തന്റെ മന്ത്രിസ്ഥാനവും കേസും തമ്മില്‍ ഒരു ബന്ധവും ഇല്ല; എം.എം മണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ മന്ത്രിസ്ഥാനവും കേസും തമ്മില്‍ ഒരു ബന്ധവും ഇല്ല; എം.എം മണി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ തന്റെ വിടുതല്‍ ഹര്‍ജി തളളിയ കോടതി വിധി കൊണ്ട് തന്റെ രോമത്തിന് പോലും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ എം.എം മണി. വിധിക്കെതിരേ അടുത്ത കോടതിയെ സമീപിക്കും. കോടതി നടപടികള്‍ നിയമപരമായും അല്ലാത്തവ രാഷ്ട്രീയമായും നേരിടുമെന്നും എം.എം മണി പറഞ്ഞു. കോടതി വിധിക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.എം മണി.

ഈ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരത്തെ മുതല്‍ നേരിടുന്നതാണ്. അത് തുടരും. തന്റെ മന്ത്രിസ്ഥാനവും കേസും തമ്മില്‍ ഒരു ബന്ധവും ഇല്ല. എല്‍ഡിഎഫ് ആണ് തന്നെ മന്ത്രിയാക്കിയത്. പ്രതിപക്ഷം പറയുമ്പോള്‍ രാജിവെക്കാനിരിക്കുകയല്ല. അതിന് വെച്ച വെളളം വാങ്ങിവെച്ചാല്‍ മതിയെന്നും എം.എം മണി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കട്ടതിനും മോഷ്ടിച്ചതിനുമായിരുന്നു കേസെടുത്തതെന്നും ഇത് തന്റെ ഒരു പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് മാത്രമാണെന്നും മണി ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂടി ഉണ്ടാക്കിയ കേസാണിതെന്നും മണി ആരോപിച്ചു. കെ.കെ ജയചന്ദ്രനെക്കൂടി പ്രതി ചേര്‍ത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്നും ഒരു വിഷയമല്ലെന്നും അതിനിപ്പോ എന്താണെന്നുമായിരുന്നു എം.എം മണിയുടെ പ്രതികരണം.

കോടതി വിധി പ്രതീക്ഷിച്ചിരുന്നതാണോയെന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞാല്‍ കോടതിയില്‍ വിശ്വാസമില്ലെന്ന് പറയുന്നതിന് തുല്യമാകുമെന്ന് എം.എം മണി പറഞ്ഞു. സ്വന്തം നിലയിയില്‍ നിയമപരമായി കേസിനെ നേരിടും. കേസില്‍ അന്തിമ വിജയം തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS