’’ എന്നു ചോദിച്ച് ശ്രീജയുടെ അമ്മ ശ്രീജയെ ഉപദ്രവിക്കുന്നു.അവളുടെ അച്ഛന് അവള് ഒളിച്ചിരിക്കുന്ന കക്കൂസിന്റെ വാതില് ചവുട്ടിപ്പൊളിക്കുന്നു. വെട്ടുക്കിളി പ്രകാശാണ് ശ്രീജയുടെ അച്ഛനാകുന്നത്. പ്രസാദിന്റേയും ശ്രീജയുടേയും വിവാഹം കഴിഞ്ഞപ്പോള് ശ്രീജയുടെ അച്ഛന് പ്രസാദിന്റെ വീട്ടില് ചെന്ന് അയാളോട് പറയുന്നു.”ഞങ്ങളൊക്കെ ഈ നാട്ടില് എങ്ങനെ ജീവിച്ചവരാണെന്ന് അറിയാമോ” എന്ന് (ആന മെലിഞ്ഞാലും തൊഴുത്തില് കെട്ടില്ലാത്രേ).

          ഫ്ളാഷ് ബാക്കില് ഒരു നല്ല പാട്ടുണ്ട്.കണ്ണിലെ പൊയ്കയില് എന്ന പാട്ട് ആസ്വദിക്കുന്നതു പോലെ തന്നെ നമുക്ക് ഈ പാട്ടും ആസ്വദിക്കാവുന്നതാണ്. ഫ്ളാഷ് ബാക്കില് നിന്നും തിരികെ എത്തുന്പോള് ഫഹദിന്റെ പ്രസാദിനെ തൂറ്റിക്കാന് നോക്കുകയാണ് അലന്സിയറിന്റെ ഇന്സ്പെക്ടര് ചന്ദ്രന്. ഇവിടെ ഫഹദ് കൈക്കുന്പിളില് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല വച്ച് പൊട്ടിക്കുന്നത് നമുക്ക് ആസ്വദനം കൊണ്ടു വരുന്നുണ്ടെങ്കില് തേനീച്ചക്കൂടും കന്പില് തുന്പി വന്നിരിക്കുന്നതും വെറും ഷോട്ടുകളായി മാറുന്നു. പോലീസ് സ്റ്റേഷനില് വച്ച് ഫഹദിന്റെ പ്രസാദ് സുരാജിന്റെ പ്രസാദിനോട് തന്റെ വീട് വൈക്കത്തല്ലേ ഞാനവിടെ വന്നിട്ടുണ്ട് എന്ന് പറയുന്നു.കുറച്ച് സമയത്തിന് ശേഷം സുരാജിന്റെ പ്രസാദ് എന്തിന് എന്ന് തിരിച്ച് ചോദിക്കുന്നുണ്ട്.വൈരസ്യമകറ്റാനാണ് ഫഹദ് അങ്ങനെ ചോദിക്കുന്നത്.ആ ഇല കൈക്കുന്പിളില് വച്ച് പൊട്ടിക്കുന്നതും അതിന് തന്നെ. ദാ സാറേ അവിടെ അടി നടക്കുന്നു എന്ന ഫഹദിന്റെ സംഭാഷണവും അതിന്റെ പ്രതിഫലനമാണ്.

        വെളിക്കിറങ്ങാന് പോയ ഫഹദിന്റെ പ്രസാദ് ഒളിച്ചോടുന്നു.അയാളെ പിന്തുടരുന്ന പോലീസുകാരുടെ കൂട്ടത്തില് സുരാജിന്റെ പ്രസാദുമുണ്ട്. പോലീസുകാര് സിബി തോമസ്സ് അവതരിപ്പിക്കുന്ന സബ്ബ് ഇന്സ്പെക്ടര് സാജന് വിവരങ്ങള് അപ്പോഴപ്പോള് തന്നെ ഫോണിലൂടെ കൈമാറുന്നുണ്ട്. ഫഹദിന്റെ പ്രസാദ് ഒരു വീട്ടില് കയറി തലവഴി വെള്ളമൊഴിക്കുന്നതും സുരാജിന്റെ പ്രസാദ് അയാളെ പിടികൂടുന്നതും കൂടുതല് രസം പകരുന്നതാകുന്നു.അവര് കെട്ടി മറിഞ്ഞ് ഒരു തോട്ടില് ചെന്ന് ചാടുന്നു.അപ്പോഴും സുരാജിന്റെ പ്രസാദ് ഫഹദിന്റെ പ്രസാദിനെ വിടുന്നില്ല.എനിക്കെന്റെ മാല വേണം എന്നാണ് സുരാജ് പറയുന്നത്.ഇതിനിടക്ക് ഫഹദ് കല്ലിടുക്കുന്നുണ്ട്.എന്നാലയാള് സുരാജിനെ കൊല്ലുന്നില്ല.ഇതെല്ലാം നമുക്ക് ആകാംക്ഷയും ഏകാഗ്രതയും നല്കുന്നുണ്ട്.മനസ്സ് ഏകാഗ്രമാകുന്പോള് ശാന്തത കൈവരുമല്ലോ.

