തോപ്പില് ജോപ്പന്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോപ്പില് ജോപ്പന്

        ഗ്രാന്‍റ് ഫിലിം കോര്‍പ്പറേഷന് വേണ്ടി  നൗഷാദ് ആലത്തൂര്‍ നിര്‍മിച്ച് നിഷാദ് കോയ എഴുതി ജോണി ആന്‍റണി സംവിധാനം ചെയ്ത സിനിമയാണ് തോപ്പില്‍ ജോപ്പന്‍.മമ്മൂട്ടി തോപ്പില്‍ ജോപ്പനാകുന്നു. ആന്‍ഡ്രിയ ജര്‍മിയ ആനിയാകുന്നു.ഡോ.മരിയയായി മമ്താ മോഹന്‍ദാസ് അഭിനയിക്കുന്നു.സാജു നവോദയ(എല്‍ദോ),ശ്രീജിത്ത് രവി(അരവിന്ദന്‍),അലന്‍സിയര്‍ ലേ ലോപ്പസ്സ(പാപ്പിച്ചായന്‍),സലിം കുമാര്‍(ഫാ.വാളം പറന്പില്‍),രഞ്ജി പണിക്കര്‍(ഫാ.ജേക്കബ്ബ് ആനക്കാട്ടില്‍),തെസ്നിഖാന്‍,ലാസര്‍മാഷായി മേഘനാദന്‍ തുടങ്ങിയവരുമുണ്ട് ഒപ്പം.

       ജോപ്പനില്ലാതെ പാപ്പിച്ചായനും എല്‍ദോയ്കും അരവിന്ദനും പോത്തനും ജീവിതമില്ല എന്നാണ് തിരക്കഥാകൃത്ത് ആദ്യമേതന്നെ പറയുന്നത്.ആനിയെ കെട്ടണമെങ്കില്‍ പണക്കാരനാകണം എന്ന് അപ്പന്‍ തോപ്പില്‍ ചാണ്ടി കരണക്കുറ്റിക്ക് അടിച്ചു കൊണ്ട് പറഞ്ഞതിനാലാണ് ജോപ്പന്‍ നാടു വിട്ട് പോകുന്നത്.ആനിയോട് കാത്തിരിക്കാന്‍ പറഞ്ഞിട്ടാണയാള്‍ നാടു വിടുന്നത്.ന്യൂ ജനറേഷന്‍ സിനിമകളിലേത് പോലെ ആ നാല്‍വര്‍ സംഘം ജോപ്പനെ പറ്റിയും കള്ളു കുടിയെ പറ്റിയും പഞ്ഞു തുടങ്ങുന്പോളാണ് സിനിമ ആരംഭിക്കുന്നത് തന്നെ .ന്യൂ ജനറേഷന്‍ കുട്ടികള്‍ ആത്മ ഭാഷണവും കഥ പറച്ചിലും കൈ വിടാന്‍ തുടങ്ങിയപ്പോഴാണ് ജോണി ആന്‍റണി തന്‍റെ പുതിയ സിനിമയ്ക് വേണ്ടി ആ രീതി അവലംഭിച്ചിരിക്കുന്നത്.

