സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയിലെ മികച്ച സേവനത്തിന് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2012-13 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വേഗത നല്‍കുന്നതിനും പുതിയ സേവന മേഖലകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ‘മിഷന്‍ 676’ പരിപാടിയില്‍ പ്രാമുഖ്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭ്യമാകുന്ന പ്രധാന മേഖലകളിലൊന്ന് വിനോദസഞ്ചാരമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്ടര്‍ ടാക്‌സികളും ഹോപ്-ഓണ്‍, ഹോപ് - ഓഫ് ബോട്ടുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി ശ്രീ എ.പി.അനില്‍കുമാര്‍ പറഞ്ഞു. മുന്‍പത്തേക്കാള്‍ വേഗതയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുവെന്ന് ഈ പുരസ്‌കാരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2011-12 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നാലുമാസം മുമ്പാണ് വിതരണം ചെയ്തത്. 2012-13 വര്‍ഷത്തെ ജേതാക്കളെ നാലുമാസം കൊണ്ട് തെരഞ്ഞെടുക്കാനായി. ഈ ഒരു ഊര്‍ജ്ജം തുടര്‍ന്നുള്ള പദ്ധതികളിലുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ പങ്കാളികളാണ് കേരളത്തിന്റെ ടൂറിസം വികസനത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്നതെന്നും അവര്‍ക്കുള്ള പ്രോല്‍സാഹനമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  മൂന്ന് വിഭാഗങ്ങളിലായി 23 അവാര്‍ഡുകളാണ് വിതരണം ചെയ്തത്. തിരഞ്ഞെടുത്ത വിദഗ്ദ്ധ സമിതിയെക്കൊണ്ട് ടൂറിസം വകുപ്പ് തയ്യാറാക്കിയ അവാര്‍ഡ് ജേതാക്കളുടെ പ്രാഥമിക ലിസ്റ്റ് സര്‍ക്കാര്‍ തലത്തില്‍ ടൂറിസം സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതാധികാര കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമായ ശേഷമാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കപ്പെട്ടത്.

  മികച്ച ഇന്‍ ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോട്ടസ് ഡെസ്റ്റിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനും മികച്ച ഔട്ട് ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് കൊച്ചിയിലെ റിയാ ഹോളീഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമാണ്.

  മികച്ച 5 സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലിനുള്ള അവാര്‍ഡ് കൊച്ചിയിലെ വിവാന്റാ ( താജ് മലബാര്‍) ഹോട്ടലിനും മികച്ച 5 സ്റ്റാര്‍ ഹോട്ടലിനുള്ള അവാര്‍ഡ് കോട്ടയത്തെ കുമരകം ലേക് റിസോര്‍ട്ടിനും മികച്ച 4 സ്റ്റാര്‍ ഹോട്ടലിനുള്ള അവാര്‍ഡ് കോവളത്തെ ഉദയസമുദ്ര ലീഷര്‍ ബീച്ച് ഹോട്ടലിനും മികച്ച 3 സ്റ്റാര്‍ ഹോട്ടലിനുള്ള അവാര്‍ഡ് ആലപ്പുഴയിലെ മരാരി ബീച്ചിനും മികച്ച ഹെറിറ്റേജ് ഹോട്ടലിനുള്ള അവാര്‍ഡ് കുമരകത്തെ കോക്കനട്ട് ലഗൂണിനും ആണ്.

  മികച്ച ആയൂര്‍വേദ കേന്ദ്രത്തിനുള്ള അവാര്‍ഡ് കോവളത്തെ സോമതീരം ആയൂര്‍വേദ ബീച്ച് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനും മികച്ച ഹോംസ്റ്റേക്കുള്ള അവാര്‍ഡ് തിരുവനന്തപുരത്തെ ഗ്രേസ്ഫുള്‍ ഹോംസ്റ്റേയ്ക്കും മികച്ച ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് ആലപ്പുഴ റെയ്ന്‍ബോ ക്രൂയിസിനുമാണ്.

  മികച്ച ഹോട്ടല്‍ മാനേജര്‍ക്കുള്ള അവാര്‍ഡ് ആലപ്പുഴയിലെ മാരാരി ബീച്ച് മാനേജര്‍ ശ്രീ പി സുബ്രഹ്മണ്യനും മികച്ച ടൂറിസം റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ. കെ സി കൃഷ്ണകുമാറിനും (മാതൃഭൂമി യാത്ര, കോഴിക്കോട്) ആണ്. മികച്ച ടൂറിസം ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ശ്രീ ബി മുരളീകൃഷ്ണനും കൊച്ചിയിലെ ശ്രീ അജോഷ് പാറയ്ക്കനുമാണ്. ടൂറിസം രംഗത്തെ നൂതന പദ്ധതികള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കോട്ടയം എം ഇ ബി റസിഡന്‍സ് അസോസിയേഷന്‍ & ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിന്റെ നാലുമണിക്കാറ്റ് എന്ന പദ്ധതിയ്ക്കും ടൂറിസം രംഗത്തെ വിവര സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള അവാര്‍ഡ് തിരുവനന്തപുരം സോമതീരം ആയൂര്‍വേദ ഗ്രൂപ്പിനുമാണ്.

  മികച്ച ടൂറിസം പൊലീസിനുള്ള അവാര്‍ഡ് കണ്ണൂരിലെ ഇടക്കാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ശ്രീ സത്യനും, കൊച്ചിയിലെ ടൂറിസം പൊലീസായ എഎസ്‌ഐ ശ്രീ സനല്‍കുമാറിനുമാണ്. മികച്ച ടൂറിസം ഗൈഡിനുള്ള അവാര്‍ഡ് തലശ്ശേരിയിലെ ശ്രീ എന്‍ ആര്‍ അജയകുമാറിനും കല്‍പ്പറ്റയിലെ ശ്രീ സുബൈര്‍ ഇളംകുളത്തിനുമാണ്.

  മികച്ച ടൂറിസം സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് ആലുവാ സെന്റ് സെവിയേഴ്‌സ് വുമണ്‍സ് കോളേജിലെ കുമാരി ഉണ്ണിമായ മുരളീധരനും മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്ററിനുള്ള അവാര്‍ഡ് കൊട്ടാരക്കര താമരക്കുടി ശിവവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായ ശ്രീ കെ ജി അശോക് കുമാറിനും ആണ്.

  മികച്ച ടൂറിസം ക്ലബിനുള്ള അവാര്‍ഡ് ആലുവാ സെന്റ് സെവിയേഴ്‌സ് വുമണ്‍സ് കോളേജിനാണ്.

 

  മികച്ച ലൈഫ് ഗാര്‍ഡിനുള്ള അവാര്‍ഡ് കണ്ണൂര്‍ ജില്ലയിലെ ശ്രീ ചാല്‍സണിനും മികച്ച ടൂറിസം ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനുള്ള അവാര്‍ഡ് വയനാട് ലക്കിടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിനും മികച്ച ടൂറിസം ഡെസ്റ്റിനേഷനുള്ള അവാര്‍ഡ് കൊച്ചിയിലെ വണ്ടര്‍ലായ്ക്കുമാണ് ലഭിച്ചത്.


LATEST NEWS