കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പ്രവാസിച്ചിട്ടി നിയമാനുസൃതമെന്ന് തോമസ് ഐസക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പ്രവാസിച്ചിട്ടി നിയമാനുസൃതമെന്ന് തോമസ് ഐസക്
ദുബായ്: കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പ്രവാസിച്ചിട്ടി പൂർണമായും നിയമാനുസൃതമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെ.എസ്.എഫ്.ഇ. നേടിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഈ തയ്യാറെടുപ്പുകളെക്കുറിച്ച് പൂർണധാരണ ഇല്ലാത്തതുകൊണ്ടാകാം മുൻമന്ത്രി കെ.എം. മാണി ചില വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവയിൽ പലകാര്യങ്ങളും അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോൾ യു.ഡി.എഫ്. സർക്കാർതന്നെ പൂർത്തീകരിച്ചതാണെന്നും ഡോ.തോമസ് ഐസക് വിശദീകരിച്ചു. പ്രവാസി ചിട്ടി സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും നടപടിക്രമങ്ങൾ വിശദീകരിക്കാനുമായി ഓഗസ്റ്റ് മൂന്നിന് യു.എ.ഇ.യിൽ എത്തുമെന്നും മലപ്പുറത്തുനിന്ന് ടെലി കോൺഫറൻസിൽ ധനകാര്യമന്ത്രി വിശദീകരിച്ചു.
 
ചിട്ടി ആദ്യമായി നടപ്പാക്കുന്നത് യു.എ.ഇ.യിലാണ്. ഇതിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തും. യു.എ.ഇ.യിൽനിന്ന് വലിയ പ്രോത്സാഹനമാണ് ചിട്ടിക്ക് ലഭിക്കുന്നത്. ഇതിനകംതന്നെ ഒന്നരലക്ഷത്തിലേറെ പേർ ചിട്ടിക്കായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആറായിരത്തിലേറെ പേർ ചേർന്നുകഴിഞ്ഞു. മുപ്പതിനായിരത്തോളം പേരുടെ അപേക്ഷകൾ വിവിധ ഘട്ടങ്ങളിലാണുള്ളത്.
 
നോർക്കയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ധനകാര്യമന്ത്രി വിശദീകരിച്ചു. പ്രവാസിച്ചിട്ടി നടത്തിപ്പിനുള്ള വിലക്കുകൾ നീക്കാനുള്ള പരിശ്രമം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അവ ഫലവത്തായില്ല. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2015-ൽ റിസർവ്ബാങ്ക് വിദേശപണവിനിമയചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തി. ഇതുവഴി പ്രവാസിയായ ഇന്ത്യക്കാരിൽനിന്ന് പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാം.
 
പ്രവാസികൾക്ക് ബാങ്കിങ് ചാനലുകൾ വഴി നോൺ റെപാട്രിയേഷൻ വ്യവസ്ഥയിൽ പ്രവാസ രാജ്യത്തിരുന്നുകൊണ്ടുതന്നെ അവയിൽ പണമടയ്ക്കാനും സാധിക്കും. കെ.എസ്.എഫ്.ഇ.ക്ക് പ്രവാസി ഇന്ത്യക്കാരിൽനിന്ന് ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന് അനുമതിയും നൽകി. ഇതെല്ലാം കെ.എം. മാണി ധനമന്ത്രിയായിരിക്കുമ്പോളാണ് നടന്നത്. അതുകൊണ്ടുതന്നെ വിദേശപണ വിനിമയ ചട്ടം (ഫെമ) മറികടന്നാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി നടത്തുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
 
കേരളത്തിൽ അഞ്ചുപതിറ്റാണ്ടുകളായി എങ്ങനെയാണോ കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത് അതുപോലെ തന്നെയാണ് പ്രവാസിച്ചിട്ടികളും നടത്തുന്നത്. പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. 2016-ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്ക് സർക്കാർ നൂറുശതമാനം ഗാരന്റി നൽകുന്നതിനാൽ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് നിയമവിധേയമായിട്ടാണ്.
 
ചിട്ടിത്തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് കെ.എം. മാണി ധനമന്ത്രിയായിരിക്കെ 2012-ൽ കെ.എസ്.എഫ്.ഇ.ക്ക് അനുമതി നൽകിയിട്ടുണ്ട്. പ്രവാസി ചിട്ടിയിലെ ഇൻഷുറൻസ് അപകട പരിരക്ഷയും പെൻഷൻ പദ്ധതിയും ആകർഷകമാണ്. ഈ ആനുകൂല്യങ്ങൾ നിയമസഭയിൽ സമർപ്പിച്ച ചട്ട ഭേദഗതിയിൽ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ശരിയാണ്. ഇവ പിന്നീടാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് അത് അടുത്ത നിയമസഭാ സമ്മേളനത്തിൽ സമർപ്പിക്കും.
 
കിഫ്ബി പിന്തുണയോടു കൂടി കേരളം വികസന പദ്ധതികൾ നടപ്പാക്കിതുടങ്ങി. വിഭവ സമാഹരണത്തിന് തയ്യാറായി ക്കൊണ്ടിരിക്കുകയുമാണ്. ഇതിനവലംബിക്കുന്ന പല മാർഗങ്ങളിൽ ഒന്നാണ് പ്രവാസിച്ചിട്ടി. ഇത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തിന് വിരുദ്ധമാണ്. വിമർശനം തുറന്നമനസ്സോടെ പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വിശദീകരിച്ചു.