അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയില്ല:   അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണയെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയില്ല:   അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണയെത്തുന്നു

 ഓണവിപണിയും മുതലെടുക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണയെത്തുന്നു. ജി.എസ്.ടി. വന്നതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നിലച്ചത് ഇവര്‍ക്ക് സൗകര്യമാവുകയാണ്.

മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാം കര്‍ണല്‍ ഓയിലിന് കിലോഗ്രാമിന് 57 രൂപയാണ് ഇന്ത്യയില്‍ വില. പാം ഓയിലിനേക്കാള്‍ നിലവാരം കുറഞ്ഞതാണിത്. വെളിച്ചെണ്ണയ്ക്ക് 180 രൂപയിലധികമുണ്ട്. വെളിച്ചെണ്ണയുടെ സുഗന്ധം കലര്‍ത്തിയാണ് ഇത് കേരളത്തിലേക്ക് കടത്തുന്നത്.

എണ്ണപ്പനയുടെ കുരുവിന്റെ കാമ്പില്‍നിന്ന് നിര്‍മിക്കുന്ന പാം കര്‍ണല്‍ ഓയിലിന് വെളിച്ചെണ്ണയുടെ സമാനമായ രാസഘടനയാണ്. അതിനാല്‍ സാധാരണ ലാബുകളില്‍ നടത്തുന്ന പരിശോധനയില്‍ വ്യാജനെ കണ്ടെത്തുക വിഷമം. പിടികൂടാന്‍ നിയോഗിക്കപ്പെട്ട ഭക്ഷ്യസുരക്ഷാ വകുപ്പിനാകട്ടെ വ്യാജനെ കണ്ടെത്തിയാല്‍ വില്പന തടയാനോ കേസെടുക്കാനോ നിയമവുമില്ല.


തമിഴ്‌നാട്ടില്‍ മാത്രം പാം കര്‍ണല്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്ന 13 ശാലകളുണ്ട്. മലേഷ്യയില്‍നിന്നും ഇന്തോനേഷ്യയില്‍നിന്നുമാണ് ഇവിടേയ്ക്ക് പാം കര്‍ണല്‍ ഓയില്‍ എത്തുന്നത്. ഇവിടെനിന്ന് ടാങ്കര്‍ ലോറിയിലാണ് കേരളത്തിലേക്ക് കടത്ത്. അതിര്‍ത്തി കടത്തിയശേഷം വന്‍കിട വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലെത്തിക്കുകയാണ്. ഇവിടെയാണ് പായ്ക്കുകളാക്കുന്നത്. വെളിച്ചെണ്ണയില്‍ കലര്‍ത്തിയുള്ള വില്പനയാണ് കൂടുതല്‍.


പാലക്കാട് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം വഴിയാണ് പാം കര്‍ണല്‍ ഓയിലുമായി ലോറികളെത്തുന്നത്. മുന്‍പ് ഇവിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹനങ്ങളിലെ ഉത്പന്നങ്ങള്‍ പരിശോധിച്ചിരുന്നു. ജി.എസ്.ടി. നടപ്പായതോടെ അത് മുടങ്ങി. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിലാകട്ടെ എട്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. ഹോട്ടലുകളിലെ പരിശോധനപോലും ഇവര്‍ക്ക് സാധിക്കുന്നില്ല.


വ്യാജ വെളിച്ചെണ്ണയുമായി എത്തുന്ന വാഹനം പിടികൂടിയാല്‍ത്തന്നെ ഇവയില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് അനുമതി. വാഹനം വിട്ടയയ്ക്കുകയും വേണം. വ്യാജനുണ്ടോയെന്ന് കണ്ടെത്താന്‍ സാമ്പിള്‍ സര്‍ക്കാര്‍ ലാബിലേക്കയയ്ക്കണം. ഫലം വരാന്‍ ചുരുങ്ങിയത് മൂന്ന് മാസമെടുക്കും. അപ്പോഴേക്കും ഉത്പന്നം വിറ്റഴിച്ചിട്ടുണ്ടാകും. വസ്തുവില്‍ മായമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് അധികാരം. ആര്‍.ഡി.ഒ.യാണ് നടപടിയെടുക്കുക.വിലകുറഞ്ഞ ഭക്ഷ്യ എണ്ണയാണ് പാം കര്‍ണല്‍ ഓയില്‍. വെളിച്ചെണ്ണയേക്കാള്‍ ഗുണം കുറവാണ്. ഏറെക്കാലം കേടുകൂടാതെയിരിക്കുമെന്നതും ഉയര്‍ന്ന താപനിലയിലും ഉപയോഗിക്കാമെന്നതുമാണ് പ്രത്യേകത.