         പോലീസുകാര് ഫഹദിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് ഭേദ്യം ചെയ്തുകൊണ്ട് ചോദ്യം ചെയ്യുന്നു .അയാളുടെ കരച്ചില് അപ്പുറത്തിരിക്കുന്ന ശ്രീജയും സുരാജിന്റെ പ്രസാദും കേള്ക്കുന്നുണ്ട്.അവര് ആ കേസ് വിടാന് തീരുമാനിക്കുന്നു.അയാളുടെ കരച്ചിലായിരുന്നു കാരണം.പക്ഷേ പോലീസുകാര്ക്ക് ആ കേസ് അങ്ങനെ വിടാന് കഴിയില്ലല്ലോ.ഇന്സ്പെക്ടര് ചന്ദ്രന് അന്നു രാത്രി അവരുടെ വീട്ടിലെത്തി തന്റെ പണി പോകുന്ന കാര്യമാണ് കേസില് നിന്നും പിന്മാറരുത് എന്ന് അഭ്യര്ത്ഥിക്കുന്നു.അവരതിനും സമ്മതിക്കുന്നു.അയാളെ ഇനി ഉപദ്രവിക്കേണ്ട എന്ന് സുരാജ് പറയുന്നത് ഹൃദയാര്ജ്ജവമുളവാക്കുന്നതായി.ഇതിനിടക്ക് ശ്രീജയുടെ അച്ഛന് വിളിച്ചു പറയുന്ന സംഭാഷണവും അത്തരത്തിലുള്ള വികാരം പ്രേക്ഷകനിലുണ്ടാക്കുന്നുണ്ട്. മോളേ പണം ആവശ്യമുണ്ടെങ്കില് എത്തിച്ചേക്കാം എന്നാണ് അയാള് പറയുന്നത്.എന്നാല് ഇങ്ങോട്ടു വരേണ്ട എന്നത് സമകാലിക സമൂഹത്തില് നിന്നും ഇപ്പോഴും ജാതി ചിന്ത മാറിയിട്ടില്ല എന്ന കാര്യവും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലായി.

         ഇന്സ്പെക്ടര് ചന്ദ്രന് മറ്റൊരു മാല കാണിച്ചാണ് ശ്രീജയെക്കൊണ്ട് ഇതാണ് തന്റെ മാല എന്ന് പറയിപ്പിക്കുന്നത്.അത് ഫഹദിന്റെ പ്രസാദ് കേള്ക്കുന്നു.അയാളുടെ മുന്നില് വച്ചാണ് ഈ രംഗം ഉണ്ടാവുന്നത്. ഇതാണ് നിങ്ങളുടെ മാലയെങ്കില് താന് ഈ കേസില് നിന്നും ഒഴിയുകയാണെന്ന് ഫഹദ് പറയുന്നു. ആ മാല അന്ന് നമ്മള് പിടിവലികൂടിയ തോട്ടിന്റെ കരയിലുണ്ടെന്നുകൂടി അയാള് പറയുന്നു. അങ്ങനെ കേസില് നിന്നും പിന്മാറി ഇന്സ്പെക്ടര് ചന്ദ്രന്റെ പണികളയിക്കാതെ തന്നെ സുരാജിന്റെ പ്രസാദ് തന്റെ മണ്ണില് കുഴല് കിണര് കുത്തുന്നു.പക്ഷേ അവസാനം നമ്മള് കാണുന്നത് ആള്കൂട്ടത്തില് ഇറങ്ങി നടക്കുന്ന ഫഹദിന്റെ പ്രസാദിനെയാണ്.അതുവരെ കൊണ്ടുവന്ന ടെംന്പോ ഈ അവസാനരംഗങ്ങളില് നഷ്ടമാവുകയാണ് അങ്ങനെ.

       അവസാന രംഗത്തുണ്ടായ ഈ പ്രചോദനമില്ലായ്മ ആദ്യ രംഗങ്ങളിലുണ്ടായ ഉടന്തടിച്ചാട്ടങ്ങള് അനാവശ്യ.മായ ചില ഷോട്ടുകള് ഇതെല്ലാം ഒഴിവാക്കിയിരുന്നെങ്കില് ഇതൊരു മികച്ച സിനിമ ആകുമായിരുന്നു.എങ്കില് പോലും ഈ സിനിമ ഒരാശ്വാസമാണ്.മികച്ച തിരക്കഥയും മികച്ച ഛായാഗ്രഹണവും ഈ സിനിമയില് പ്രേക്ഷകര്ക്ക് കാണാനാവും.സംവിധായകന് അവസാന രംഗത്ത് കുറച്ചുകൂടി ജാഗ്രത പുലര്ത്തിയിരുന്നെങ്കില് ഇതൊരു മികച്ച സംവിധായകന്റെ സിനിമ ആകുമായിരുന്നു.ഫ്ളാഷ് ബാക്കിലെ ഉടന്തടിച്ചാട്ടവും ഒഴിവാക്കാമായിരുന്നു.

      ക്രിയേറ്റീവ് ഡയറക്ടറായി ശ്യാം പുഷ്കരനെ വച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.ദിലീഷ് പോത്തനല്ലേ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്?സല്ലാപം എന്ന സിനിമ ചെയ്തത് ആരായിരുന്നു എന്ന ചോദ്യം ഈയുള്ളവന് അന്ന് ഉയര്ത്തിയിരുന്നതാണ്.സുന്ദര്ദാസോ ലോഹിത ദാസോ?അതുപോലെ വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്തതും ലോഹിതദാസായിരുന്നില്ലേ?പേര് വയ്കുന്നതിനൊന്നും ഒരു കാര്യവുമില്ല.ചെയ്താണ് പ്രശ്നം.


LATEST NEWS