        ഏതായാലും ജോപ്പന്‍ ബോംബെയിലൊക്കെ പോയി കള്ളക്കടത്തൊക്കെ ചെയ്ത് പണക്കാരനായി പണവുമായി ബെന്‍സ് കാറില്‍ തിരിച്ചെത്തുന്നു.അയാളും കൂട്ടുകാരും ആനിയെ കാണാന്‍ മേട്ടുപ്പാളയത്തേക്ക് തിരിക്കുന്നു.അവിടെ ചെല്ലുന്പോള്‍ ആനി മറ്റൊരാളെ ഇഷ്ടമാണെന്ന് പള്ളിയില്‍ വച്ച് മനസമ്മതം കൊടുക്കുന്നതാണവര്‍ കേള്‍ക്കുന്നത്.അതോടെ ജോപ്പന്‍റെ എല്ലാം തകര്‍ന്നു പോലും .അങ്ങനെയാണയാള്‍ മദ്യത്തെ പ്രണയിക്കാന്‍ തുടങ്ങിയത് പോലും. പ്രണയ സിനിമകള്‍ ജോപ്പന് വല്ലാതെ ഇഷ്ടമാണെന്നാണ് സൃഷ്ടാക്കള്‍ പറയുന്നത്. ഷാരൂഖ്  ഖാന്‍റെയും കുഞ്ചാക്കോ ബോബന്‍റേയും സിനിമകള്‍ അയാള്‍ നൂറും നൂറ്റന്പതും പ്രാവശ്യം കണ്ടിട്ടുണ്ടത്രേ.എന്തൊരു വല്ലാത്ത കഥാപാത്രവത്കരണം.നമ്മള്‍ മൂക്കത്ത് വിരല്‍ വച്ചു പോകും. ഷാരൂഖ് നാല്‍വര്‍ സംഘത്തിലെ ചിലര്‍ക്ക് ഭാര്യമാരും കുട്ടികളുമുണ്ട്.പോത്തനും എല്‍ദോയ്കുമാകണം.പാപ്പിച്ചായന്‍റെ പ്രയം വച്ചു നോക്കുന്പോള്‍ കുട്ടികളും ഭാര്യം പ്രായം തികഞ്ഞ വരായിരിക്കണം ഫാദര്‍ ജേക്കബ്ബിന്‍റെ അടുത്ത് പരാതി പറയാന്‍ ചെല്ലുന്ന രണ്ടുപേരും അവരുടെ കുട്ടികളും അത്തരത്തിലുള്ള വരല്ലാത്തതിനാല്‍ അവര്‍ പോത്തന്‍റേയും എല്‍ദോയുടേയും കുടുംബമാണെന്ന് കരുതാനേ നിര്‍വാഹമുള്ളൂ.

           .അവരുടെ മാത്രമല്ല ഇപ്പോള്‍ ജോപ്പന്‍റെ വിവാഹം പള്ളിയുടേയും ആ ഇടവകയുടേയും കൂടി ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഫാദര്‍ പറയുന്നത്. അങ്ങനെയാണ് ജോപ്പന്‍ ജര്‍മനിയില്‍ നേഴ്സായ ആര്യയുടെ കഥാപാത്രത്തെ കാണാന്‍ പോകുന്നത്. അങ്ങനെയാണ് ജോപ്പന്‍ ജര്‍മനിയില്‍ നേഴ്സായ ആര്യയുടെ കഥാപാത്രത്തെ കാണാന്‍ പോകുന്നത്.അവള്‍ക്ക് പക്ഷേ ലിവിംഗ് ടുഗതറാണിഷ്ടം.പിന്നെ അവള്‍ക്ക് ഒരു പട്ടിക്കുട്ടിയുമുണ്ട്.ജോപ്പന്‍ അതിനെ തന്‍റെ കുട്ടിയായിട്ട് കരുതുകയും വേണം.ഹന്പോ ഹന്പന്പോ ചിരിക്കണമെങ്കില്‍ ഇക്കിളിയിടേണ്ടി വരും.

