പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലോടെ ബാങ്കുകളില്‍ പണലഭ്യത വര്‍ധിച്ചത് നിരക്ക് കുറയ്ക്കാന്‍ കാരണമായേക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.അതേസമയം പുതുവല്‍സരസമ്മാനമായി ബാങ്കുകള്‍ സ്വമേധയാ വായ്പാ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നും സൂചനയുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം വര്‍ധിച്ച സാഹചര്യത്തിലും നിലവിലെ നിരക്ക് തുടരാനായിരുന്നു ഈ മാസം ഏഴിന് നടത്തിയ നയപ്രഖ്യാപനത്തില്‍ ആര്‍ബിഐ തീരുമാനം.

വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമാണ്.ഇത് നോട്ടു നിയന്ത്രണം അവസാനിക്കുന്ന ഘട്ടത്തിലോ, പുതുവല്‍സരത്തിലോ കാല്‍ശതമാനം വരെ കുറച്ചേക്കാമെന്നാണ് സാമ്പത്തികരംഗത്തിൻ്റെ പ്രതീക്ഷ. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ബാങ്കുകളുടെ കൈവശമെത്തിയ പണലഭ്യത കൂടിയതാണ് ഇതിന് കാരണം.വായ്പ കൊടുക്കാന്‍ ഇത്തരത്തിലെത്തിയ പണം ധാരാളമുണ്ട്.നിലവില്‍ നേരിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് നിക്ഷേപം കുമിഞ്ഞുകൂടുന്നത് വിപരീതഫലമുണ്ടാക്കും.നോട്ട് പ്രതിസന്ധി കാരണം പുതിയ വായ്പാ അപേക്ഷകരും കുറഞ്ഞു. അതിനാല്‍, പലിശനിരക്ക് വീണ്ടും കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് അതുവഴി പ്രയോജനം നല്‍കാനും ശ്രമമുണ്ടായേക്കുമെന്നാണ് സൂചന.

ആര്‍ബിഐ നിരക്ക് കുറച്ചാലും ഇല്ലെങ്കിലും, പുതിയ സാഹചര്യത്തില്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നിക്ഷേപത്തിൻ്റെയും വായ്പയുടേയും പലിശനിരക്കുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടതായാണ് വിവരം. അടിസ്ഥാനനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ ഇതുവരെ തയ്യാറാകാത്തത് നിരാശാജനകമാണെങ്കിലും പണലഭ്യത, പലിശ കുറയാന്‍ വഴിയൊരുക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ചന്ദ കൊച്ചാറും ഇതേ അഭിപ്രായം രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് നേരത്തെ, അടിസ്ഥാനനിരക്കില്‍ പലവട്ടം കുറവുവരുത്തിയെങ്കിലും പ്രയോജനം ഉപഭോക്താക്കളിലെത്തിയിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിരക്കുകുറയ്ക്കാതെ തരമില്ലെന്നാണ് സാമ്പത്തികവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.


 


LATEST NEWS