ബി.എസ്.എൻ.എൽ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരു കോടി കടക്കുമെന്ന് ജനറൽ മാനേജർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി.എസ്.എൻ.എൽ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരു കോടി കടക്കുമെന്ന് ജനറൽ മാനേജർ

തിരുവനന്തപുരം: ബി.എസ്.എൻ.എൽ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരു കോടി കടക്കും  . ഇക്കൊല്ലംതന്നെ 4 ജി നടപ്പാക്കാനാകുമെന്നും ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു അറിയിച്ചു.

എല്ലാ ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ് പ്ലാനുകളുടെയും ഉയർന്ന വേഗത്തിലുള്ള ഉപയോഗപരിധി കൂട്ടി. 675 രൂപ മുതലുള്ള എല്ലാ പ്ലാനുകളുടെയും ഉയർന്ന വേഗപരിധിക്കുശേഷമുള്ള വേഗം രണ്ട് എം.ബി.പി.എസ്‌. ആയി ഉയർത്തി. ബ്രോഡ്ബാൻഡ് വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ടോപ്പപ്പ് ചാർജിന്റെ നിരക്കും കുറച്ചു.

ലാൻഡ്‌ലൈൻ ജനറൽ പ്ലാനിലെ സൗജന്യ കോളുകളുടെ എണ്ണവും ഉയർത്തി. മാസവാടകയ്ക്ക് തുല്യമായ എണ്ണം സൗജന്യ കോളുകൾ ലഭിക്കും. 299 രൂപയുടെ പുതിയ ലാൻഡ് ലൈൻ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 250 സൗജന്യകോളുകൾ ലഭിക്കും. പുതിയ ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ ടു ഹോം വരിക്കാർക്ക് ഇൻസ്റ്റലേഷൻ തുക ഈടാക്കാതെ കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി ഒരു വർഷത്തേക്കുകൂടി നീട്ടി.

സംസ്ഥാനത്തെ 1440 എക്സ്‌ചേഞ്ചുകളും പുതുതലമുറ എക്സ്‌ചേഞ്ചുകളാക്കും. 136 എണ്ണം അത്തരത്തിലാക്കി. ബാക്കി ഇക്കൊല്ലം പൂർത്തിയാക്കും. നഗരങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാപ്രവർത്തനങ്ങളിൽ ബി.എസ്.എൻ.എൽ. പങ്കാളിയാകും. പോലീസുമായി ചേർന്നുള്ള പദ്ധതി കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.
 


LATEST NEWS