         ഇതൊക്കെ അച്ചനോട് പറഞ്ഞ് പള്ളിയില്‍ നിന്നുമിറങ്ങുന്പോഴാണ് ഡോ.മരിയ അയാളുടെ കുടക്കീഴില്‍ വന്നു കയറുന്നത്. അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.ഒരു മഴയുടെ സുഖമൊന്നും തരാന്‍ ജോണി ആന്‍റണിക്ക് കഴിഞ്ഞിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.ഇത്തരം POTBOILED സിനിമകളില്‍ നിന്നും പ്രേക്ഷകന്‍ അതൊന്നും പ്രതീക്ഷിക്കാതിരിക്കുകയാണ് നല്ലത്. അങ്ങനെ വരുന്ന വഴിക്കാണ് ക്ളബ്ബില്‍ നിന്നും എസ്.ഐ ഇറങ്ങിപ്പോകുന്നത് ജോപ്പന്‍ കാണുന്നത് .ജോപ്പന്‍ ഫോണ്‍ ചെയ്ത് ചോദിക്കുന്നു എസ്.ഐ എത്ര എണ്ണം വീശി എന്ന്. പിന്നെ എസ്.ഐക്കിട്ട് ജോപ്പന്‍റെ വക അടിയാണ്.അതൊരു പ്രതികാരമാണ്.(പാപ്പിച്ചായന്‍ മദ്യപിച്ച് വണ്ടിയോടിച്ചു എന്നു പറഞ്ഞ് പോലീസ് സ്റ്റേഷന്ല്‍ കൊണ്ടു പോയി ആ പാവത്തിനെ കണക്കിന് പ്രഹരിച്ചയാളാണീ എസ്.ഐ.)അപ്പോള്‍ അതു വഴി ഓട്ടോറിക്ഷയില്‍ വന്ന ഡോ.മരിയ ജോപ്പന്‍ എസ്.ഐ യെ പെരുക്കുന്നത് കാണുന്നു.അവളുടെ കണ്ണുകളില്‍ ആരാധന. മുഖത്ത് അത്ഭുതം.പക്ഷെ ഇപ്പറഞ്ഞതൊന്നും ഇത് കാണുന്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

     പിന്നെ മഴ നൃത്തമാണ്.ഡോക്ടറും നേഴ്സുമാരും രോഗികളും ജോപ്പനും എല്ലാവരും ചേര്‍ന്നുള്ള മഴ നൃത്തം.ഡോ.മരിയയുടെ മെഡിക്കല്‍ ക്യാന്പില്‍ വച്ചാണത് സംഭവിക്കുന്നത്.ജോപ്പന്‍റെ പറന്പിലാണല്ലോ മെഡിക്കല്‍ ക്യാന്പ് അരങ്ങേറുന്നത്.അതും അച്ചന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി. ഫാദര്‍ ജേക്കബ്ബ് ആനക്കാട്ടിലിനേയും ആ മഴ നൃത്തത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് മോശമായിപ്പോയി.അതുംകൂടെ ആയിരുന്നെങ്കില്‍ വങ്കത്തരം പൂര്‍ണ്ണമായേനെ. ഈ വങ്കന്‍ മഴ നൃത്തത്തില്‍ വച്ചാണ് കൂട്ടുകാര്‍ക്ക് മനസ്സിലാകുന്നത് ജോപ്പന് ഡോക്ടറെ ഇഷ്ടമാണ് എന്ന കാര്യം.അവര്‍ ജോപ്പന്‍റെ മനസ്സിലെ പ്രണയത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അതാ വരുന്നു മരിയയുടെ ഫോണ്‍കോള്‍.കൂട്ടുകാര്‍ ഉറപ്പിച്ചു കഴിഞ്ഞു ഇത് പ്രണയം തന്നെ.അല്ലെങ്കില്‍ പിന്നെ അവളെന്തിനാണ് ജോപ്പനെ മാത്രം കണ്ട് എന്തോ സ്വകാര്യം പറയാനുണ്ടെന്ന് പറയുന്നത്.അതായിരുന്നു അവരുടെ സംശയം.ഏതായാലും ജോപ്പന്‍ അവളെ കാണാന്‍ പ്രതീക്ഷയോടെ ചെല്ലുന്നു. ജോപ്പന്‍റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് അവള്‍ പറയുന്നു അവള്‍ക്ക് തോമസ്സുകുട്ടിയേയാണ് ഇഷ്ടം എന്ന്.പൈങ്കിളി തന്നെ.തോമസ്സുകുട്ടി വീട്ടുകാരുടെ ബന്ധവസ്സിലാണ് പോലും.അയാളെ അവിടെ നിന്നും പൊക്കാന്‍ ജോപ്പന്‍റെ സഹായം വേണം മരിയയ്ക്.അതിനാണവള്‍ ജോപ്പനെ വിളിച്ചത്. നായകന്‍റെ ഹൃദയ വിശാലതയും പരോപകാര തത്പരത്വവും പ്രേക്ഷകരെ കാണിച്ചു കൊടുക്കേണ്ടേ.അയാള്‍ ചെന്ന് തോമസ്സുകുട്ടിയെ ഇറക്കിക്കൊണ്ടുവന്ന് മരിയയ്ക് സമ്മാനിക്കുന്നു.

