വ്യാജപ്രചാരണം: കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജപ്രചാരണം: കല്യാണ്‍ ജ്വല്ലറിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി
കൊച്ചി: കല്ല്യാണ്‍ ജ്വല്ലറിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കല്ല്യാണ്‍ ജ്വല്ലറി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സാമൂഹിക മാധ്യമങ്ങള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ക്കുമാണ് നോട്ടീസ് അയച്ചത്.
 
ഉടന്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം. സാമൂഹികമാധ്യമങ്ങളിലെ വ്യാജസന്ദേശം നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വീഡിയോ ഉള്‍പ്പടെയുള്ള വ്യാജ സന്ദേശങ്ങള്‍ നീക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
 
യുട്യൂബിലും ഫെയ്‌സബുക്കിലും പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ലീഗല്‍ ഹെഡ് അഡ്വ. മഹേഷ് സഹസ്രനാമന്‍ വ്യക്തമാക്കി. കുവൈത്തിലുള്ള വ്യക്തിയാണ് അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് കരുതുന്നത്.
 
അത് ബിസിനസ് രംഗത്തെ എതിരാളികളുടെ പ്രേരണമൂലമാകാം. കുവൈത്ത് സര്‍ക്കാര്‍ തങ്ങളുടെ പേരില്‍ ഇതുവരെ ഒരുനടപടിയും എടുത്തിട്ടില്ല. യുട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലെ സന്ദേശങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. യുട്യൂബ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് കാലിഫോര്‍ണിയയിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും വാദമുണ്ട്.