നിപ്പ ഭീതിയില്‍ തകര്‍ന്നടിഞ്ഞ പഴം-പച്ചക്കറി വിപണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പ ഭീതിയില്‍ തകര്‍ന്നടിഞ്ഞ പഴം-പച്ചക്കറി വിപണി
കൊച്ചി: നിപ്പ ഭീതിയില്‍ തകര്‍ന്നടിഞ്ഞത് ആരോഗ്യ രംഗം മാത്രമല്ല.പഴം-പച്ചക്കറി വിപണിയില്‍ വന്‍ നഷ്ടം നേരിട്ടതായി വ്യാപാരികള്‍. 10,000 കോടിയിലേറെ രൂപ നഷ്ടമുണ്ടായെന്നു വ്യാപാരികളുടെ കണക്കുകള്‍ സൂചിപിക്കുന്നു.പ്രതിദിനം കേരളത്തിൽ 2,000 കോടിയുടെ ബിസിനസാണു നടന്നിരുന്നത്. ഇത് 1,000 കോടിക്കു താഴെയായി.
 
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 25 ശതമാനം പോലും കച്ചവടം ഈ ദിവസങ്ങളിൽ നടന്നില്ല.പ്രതിദിനം 200 ലോഡ് പഴങ്ങൾ കേരളത്തിലെത്തിച്ചിരുന്നത് 100 ലോഡാക്കി കുറച്ചു. ചില ദിവസങ്ങളിൽ 75 ലോഡ് പഴങ്ങൾ മാത്രമാണു കേരളത്തിലേക്കു വന്നത്. റമസാൻ വിപണിയിൽ പ്രതിദിനം 4,000 കോടിയുടെ വരെ കച്ചവടം പ്രതീക്ഷിച്ചപ്പോഴാണു നിപ്പ ഭീതിയെത്തുടർന്ന് 1,000 കോടിക്കും താഴെയെത്തിയത്.
 
ആന്ധ്ര, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണു കേരളത്തിലേക്കു പഴങ്ങളെത്തുന്നത്. ആപ്പിൾ ഷിംലയിൽ നിന്നും കശ്മീരിൽ നിന്നുമെത്തുന്നു.നിപ്പ ഭീതി ഏറ്റവും ബാധിച്ചതു ചില്ലറ പഴവ്യാപാരികളെയാണ്.പനിപ്പേടിയെ തുടർന്നുള്ള 10 ദിവസങ്ങളിൽ ഇവരിൽ പലർക്കും തൊഴിലില്ലാത്ത സാഹചര്യമുണ്ടായി. ആരും വാങ്ങാനില്ലാതെ പഴങ്ങൾ നശിച്ചു.
 
മൊത്തവ്യാപാരികളെക്കാൾ നഷ്ടമുണ്ടായതു ചില്ലറവ്യാപാരികൾക്കാണെന്ന് ഓൾ കേരള ഫ്രൂട്ട് മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. കേരളത്തിലേക്കു പഴമെത്തിക്കുന്ന കൃഷിക്കാർക്കും വൻനഷ്ടമുണ്ടായി.എന്നാൽ, പേടി കുറഞ്ഞതോടെ പഴവിപണി വീണ്ടും സജീവമായിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ വ്യാജപ്രചാരണങ്ങളാണു പത്തുദിവസം പഴവിപണിയെ ബാധിച്ചതെന്നു പ്രസിഡന്റ് പി.വി. ഹംസ പറഞ്ഞു.
 
കേരളത്തിൽ വിൽപന നടത്തുന്ന പഴങ്ങളിൽ 95 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണെന്നും അതിനാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇപ്പോൾ 180 ലോഡ് വരെ പഴങ്ങൾ ദിവസവും സംസ്ഥാനത്തെത്തുന്നുണ്ട്.