         ജോപ്പന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.പക്ഷേ എന്തു ചെയ്യാം മറ്റൊരാള്‍ മനസ്സില്‍ കയറിപ്പോയില്ലേ എന്നാണ് മരിയ ജോപ്പനോട് ചോദിക്കുന്നത്. കഥാപാത്ര സൃഷ്ടിക്കു വേണ്ടി തിരക്കഥാകൃത്ത് മനസ്സിലനാവൃതമാക്കുന്ന താണ തരം ഭാവനയില്‍ നിന്നും മാത്രമേ ഇത്തരം സംഭാഷണങ്ങള്‍ ഉരുത്തിരുഞ്ഞ് വരികയുള്ളു.ഔചിത്യ ബോധം തീരെയില്ല ഈ സംഭാഷണത്തില്‍.തിരക്കഥാ കൃത്തിന്‍റെ ഔചിത്യ ബോധമില്ലായ്മ എത്രവേണമെങ്കിലും നമുക്ക് ഈ ,സിനിമയില്‍ കാണാവുന്നതാണ്.

         ഇടവേളക്ക് ശേഷം നമ്മള്‍ കാണുന്നത് ജോപ്പനും സംഘവും കള്ളുകുടി നിറുത്തുന്നതിനും നല്ലവരാകുന്നതിനും വാളം പറന്പില്‍ അച്ചന്‍റെ അടുക്കല്‍ ധ്യാനം കൂടാന്‍ പോകുന്നതാണ്.നാല് ഫുള്‍ ബോട്ടിലുമായാണ് അവര്‍ അവിടെ എത്തുന്നത്.എന്നാല്‍ അച്ചന്‍ അതെല്ലാം അവരെ ക്കൊണ്ട് തന്നെ തൊട്ടിയില്‍ വലിച്ചെറിയിക്കുന്നു.ആ ധ്യാനകേന്ദത്തില്‍ വച്ചാണ് ജോപ്പന്‍ റോസക്കുട്ടിയെ പരിചയപ്പെടുന്നത്.അവള്‍ (അക്ഷര കിഷോര്‍) തന്‍റെ അപ്പച്ചന്‍റെ കള്ളുകുടി നിറുത്തിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്.അവളുടെ അപ്പച്ചന്‍ ധ്യാനം കൂടാന്‍ വരുകയില്ല.രണ്ടെണ്ണം അകത്തുചെന്നാല്‍ പിന്നെ അയാള്‍ക്ക് ഭ്രാന്താണ്.ലാസര്‍ എന്നാണ് അയാളുടെ പേര്.ഏതോ സ്കൂളിലെ മാഷാണെന്ന് തോന്നുന്നു.അയാളുടെ ഭാര്യ മരിച്ചതിന് ശേഷമാണ് അയാള്‍ ഇങ്ങനെയൊക്കെ ആയത്.ഇക്കഥയുംപറഞ്ഞ് ഫലിപ്പിക്കാന്‍ തിരക്കഥാകൃത്തിനാവുന്നില്ല. അതിന്‍റെ പരിണതി നോക്കുക.അച്ചന്‍റെ വേഷത്തില്‍ ചെന്നാണ് തല്ലുകൂടിക്കൊണ്ടിരിക്കുന്ന ലാസര്‍മാഷിനെ ജോപ്പന്‍ അടിച്ചൊതുക്കി ധ്യാനകേന്ദ്രത്തിലെത്തിക്കുന്നത്.

