തക്കാളിക്കു പിന്നാലെ ഉള്ളിവില കുതിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബൈ: തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി. ചില്ലറവിപണിയിലും അതിന്റെ പ്രതിഫലനമുണ്ടാവും.

ലാസല്‍ഗാവ് മൊത്ത വിപണിയില്‍ ശനിയാഴ്ച ക്വിന്റലിന് 2,300 രുപയ്ക്കാണ് സവാള വിറ്റത്. വ്യാഴാഴ്ച വരെ 1,200 രൂപയ്ക്കു കച്ചവടം നടന്ന സ്ഥാനത്താണിത്. ജൂലായ് ആദ്യം ക്വിന്റലിന് 500 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ക്വിന്റലിന് ശരാശരി 1,000 രൂപയായിരുന്നു വില.

രാജ്യത്ത് ഏറ്റവുധികം ഉള്ളിയുത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉത്പാദനം തീരെ കുറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചു. അതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ഉള്ളിയെയാണ് രാജ്യം ആശ്രയിക്കുന്നത്. ഇതു മുന്‍കൂട്ടിക്കണ്ട് വ്യാപാരികളും ചില കര്‍ഷകരും ഉള്ളി പൂഴ്ത്തിവെച്ചതും വിലവര്‍ധനയ്ക്ക് കാരണമായി.

മഹാരാഷ്ട്രയിലെ ചില്ലറ വിപണിയില്‍ കഴിഞ്ഞയാഴ്ച തക്കാളി വില കിലോഗ്രാമിന് 120 രൂപ വരെയെത്തിയിരുന്നു. ലാസല്‍ഗാവിലെ ചന്തയില്‍ ഈ വര്‍ഷമാദ്യം ഒരു കിലോ തക്കാളിക്ക് രണ്ടുരൂപ പോലും കിട്ടിയിരുന്നില്ല. കയറ്റുമതി കുറഞ്ഞതും നോട്ടു നിരോധനത്താല്‍ ക്രയവിക്രയം നിലച്ചതുമാണ് കര്‍ഷകര്‍ക്ക് ദുരിതമായത്. 


LATEST NEWS