ഗുജറാത്തില്‍  പെട്രോളിന്റെയും ഡീസലിന്റെയും നികുതി  കുറച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഹമ്മദാബാദ് : ഗുജറാത്ത് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു.പെട്രോള്‍ ഡീസല്‍ നികുതി നാല് ശതമാനമാണ്‌ കുറച്ചത്. പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ട ശേഷം ആദ്യം അനുകൂലമായി പ്രതികരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌.ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു.പെട്രോള്‍ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.

നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു.മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇന്ധന വില കുറച്ചതായി അറിയിച്ചത്. നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് 2,316 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനമെന്നും റൂപാനി വിശദീകരിച്ചു.

കേന്ദ്ര നിര്‍ദേശപ്രകാരം ഇന്ധനനികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളും ചരക്ക്, സേവന നികുതിയുടെ  പരിധിയില്‍ കൊണ്ടുവരണം എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. എങ്കില്‍ മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്താനെങ്കിലും തയാറാകണമെന്ന സമ്മര്‍ദമാകും ഇനി കേന്ദ്രം പ്രയോഗിക്കുക.

നിലവില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്താണ്. 23 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി. ബാക്കി 15 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ഡല്‍ഹിയില്‍ 27 ശതമാനവും കേരളത്തില്‍ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ് നികുതി ഈടാക്കുന്നത്. ഗുജറാത്തില്‍ നേരത്തേ 24 ശതമാനമായിരുന്നു വാറ്റ്.

സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാമെന്നാണു മന്ത്രി ടി.എം.തോമസ് ഐസക് പറയുന്നത്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രം നല്‍കണം. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ടു സംസ്ഥാനങ്ങളോടു കുറയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന് വലിയ വരുമാനമാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ നിന്നും ലഭിക്കുന്നത്.അതുകൊണ്ട് തന്നെ ഇത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തയ്യാറാവേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറഞ്ഞിരുന്നു.


LATEST NEWS