അവിടെ വച്ച് ജോപ്പന്‍ വീണ്ടും ആനിയെ കാണുന്നു.ആനി വിവാഹം കഴിച്ചിരിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്.ജോപ്പനും അങ്ങനെയാണ് കരുതിയത്.എന്നാല്‍ അന്ന് മേട്ടുപാളയത്തില്‍ അവളുടെ മനസ്സമ്മതം മാത്രമാണ് നടന്നത്.വിവാഹം നടന്നില്ല.പക്ഷേ ഇപ്പോള്‍ അവള്‍ ഈ ധ്യാനകേന്ദ്രത്തിലെത്തിയിരിക്കുന്നത് റോയ് (സുരേഷ് കൃഷ്ണ) എന്ന യാളെ വിവാഹം കഴിക്കാനാണ്.മാരിറ്റല്‍ കോഴ്സിനായിരിക്കാം അവളെത്തിയിരിക്കുന്നത്. ആനി ഹോം നേഴ്സായിരുന്നപ്പോള്‍ ആക്സിഡന്‍റ് പറ്റിക്കിടന്നിരുന്ന റോയിയുടെ അമ്മയെ ചികിത്സിക്കാനെത്തിയപ്പോള്‍ പരിചയപ്പെട്ടതാണ് അവള്‍ റോയിയെ. ആ അമ്മക്ക് ആനി വാക്കു കൊടുത്തു പോലും ഭാര്യ നഷ്ടപ്പെട്ട റോയിയെ വിവാഹം ചെയ്തുകൊള്ളാമെന്ന്.മാത്രമല്ല അവളുടെ അനിയന്‍റെ കാര്യവുമുണ്ടവള്‍ക്ക്. ഇതൊന്നും പക്ഷേ പ്രേക്ഷകഹൃദയത്തില്‍ തെല്ലും ചെന്ന് പതിക്കുന്നില്ല.അങ്ങനെ ആ ആശയും നഷ്ടപ്പെട്ട് ജോപ്പന്‍ അവസാനമായി ഒരു പെണ്ണിനെ കൂടി കാണാന്‍ പോകുകയാണ്.അവള്‍ ആ ഡോക്ടര്‍ മരിയ യായിരുന്നു. അമ്മച്ചിയേയും ബന്ധുക്കളെയും ഉപേക്ഷിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് തോമസ്സുകുട്ടി മരിയയെ ഉപേക്ഷിച്ചത്.അവള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് തോമസ്സ് കുട്ടി എന്ന് പേരിടണമെന്ന് അയാള്‍ പറഞ്ഞിരുന്നു.ജോപ്പന്ന് ജനിക്കുന്ന കുട്ടിക്ക് ആനി എന്ന് പേരിടണം എന്ന് ജോപ്പന്‍.സിനിമ അവിടെ അവസാനിക്കുന്നു.സൂപ്പര്‍ പൈങ്കിളി തന്നെ.

                  ന്യൂ ജനറേഷന്‍ ആളുകള്‍ അവരുടെ കാപട്യം നിറഞ്ഞ തട്ടിപ്പ് ഫോട്ടോഗ്രാഫിയില്‍ നിന്നും മടങ്ങിക്കൊണ്ടിരിക്കുന്പോള്‍ ജോണി ആന്‍റണിയെ പോലുള്ളവര്‍ അതാവര്‍ത്തിക്കാനൊരുങ്ങുന്നത് പ്രേക്ഷകരോട് ചെയ്യുന്ന അപരാധമാണ്.അ്തൊഴിവാക്കാമായിരുന്നു.നല്ല പാട്ടുകള്‍ മലയാളത്തിന്  സമ്മാനിച്ച വിദ്യാസാഗറിനെക്കൊണ്ട് തട്ടിപ്പ് പാട്ടുകള്‍ ഉണ്ടാക്കി വച്ചതും മറ്റൊരു ദ്രോഹമായി.


Loading...
LATEST NEWS