എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പ പലിശ കൂട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പ പലിശ കൂട്ടി

ന്യൂ ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ അടിസ്ഥാന വായ്പാ പലിശ നിരക്ക് (എം. സി. എല്‍. ആര്‍) ഉയര്‍ത്തി. 0.10 ശതമാനമാണ് ( പത്തു ബേസിസ് പോയിന്‍റുകള്‍) എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് ഉയര്‍ത്തിയത്. ഇത് രണ്ടാം തവണയാണ് എസ്. ബി. ഐ വായ്പാ പലിശ നിരക്ക് ഉയര്‍ത്തുന്നത്.കഴിഞ്ഞ മാര്‍ച്ചിലാണ് എം .സി . എല്‍ .ആര്‍  ഉയര്‍ത്തുന്നത്.

എസ്ബിഐക്കു പുറമേ ഐസിഐസിഐ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി എന്നീ ബാങ്കുകളും അടിസ്ഥാന പലിശ നിരക്കില്‍ പത്തു ബേസിസ് പോയിന്റ്‌ വര്‍ധന വരുത്തിയിട്ടുണ്ട്.

ജൂണ്‍ ഒന്നു മുതലാണ്‌ പുതിയ പലിശ നിരക്കുകളുടെ പ്രാബല്യം. ഇത് വരെ 7.80 ശതമാനമായിരുന്ന വായ്പാ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ 7.90 ശതമാനമായാണ് ഉയരുന്നത്. മൂന്നു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി ഉയരും. ആറു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക്  8 ശതമാനത്തില്‍ നിന്ന് 8.10 ശതമാനമാകും.ഒരു വര്‍ഷം വരെയുള്ള നിരക്ക് 8.15 ല്‍ നിന്ന് 8.25 ശതമാനമാകും. 

രണ്ട് വര്‍ഷം വരെയുള്ള വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.35 ശതമാനം ആയും മൂന്നു വര്‍ഷത്തേക്കുള്ള വായ്പാ പലിശ നിരക്ക് 8.35 ശതമാനത്തില്‍ നിന്നു 8.45 ശതമാനവും ആകും.

വായ്പകളുടെ പലിശ നിരക്ക് ഉയരുന്നത് പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) ഉയരുന്നതിനും ഇടയാക്കും. നിശ്ചിത കാലവധിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എസ് ബി ഐ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അടിസ്ഥാന വായ്പാ പലിശ നിരക്കും ഉയര്‍ത്തിയത്.